TopTop
Begin typing your search above and press return to search.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഷെല്‍ട്ടര്‍ ഒരുക്കിയതില്‍ 68 ശതമാനവും കേരളത്തിലെന്ന് കേന്ദ്രം; കൈയൊഴിഞ്ഞ് മറ്റ് സംസ്ഥാനങ്ങള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഷെല്‍ട്ടര്‍ ഒരുക്കിയതില്‍ 68 ശതമാനവും കേരളത്തിലെന്ന് കേന്ദ്രം; കൈയൊഴിഞ്ഞ് മറ്റ് സംസ്ഥാനങ്ങള്‍

കൊറോണ വൈറസ് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെയും മറ്റും പാര്‍പ്പിക്കാനായി രൂപം കൊടുത്ത ഷെല്‍ട്ടറുകളില്‍ 68.8 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

ഈ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ആകെ 22,567 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ഇതില്‍ 15,541 എണ്ണം കേരള സര്‍ക്കാര്‍ നടത്തുന്നവയാണ്. രാജ്യത്താകെ ഇത്തരം ക്യാംപുകളില്‍ കഴിയുന്ന 6,31,119 ആളുകളുടെ 47.9 ശതമാനമായ 3,02,016 പേരും കേരള സര്‍ക്കാര്‍ ഒരുക്കിയ ക്യാംപുകളില്‍ കഴിയുന്നവരാണെന്നുമാണ് കേന്ദ്രം പരമോന്നത കോടതിയെ അറിയിച്ചിരിക്കുന്നത്.

കേരളത്തിന് പിറകിലുള്ളത് ഉത്തര്‍ പ്രദേശാണ്. എന്നാല്‍, അവിടെ 2,230 ക്യാംപുകള്‍ മാത്രമാണ് നടത്തുന്നത്. 1135 ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച മഹാരാഷ്ടയാണ് മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം, ഇവിടെ 3397 റിലീഫ് ക്യംപുകള്‍ വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്നുണ്ട്. സന്നദ്ധ സംഘടനകള്‍ ഏറ്റവും കൂടുതല്‍ റിലീഫ് ക്യാംപുകള്‍ നടത്തുന്നത് മഹാരാഷ്ടയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ തലത്തില്‍ 85 ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച പഞ്ചാബിലാണ് സന്നദ്ധ സംഘടനകള്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ റിലീഫ് ക്യാംപുകള്‍ നടത്തുന്നത്. 140 ക്യാംപുകളാണ് ഇവിടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങള്‍ അടക്കം കേന്ദ്രം നല്‍കിയ 33 സംസ്ഥാനങ്ങളുടെ പട്ടിക തിരിച്ചുള്ള കണക്കില്‍ കേരളം, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര ഒഴികെ ബാക്കി 28 ഇടങ്ങളിലും 400-ല്‍ താഴെ ഷെല്‍ട്ടറുകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. ഝാര്‍ഖണ്ഡില്‍ 778-ഉം ഛത്തീസ്ഗഡില്‍ 357 ഷെല്‍ട്ടറുകളും സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നുണ്ട്.

സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഈ കണക്ക് പ്രകാരം കേരള സര്‍ക്കാര്‍ ഇടപെട്ട് 15,541 ക്യാംപുകള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, കേരളത്തിന്റെ പ്രത്യേകത, ഈ ക്യംപുകള്‍ കൂടാതെ, തൊഴിലാളികള്‍ അവര്‍ മുന്‍പ് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ തുടര്‍ന്നും താമസിക്കുന്നുണ്ട്, ഒപ്പം അവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ളവ എത്തിച്ച് കൊടുക്കുന്നുമുണ്ട് എന്നതാണ്. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുന്നുണ്ടെങ്കില്‍ തന്നെ ബഹുജന സംഘടനകളും പഞ്ചായത്തുകളും ഇടപ്പെട്ട് ഉടനെ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. പക്ഷേ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അങ്ങനെ അല്ല എന്നും ഇവിടെ നിന്നൊക്കെ തങ്ങള്‍ക്ക് നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു.

"മഹാരാഷ്ട്രയിലും മറ്റും കേരളത്തില്‍ നിന്നും പോയ തൊഴിലാളികളോട് അവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും ആളുകളും എടുക്കുന്ന സമീപനം തീരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലല്ല എന്ന റിപ്പോര്‍ട്ടാണ് ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കേരളത്തിലുള്ള തൊഴിലാളികള്‍ വലിയ രീതിയില്‍ അസം, ഒഡീഷ, ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ ഇവിടെ നിന്നൊക്കെ വരുന്നവരാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നൊക്കെ എല്ലാ ദിവസവും തങ്ങള്‍ക്ക് വിളികള്‍ വരുന്നുണ്ടെ"ന്നും വിജു കൃഷ്ണന്‍ പറഞ്ഞു. "എന്ത് വിഷയം ഉണ്ടെങ്കിലും ഉടനെ ഇടപെടാന്‍ ഒരു കമ്മ്യൂണിറ്റി സപ്പോര്‍ട്ട് സിസ്റ്റം കേരളത്തിലുണ്ട്. ഇടത് ബഹുജന സംഘടനകള്‍ മാത്രമല്ല, മറ്റു സംഘടനകളുമുണ്ട്. ഇതിന് തയ്യാറായി നില്‍ക്കുന്ന ഒരു കമ്മ്യൂണിറ്റി സപ്പോര്‍ട്ട് സിസ്റ്റമുണ്ട്. പക്ഷെ, മറ്റു സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. ഇപ്പോള്‍ ഡല്‍ഹിയുടെ ഒരു ഉദാഹരണം എടുത്താല്‍ ചില എന്‍ജിഒകളും സി.ഐ.ടി.യു, മഹിളാ സമിതി, ഡി.വൈ.എഫ്.ഐ എന്നിവരുടെ പ്രവര്‍ത്തകര്‍ ഭക്ഷണവും മറ്റും എത്തിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത് വളരെ കുറവാണ്. നമ്മള്‍ എല്ലാവരും കണ്ടതാണ് ഡല്‍ഹിയില്‍ നിന്ന് പലായനം ചെയ്ത് തിരിച്ച് പോകുന്ന ആളുകളെ, മറ്റു സംസ്ഥാനങ്ങളിലും കര്‍ഷക സംഘവും കര്‍ഷക തൊഴിലാളി യൂണിയനും സി.ഐ.ടിയുവും ചേര്‍ന്ന് കൊണ്ട് കമ്മ്യൂണിറ്റി കിച്ചണുകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍, പച്ചക്കറികളും മറ്റും അടങ്ങിയ ഭക്ഷണ കിറ്റുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള നല്ല ഒരു സാഹചര്യം ഒരുക്കുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ നിരാശാജനകമായ പരാജയമാണ്.

മഹാരാഷ്ട്രയുടെ സ്ഥിതി എടുത്താല്‍, സന്നദ്ധ സംഘടനകള്‍ എല്ലാം സജ്ജീകരിച്ചിരിക്കുന്നു എന്ന രീതിയാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ വന്‍ പരാജയമാണ്. മറ്റു സംസ്ഥാനങ്ങളില്‍ താമസസൗകര്യങ്ങള്‍ വലിയ പ്രശ്‌നമാണ്. ഇതുവരെ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്ന് തന്നെ അവര്‍ക്ക് ഒഴിയേണ്ട സാഹചര്യമാണ്. അതാണ് ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും കാണാന്‍ കഴിയുന്നത്. താമസിക്കാന്‍ സൗകര്യമില്ല, ഫിസിക്കല്‍ ഡിസ്റ്റന്‍സ് മെയ്‌ന്റെയിന്‍ ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അത് തീരെ പ്രായോഗികമല്ലാത്ത രീതിയിലാണ് ഇന്നത്തെ താമസ സൗകര്യങ്ങള്‍.

കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് കണ്ടുകൊണ്ട് കേരളം ആദ്യ മുതലേ നടപടികള്‍ എടുത്തു തുടങ്ങി. എന്നാല്‍, ആ രീതിയിലല്ല മറ്റു സംസ്ഥാനങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന മറ്റൊരു കാര്യം, ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള പൈലറ്റുമാരും എയര്‍ ഹോസ്റ്റസുമാരും ഒക്കെ താമസിക്കുന്ന സ്ഥലങ്ങളിലെ റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷനും മറ്റും അവര്‍ക്കെതിരെ നിലകൊള്ളുന്നുണ്ട് എന്നതാണ് അവര്‍ അവിടെ നിന്ന് താമസം മാറണം എന്ന് ആവശ്യപ്പെടുകയും അവരെ ഒഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. കേരളത്തില്‍ ആ രീതിയിലുള്ള ഒരു സ്ഥിതിയില്ല.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് പലായനം ചെയ്തവരില്‍ വലിയ ഒരു വിഭാഗം കര്‍ഷക കുടുംബങ്ങളില്‍ നിന്ന് വരുന്ന ആളുകളാണ്. പഞ്ഞ കാലത്ത് വരുമാനം ആകട്ടെ എന്ന് കരുതി പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളുമൊക്കെ വില്‍ക്കുന്നവര്‍, ചെറുകിട കച്ചവടങ്ങള്‍, റിക്ഷ ഓടിക്കുന്നവരും മറ്റും, ഇവരൊക്കെ ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നൊക്കെ വന്നവരായിരുന്നു. ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാരില്‍ വലിയ വിഭാഗം ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നും ഭേത്ഥിയ, ചമ്പാരണ്‍ മേഖലകളില്‍ നിന്നും വരുന്ന ആളുകളാണ്. രാജ്യതലസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരില്‍ നല്ലൊരു പങ്കും ഉത്തര്‍ പ്രദേശിലെ മെയിന്‍പുരി, ഇഠാവാ, ബിഹാറിലെ ഛപ്ര, സിവാന്‍ ഇവിടെ നിന്നൊക്കെ വരുന്ന ആളുകളാണ്. ഇവരില്‍ മിക്ക ആളുകളോടും സംസാരിച്ചാല്‍ അവര്‍ കൃഷി വിളവെടുപ്പ് സമയത്ത് നാട്ടിലേക്ക് തിരിച്ച് പോകുന്ന ആളുകളാണെന്നാണ് മനസ്സിലായത്. ഇടക്ക് കുറച്ച് കാലത്തേക്ക് മാത്രമാണ് അവര്‍ ഇവിടെ വന്ന് തൊഴില്‍ എടുക്കുന്നത്. അവര്‍ക്ക് ഇവിടെ ഒരു സ്വന്തമായ വീടോ ഒന്നുമില്ല. കൂടുതല്‍ പേരും ചേരികളിലാണ് താമസിക്കുന്നത്. ഇത്തരം ആളുകളെ തീരെ കണക്കിലെടുക്കാതെ ഒരു മുന്‍കരുതലും ഇല്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവര്‍ തിരിച്ച് പോയ സ്ഥലത്തൊന്നും ശരിയായ രീതിയില്‍ കോവിഡ്-19 ടെസ്റ്റുകളും നടക്കുന്നില്ല. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ഒരൊറ്റ കോവിഡ്-19 കേസും റിപ്പോര്‍ട്ട് ചെയ്യാത്തത് അവിടെ ടെസ്റ്റുകള്‍ നടക്കാത്തത് കൊണ്ടാണ്. ഇവിടുത്തെയൊക്കെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ പോലും ഇല്ല. ടെസ്റ്റ് നടന്നാല്‍ മാത്രമേ കൊറോണ ബാധിച്ചിട്ടുണ്ടൊ എന്നറിയൂ", വിജൂ കൃഷ്ണന്‍ പറയുന്നു.

രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കര്‍ഷക സംഘടനകള്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് കൊടുക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഒരു സംഘടനയ്ക്കും ചെയ്യാന്‍ കഴിയില്ല. സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തില്‍ എടുത്തു കൊണ്ട് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഇക്കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ആ ഒരു സമീപനം ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories