TopTop
Begin typing your search above and press return to search.

'തുളച്ചു കയറുന്ന ശബ്ദമായിരുന്നു അയാളുടേത്'- 'അരക്കിറുക്കനായ' ഗോഡ്സെയുടെ 'ആക്രമണോത്സുക' പ്രസംഗങ്ങളെ കുറിച്ച് പൂനെയിലെ 93 കാരനായ ആര്‍എസ്എസ് അംഗത്തിന്റെ വെളിപ്പെടുത്തല്‍-ഭാഗം 6

1942ല്‍ പൂനെയില്‍ സംഘടിപ്പിക്കപ്പെട്ട ഹിന്ദു രാഷ്ട്ര ദളിന്റെ സ്ഥാപക ക്യാമ്പിന്റെ പ്രധാന സംഘാടകര്‍ സവര്‍ക്കറുടെ ഈ രണ്ട് ശിഷ്യന്മാരായിരുന്നു. 1948 മാര്‍ച്ചിലെ ഗോഡ്‌സെയുടെ മൊഴി പ്രകാരം, മൊത്തം '160 സ്വയംസേവകരും അനുഭാവികളും,' ഹിന്ദുരാഷ്ട്ര ദള്‍ ക്യാമ്പില്‍ പങ്കെടുത്തു. 'ശ്രീ കാശിനാഥ് ലിമയെ പ്രാന്ത പ്രമുഖ് (സംസ്ഥാന അദ്ധ്യക്ഷന്‍) ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.' ഈ സമയത്ത് മഹാരാഷ്ട്ര സംസ്ഥാന ആര്‍എസ്എസിന്റെ സംഘചാലകായി ലിമയെ തുടരുന്നുണ്ടായിരുന്നു. 1934 മുതല്‍ 1965 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.

ഒരു പരസ്യ സംഘടനയ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കാത്ത രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി രൂപകരിക്കപ്പെട്ട ഒരു സംഘടനയെന്ന് വിശേഷിപ്പിക്കപ്പെട്ട ഹിന്ദുരാഷ്ട്ര ദളിന്റെ രൂപീകരണവുമായി ആര്‍എസ്എസിന് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും അല്ലാതെ സവര്‍ക്കറുടെ തീവ്രാനുയായികള്‍ അടങ്ങിയ ഹിന്ദു മഹാസഭയുടെ ശാഖയായിരുന്നില്ല ഹിന്ദുരാഷ്ട്ര ദളെന്നും ഇത് വ്യക്തമാക്കുന്നു.

ഹിന്ദുരാഷ്ട്ര ദളുമായി ഉണ്ടായിരുന്ന ഈ ബന്ധത്തിന്റെ അസ്വസ്ഥജനകമായ പരിണാമത്തെ കുറിച്ച് ആര്‍എസ്എസിന് ബോധ്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ലിമയെ ജീവിച്ചിരിക്കുന്നിടത്തോളം നിശബ്ദരായി ഇരിക്കുക എന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് സാധിക്കുമായിരുന്നില്ല എന്നും വേണം അനുമാനിക്കാന്‍. എന്നാല്‍, 1980ല്‍ ലിമയെ അന്തരിച്ചതിന് ശേഷം, കുറാന് നേരത്തെ ലഭിച്ചത് പോലെ അത്രയും പ്രാധാന്യത്തോടെ ആര്‍എസ്എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്തേക്ക് രണ്ട് അമേരിക്കന്‍ ഗവേഷകരായ വാള്‍ട്ടര്‍ കെ ആന്‍ഡേഴ്‌സണിനും ശ്രീധര്‍ ഡി ഡാംലെയ്ക്കും പ്രവേശനം ലഭിക്കുകയും, 1987ല്‍ അവര്‍ എഴുതിയ 'ദ ബ്രദര്‍ഹുഡ് ഓഫ് സാഫ്രണ്‍: ദ രാഷ്ട്രീയ സ്വയംസേവക് സംഘ് ആന്റ് ഹിന്ദു റിവൈവലിസം,' എന്ന പുസ്തകത്തില്‍ ലിമയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഗോള്‍വല്‍ക്കറുമായുള്ള അഭിപ്രായ വ്യത്യാസം മൂലം ലിമയെ 1943ല്‍ ആര്‍എസ്എസില്‍ നിന്നും രാജിവെക്കുകയും രണ്ട് വര്‍ഷം പുറത്ത് പ്രവര്‍ത്തിക്കുകയും 1945ല്‍ തിരികെ പ്രവേശിച്ച് ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തുവെന്ന് ഭാഗികമായി, പ്രധാന ഉള്ളടക്കത്തിലും ഒരു അടിക്കുറിപ്പിലുമായി, പ്രത്യേകിച്ച് ഒരു സൂചനയുമില്ലാതെ പുസ്തകം അവകാശപ്പെടുന്നു.


ഗാന്ധിയുടെ വധത്തിന് മുമ്പ് ആര്‍എസ്എസും ലിമയെയും തമ്മില്‍ എന്തെങ്കിലും പിണക്കമുണ്ടായിരുന്നു എന്ന സിദ്ധാന്തം ചരിത്രരേഖകള്‍ നിരാകരിക്കുന്നു. സാംഗ്ലിയിലെ അധികാരിയുമായുള്ള 1944ലെ കൂടിക്കാഴ്ചയില്‍ ആര്‍എസ്എസിനെ പ്രതിനിധീകരിച്ചത് ലിമയെയാണെന്ന് ഒരു മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നാര്‍ഹരി എന്‍ കിര്‍കിരെ, തന്റെ ഓര്‍മ്മക്കുറിപ്പായ 'സാംഗ്ലി ചെ ദിവസ് (1937-1945)' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ സംഭവം നേരിട്ടു കണ്ടുവെന്ന് അവകാശപ്പെടുന്ന കിര്‍കിരെ, തന്നെ ആര്‍എസ്എസ് സ്വയംസേവകനാക്കിയതിന്റെ നന്ദി ലിമയെയ്ക്ക് രേഖപ്പെടുത്തുന്നു. 1943 മുതല്‍ 1945 വരെ ലിമയെ ആര്‍എസ്എസിന് പുറത്തായിരുന്നെങ്കില്‍ 1944ല്‍ അയാളൊരിക്കലും സംഘടനയെ പ്രതിനിധീകരിക്കില്ലായിരുന്നു.

ഹിന്ദുരാഷ്ട്ര ദളിന്റെ യോഗങ്ങളില്‍ പരസ്യമായി പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ലിമയെയും ഗോഡ്‌സെയും മാത്രമല്ല എന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഹിന്ദുരാഷ്ട്ര ദള്‍ രൂപീകരിച്ചപ്പോള്‍ 'നിരവധി സ്വയംസേവകരുടെ' സാന്നിധ്യമുണ്ടായിരുന്നുവെന്ന് ആന്‍ഡേഴ്‌സണും ഡാംലെയും സമ്മതിക്കുന്നുണ്ട്. 1943ല്‍ അഹമ്മദ്‌നഗറില്‍ സംഘടിപ്പിക്കപ്പെട്ട ഹിന്ദുരാഷ്ട്ര ദളിന്റെ രണ്ടാം വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവര്‍ക്കായി അച്ചടിച്ചിറക്കിയ ഉപദേശകസ്വഭാവമുള്ള നോട്ടീസില്‍, 'രാഷ്ട്രീയ സ്വയം സേവകസംഘിന്റെ പ്രാന്ത സംഘചാലക് കെബി ലിമയെ ക്യാമ്പില്‍ രണ്ട് മുന്ന് ദിവസം തങ്ങുമെന്നും അതുകൊണ്ട്, അദ്ദേഹത്തിന്റെ അമൂല്യമായ ചിന്തകള്‍ ശ്രവിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകുമെന്നും,' പറയുന്നു. ഗോഡ്‌സെയും ആപ്‌തെയും ഒരു ഹിന്ദു മഹാസഭാ നേതാവായ ജി എം നലവാദെയും ചേര്‍ന്ന് ഇറക്കിയ ഈ നോട്ടീസില്‍, പ്രത്യയശാസ്ത്ര ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ആറ് പ്രഭാഷകരുടെ പേരും പറയുന്നുണ്ട്. ഇവരില്‍ പിജി സഹസ്രബുദ്ധെ, ഡിവി ഗോഖലെ എന്നീ രണ്ടു പേരെങ്കിലും പൂനെയിലെ പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. സഹസ്രബുദ്ധെ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര വിഭാഗത്തിന്റെ ഭാഗമായിരുന്നപ്പോള്‍, ഗോഖലെ ഒരു ആര്‍എസ്എസ് പ്രചാരകനായിരുന്നു.


രണ്ടാം ലോക മഹായുദ്ധകാലത്ത് യൂണിഫോമും കായികാഭ്യാസങ്ങളും ബ്രിട്ടീഷ് പ്രവിശ്യകളില്‍ സര്‍ക്കാര്‍ നിരോധിച്ചതിനാല്‍, ഹിന്ദു രാജാക്കന്മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സംഘം. അതുകൊണ്ടുതന്നെ സാംഗ്ലി നാട്ടുരാജ്യത്തില്‍ നിന്നും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലിമയെ അക്കാലത്ത് സംഘത്തിന് വളരെ ഉപയോഗപ്രദമായ വ്യക്തിയായിരുന്നു. 'തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയിലെ അധികാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നടപടികള്‍ ഒഴിവാക്കാനുള്ള അതിന്റെ ആകാംഷയില്‍, രാഷ്ട്രീയ സ്വയംസേവകസംഘം ഹിന്ദു സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ഇറങ്ങിച്ചെല്ലാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. അവിടെ തങ്ങളുടെ സംഘടനയെ കൂടുതല്‍ പൂര്‍ണതയില്‍ എത്തിക്കാമെന്നും പരിശീലനം തടസമില്ലാതെ നടത്താമെന്നും അത് പ്രതീക്ഷിക്കുന്നു,' എന്ന് 1943 ജൂണിലെ രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് പറയുന്നു. പ്രകടനങ്ങളും ക്യാമ്പുകളും നിയന്ത്രിക്കുന്നതിന് പ്രവിശ്യാ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ച 1944 സെപ്തംബറിന് ശേഷം ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തീവ്രമായിരിക്കാനാണ് സാധ്യത.

ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ 1940ല്‍ തന്നെ ആര്‍എസ്എസിന് ശക്തമായ അടിത്തറയുണ്ടായിരുന്ന നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു സാംഗ്ലി. പ്രാഥമികമായും ലിമയെയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഇത്. 1943ല്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കാന്‍ നാട്ടുരാജ്യങ്ങളായ സാംഗ്ലിയിലെയും കോലാപൂരിലെയും അധികാരികള്‍ ഗോള്‍വല്‍ക്കറിന് അനുമതി നല്‍കിയതിന് പിന്നിലെ കാരണവും ഇതാവാം. 1940ലെയും 1944ലെയും നിയന്ത്രണ ഉത്തരവുകള്‍ക്കൊപ്പം ഇന്ത്യ പ്രതിരോധ ചട്ടങ്ങളും 1946 സെപ്തംബറില്‍ പിന്‍വലിക്കുന്നത് വരെ കോലാപൂര്‍, ഇചാല്‍കരാന്‍ജി, ജാംഖണ്ഡി, കുരുണ്ട്വാഡ്, ബുധ്ഗാവ്, ഔന്ധ്, ഫാല്‍ട്ടണ്‍, ബോര്‍, അക്കാല്‍കോട്ട് തുടങ്ങിയ സമീപസ്ത നാട്ടുരാജ്യങ്ങളിലെ സംഘപ്രവര്‍ത്തനങ്ങളുടെ വികാസത്തിന് സാംഗ്ലി മേല്‍നോട്ടം വഹിച്ചു.


ലിമയെയ്ക്ക് ആര്‍എസ്എസിലുള്ള കേന്ദ്ര സ്ഥാനം കണക്കിലെടുക്കുമ്പോള്‍, 1943 മുതല്‍ 1945 വരെയുള്ള നിര്‍ണായക വര്‍ഷങ്ങളില്‍ സംഘടനയിലുള്ള അയാളുടെ അസാന്നിധ്യം ശരിയായിരുന്നെങ്കില്‍ അത് ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നില്ല. ഹെഡ്‌ഗെവാറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 1932 മുതല്‍ മഹാരാഷ്ട്രയില്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയുടെ കുന്തമുനയായി വര്‍ത്തിച്ചത് ലിമയെ ആയിരുന്നു. അതുകൊണ്ടുതന്നെ കുറാന്റെത് പോലെ തന്നെ ആന്‍ഡേഴ്‌സണിന്റെയും ഡാംലെയുടെയും അവകാശവാദങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു.

ഹിന്ദുരാഷ്ട്ര ദളിന്റെ രൂപീകരണത്തോടെ പൂനെയിലെ ഹിന്ദുത്വ വിശ്വാസികള്‍ക്കിടയില്‍ ഗോഡ്‌സെയുടെ പ്രശസ്തി പെട്ടെന്ന് വര്‍ദ്ധിച്ചു. അതോടൊപ്പം ഹിന്ദു മഹാസഭയിലും അയാളുടെ പ്രാധാന്യം വര്‍ദ്ധിച്ചു. മഹാസഭയിലെ ഒരു സുപ്രധാന ആഭ്യന്തര സംവാദത്തില്‍ ഗോഡ്‌സെയ്ക്ക് ഉണ്ടായിരുന്ന നിര്‍ണായക പങ്ക് ഇതിന്റെ പ്രതിഫലനമാണ്.

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രേഖപ്പെടുത്തുന്നത് ഇങ്ങനെ: ലോകത്തെ മാറ്റിമറിച്ച 1914-1948 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ക്വിറ്റ് ഇന്ത്യ പ്രമേയം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പാസാക്കുകയും 1942 ഓഗസ്റ്റ് ഒമ്പതിന് ഗാന്ധിയും നെഹ്രുവും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റുകള്‍ ഇന്ത്യയിലെമ്പാടും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ബംഗാളില്‍ പ്രതിഷേധങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് 'മൊത്തം ഹിന്ദു സമൂഹവും ഗാന്ധിജിയോടും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടുമൊപ്പമാണ്. ആര്‍ക്കെങ്കിലും അതിനെ ചെറുക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും പൊതുപ്രവര്‍ത്തനത്തില്‍ നിന്നും ആട്ടിയോടിക്കുകയും ചെയ്യണം,' എന്ന് ഹിന്ദു മഹാസഭ നേതാവ് എന്‍സി ചാറ്റര്‍ജി ബിഎസ് മൂഞ്ചൈയ്ക്ക് എഴുതിയ ഒരു കത്തില്‍ വ്യക്തമാക്കി.


ഓഗസ്റ്റ് 31ന്, ഇന്ത്യയ്ക്ക് ഉടനടി സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്നും താല്‍ക്കാലിക ദേശീയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തക സമിതി പാസാക്കി. 'ഇന്ത്യയുടെ ദേശീയ അഭിലാഷങ്ങളോട് ക്രൂരമായ അലംഭാവം തുടരുന്ന അതിന്റെ നയത്തില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യവും ദേശീയ സര്‍ക്കാരിന്റെ രൂപീകരണവും അംഗീകരിക്കുക എന്ന ഈ ആവശ്യത്തോട് പ്രതികരിക്കുകയും ചെയ്തില്ലെങ്കില്‍ അതിന്റെ നിലവിലുള്ള പരിപാടികള്‍ നവീകരിക്കുകയും ഇനിയും അടിച്ചമര്‍ത്താന്‍ സാധിക്കാത്ത വിധത്തില്‍ ഇന്ത്യ ഒരു സ്വാഭിമാനമുള്ള രാജ്യമാണെന്ന് ബ്രിട്ടണെയും അതിന്റെ സഖ്യകക്ഷികളെയും അറിയിക്കുന്നതിനുള്ള വഴികളും ഉപാധികളും ആസൂത്രണം ചെയ്യുകയും ചെയ്യുകയല്ലാതെ ഹിന്ദു മഹാസഭയുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും നിലനില്‍ക്കുന്നില്ല,' എന്ന് പ്രമേയത്തില്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണെങ്കില്‍ ഹിന്ദു മഹാസഭ 'പൊതു നിയമലംഘനങ്ങള്‍' ആരംഭിക്കുമെന്നും 'നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്' മുന്നിട്ടിറങ്ങുമെന്നും ശ്യാമ പ്രസാദ് മുഖര്‍ജി ഊന്നിപറയുകയും ചെയ്തു.

എന്നാല്‍, ആര്‍എസ്എസുമായി അയാള്‍ക്ക് നിലനില്‍ക്കുന്ന ബന്ധം മൂലമാകാം, ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള സഹകരണം എന്ന പഴയ നയം ഉപേക്ഷിക്കാനുള്ള ബംഗാള്‍ ഘടകത്തിന്റെ ശ്രമങ്ങളോട് ഗോഡ്‌സെയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. മഹാസഭയുടെ ബോംബെ ആസ്ഥാനമായുള്ള ചില പ്രവര്‍ത്തക സമിതി അംഗങ്ങളോടൊപ്പം യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ട്, ആര്‍എസ്എസ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ വീക്ഷിച്ചിരുന്നത് പോലെ 'അടിത്തട്ട് കാണാത്ത കുഴിയില്‍ അകപ്പെടുന്ന' തരത്തില്‍ സാഹസം കാണിക്കുന്നതിന് പകരം പഴയ നയത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിനായി പാര്‍ട്ടിയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി. ഗോള്‍വാര്‍ക്കറിനെ കുറിച്ച് ബിഎന്‍ ഭാര്‍ഗ്ഗവ എഴുതിയ ജീവിചരിത്രത്തില്‍ പറയുന്നത് പോലെ, 'ജനങ്ങളെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട സമയമാണെന്നും അല്ലാതെ ജയില്‍ പോവുകയും വര്‍ഷങ്ങളോളും പ്രവര്‍ത്തനരഹിതമായി തുടരുകയും ചെയ്യേണ്ട സമയമല്ലെന്നും,' സംഘടന കരുതിയതിനാല്‍ സര്‍ക്കാരുമായുള്ള എല്ലാ തരത്തിലുള്ള ഏറ്റുമുട്ടലില്‍ നിന്നും ആര്‍എസ്എസ് ഒഴിഞ്ഞു നിന്നു. തുടര്‍ന്ന് ആ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തക സമിതി മറ്റൊരു പ്രമേയം പാസാക്കി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനെ പിന്തുണയ്ക്കാനുള്ള അതിന്റെ ഓഗസ്റ്റ് 31ലെ തിരുമാനത്തില്‍ നിന്നും പിന്‍വലിയുന്ന ഈ പ്രമേയം ഗോഡ്‌സെയുടെ നിലപാട് പ്രതിഫലിപ്പിക്കുന്നതാണ്.


1945ലെ വേനല്‍ക്കാലത്ത്, തന്റെ മകള്‍ പ്രഭാതിന്റെ വിവാഹത്തിനായി സവര്‍ക്കര്‍ പൂനെയിലെത്തിയപ്പോള്‍ ഗോഡ്‌സെ അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചു. സവര്‍ക്കര്‍ കുടുംബത്തിന്റെ അകത്തളങ്ങളില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഗോഡ്‌സെയെയാണ് നഗരത്തിലെ ഹിന്ദു മഹാസഭയുടെ പ്രമുഖ നേതാവായ ശാന്തിഭായ് ഗോഖലെ കാണുന്നത്. ഈ സമയത്ത്, വിവാഹം ഏറ്റവും ലളിതമായി നടത്താനുള്ള സവര്‍ക്കറുടെ തീരുമാനത്തിനും വിവാഹം ഒരു വലിയ ആഘോഷമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ ഭാര്യ യമുനാഭായിയുടെ ആഗ്രഹത്തിനും ഇടയിലുള്ള ഒരു മധ്യമാര്‍ഗ്ഗം കണ്ടെത്താന്‍ പരിശ്രമിക്കുകയായിരുന്നു ഗോഖലെ. എല്ലാ കാര്യങ്ങളും താന്‍ 500 രൂപയില്‍ ഒതുക്കിക്കൊള്ളാം എന്ന് അവര്‍ സവര്‍ക്കറിന് ഉറപ്പുകൊടുത്തു. 'തത്യ അപ്പോള്‍ നാഥുറാമിനെ വിളിക്കുകയും 500 രൂപ ശാന്താഭായിക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു,' എന്ന് എക് ജുന്‍ജാര്‍ സ്ത്രീ എന്ന പുസ്തകത്തില്‍ വസുധ പരഞ്ച്‌പെ എഴുതുന്നു. 'പണം നല്‍കുമ്പോള്‍ എപ്പോള്‍ കണക്കിന്റെ വിശദാംശങ്ങള്‍ ബോധിപ്പിക്കുമെന്ന് ശാന്താഭായിയോട് നാഥുറാം ആരാഞ്ഞു. എട്ടു ദിവസത്തിനുള്ളില്‍ എന്ന് ഉത്തരം നല്‍കി അവര്‍ പണം വാങ്ങി പുറത്തുവന്നു.'

ഈ സമയമായപ്പോഴേക്കും ആക്രമണോത്സുകമായ പ്രസംഗങ്ങളിലൂടെ വിലക്ഷണ ആക്രമണങ്ങള്‍ നടത്തുന്ന സമര്‍പ്പിത രാഷ്ട്രീയ നേതാവായി ഗോഡ്‌സെ മാറിക്കഴിഞ്ഞിരുന്നു. 'അയാളുടെ പ്രസംഗത്തിലെ വസ്തുതകള്‍ മിക്കപ്പോഴും തെറ്റും, അയാളുടെ അഭിപ്രായങ്ങള്‍ സാധാരണഗതിയില്‍ വൈരുദ്ധ്യങ്ങളും ആക്രമണോത്സുകമായ രീതിയിലുള്ള ഉപദേശങ്ങള്‍ നിറഞ്ഞതും സമീപനം നാടകീയവുമായിരുന്നു,' എന്ന് 1941 മുതല്‍ പൂനെയില്‍ താമസിക്കുന്ന 93 വയസുള്ള ആര്‍എസ്എസ് അംഗം ശ്രീനിവാസ് ഡി ആചാര്യ എന്നോട് പറഞ്ഞു. ഒരു യുവ സ്വയംസേവകന്‍ എന്ന നിലയില്‍, 1940കളിലെ നിരവധി ഗോഡ്‌സെ പ്രസംഗങ്ങള്‍ ആചാര്യ കേട്ടിട്ടുണ്ട്. 'തുളച്ചു കയറുന്ന ശബ്ദമായിരുന്നു അയാളുടേത്. സംസാരിക്കുമ്പോള്‍ കടുത്ത ആംഗ്യ വിക്ഷേപങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു,' എന്നും ആചാര്യ പറയുന്നു. 'സ്വരഭേദങ്ങള്‍ വരുത്തിക്കൊണ്ട് ആവര്‍ത്തിക്കപ്പെടുന്ന സ്‌ഫോടനങ്ങളോടെ സ്പഷ്ടമായും പരസ്പര ബന്ധമില്ലാത്ത വാചകങ്ങളുടെ ഒരു പരമ്പരയിലൂടെ വികാരങ്ങള്‍ സൃഷ്ടിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു.'

ഗോഡ്‌സെയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതോടെ പൂനെയിലെ പ്രമുഖ ഹിന്ദുത്വ നേതാക്കളുടെ കേന്ദ്രമായ തിലക് സ്മാരക മന്ദിരത്തിലേക്കുള്ള അയാളുടെ സന്ദര്‍ശനങ്ങളും വര്‍ദ്ധിച്ചു. തീവ്രവും ആക്രമണോത്സുകവുമായ നിലപാടുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഗോഡ്‌സെയുടെ വാക്കുകള്‍ ചര്‍ച്ചകളില്‍ ഒരു അസ്വസ്ഥതയോടെയാണ് പലരും കേട്ടത്. 'അരക്കിറുക്കനായ നാഥുറാം ഗോഡ്‌സെ എന്ന വ്യക്തിയെ കുറിച്ച് എനിക്ക് ഏറെയൊന്നും അറിയില്ലായിരുന്നു,' എന്ന് ആചാര്യ എന്നോട് പറഞ്ഞു. 'പക്ഷെ ഒരു കാര്യം എനിക്കുറപ്പുണ്ടായിരുന്നു: അയാള്‍ എവിടെയെങ്കിലും എത്തിപ്പെടുമെന്ന്.'

താമസിയാതെ തന്നെ, ഹിന്ദുരാഷ്ട്ര ദള്‍ പൂനെയില്‍ സ്വാധീനമുള്ള ഒരു സംഘടനയായി മാറി. 1943 അവസാനത്തോടെ, അതിന് ബോംബെ, മിറാജ്, ഷോലപൂര്‍, ബാര്‍ഷി, പാന്തര്‍പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ സജീവ ശാഖകളുണ്ടായി. ആപ്‌തെയെ പോലെ തന്നെ, സവര്‍ക്കര്‍ ഹിന്ദുരാഷ്ട്ര ദളിന്റെ 'ഏകാധിപതി' ആകണമെന്ന് ഗോഡ്‌സെയും ആഗ്രഹിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം സവര്‍ക്കര്‍ തള്ളിക്കളഞ്ഞെങ്കിലും സംഘടനയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചു. എന്നിരുന്നാലും, 'വീര്‍ സവര്‍ക്കര്‍ജി ഉത്‌ഘോഷിച്ചത് പോലെ,' 'ഹിന്ദു രാഷ്ട്ര വാദത്തിന്റെ,' പ്രചാരണമായിരുന്നു ഹിന്ദുരാഷ്ട്ര ദളിന്റെ ലക്ഷ്യം.

(തുടരും)


വിവര്‍ത്തനം: ശരത് കുമാര്‍


ഫോട്ടോ ക്രെഡിറ്റ്: ദി കാരവന്‍

നാളെ: പത്രാധിപരായ ഗോഡ്സെ

(ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ച ദി കാരവന്റെ പ്രത്യേക അനുമതിയോടെയാണ് ഇത് ഞങ്ങള്‍ മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നത്)ധീരേന്ദ്ര കെ ഝാ

ധീരേന്ദ്ര കെ ഝാ

അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്. പ്രധാന പുസ്തകങ്ങള്‍-Shadow Armies: Fringe Organizations and Foot Soldiers of Hindutva, Ayodhya: The Dark Nigh, Ascetic Games: Sadhus, Akharas and the Making of the Hindu Vote

Next Story

Related Stories