TopTop
Begin typing your search above and press return to search.

ദേശീയ വിദ്യാഭ്യാസ നയം ആര്‍ എസ് എസ്സിന് പ്രിയങ്കരമാവാന്‍ കാരണങ്ങള്‍ ഏറെയുണ്ട്, ഉള്‍പ്പെടുത്തിയത് സംഘ്പരിവാറിന് പ്രിയങ്കരമായ ആശയങ്ങള്‍, ഇനി ലക്ഷ്യം സിലബസ്സ്

ദേശീയ വിദ്യാഭ്യാസ നയം ആര്‍ എസ് എസ്സിന് പ്രിയങ്കരമാവാന്‍ കാരണങ്ങള്‍ ഏറെയുണ്ട്, ഉള്‍പ്പെടുത്തിയത് സംഘ്പരിവാറിന് പ്രിയങ്കരമായ ആശയങ്ങള്‍, ഇനി ലക്ഷ്യം സിലബസ്സ്

ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പല രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അക്കാദമിക് രംഗത്ത് പ്രവര്ത്തിക്കുന്ന പല വിദഗ്ദരും ചില രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാഭ്യാസ നയത്തില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. വാണിജ്യവല്‍ക്കരണം, വരേണ്യവല്‍ക്കരണം, ഫെഡറല്‍ രീതിക്ക് നിരക്കാത്തത് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ വിദ്യാഭ്യാസ നയത്തില്‍ പൂര്‍ണമായി തൃപ്തി രേഖപ്പെടുത്തിയത് ആര്‍ എസ് എസ്സും മറ്റ് സംഘ്പരിവാര്‍ സംഘടനകളുമാണ്. എന്തുകൊണ്ടാണ് ആര്‍ എസ് എസ്സിന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിദ്യാഭ്യാസ നയം ഇത്രമേല്‍ പ്രിയങ്കരമാവുന്നത്? നിരവധി കാരണങ്ങളുണ്ട്. വിദ്യാഭ്യാസ പദ്ധതിയില്‍ തങ്ങളുടെ ആശയങ്ങള്‍ ഉള്‍കൊള്ളിക്കുകയെന്നത് ആര്‍ എസ് എസ്സിന്റെ ദീര്‍ഘകാല അജണ്ടയായിരിന്നു . അതിൽ പലതും സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. ഇനി സിലബസ് പരിഷ്ക്കരണമാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. ഈ വിദ്യാഭ്യാസ നയത്തില്‍ ആര്‍ എസ് എസ്സിന് പ്രിയങ്കരമായ എന്തൊക്കെ സമീപനങ്ങളാണ് ഉള്‍ചേര്‍ന്നിട്ടുള്ളതെന്ന് നോക്കാം

1986 ല്‍ രാജീവ് ഗാന്ധിയാണ് വിദ്യാഭ്യാസ വകുപ്പ് മാനവ വിഭവ ശേഷി വകുപ്പെന്ന് പേര് നല്‍കിയത്. വകുപ്പിന്റെ പേര് മാറ്റണമെന്നത് ആര്‍ എസ് എസ് സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടനായായ ഭാരതീയ ശിക്ഷണ്‍ മണ്ഡലിന്റെ 2018 ലെ യോഗത്തില്‍ ഉയര്‍ന്നുവന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. അന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാനവശേഷി വിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും പങ്കെടുത്തിരുന്നു. ആ ആവശ്യം പരിഗണിച്ചാണ് മാനവശേഷി വകുപ്പെന്ന പേര് മാറ്റി വിദ്യാഭ്യാസ വകുപ്പ് എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസ നയം രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട ആര്‍ എസ് എസ്സും സംഘ്പരിവാര്‍ സംഘടനകളും വിവിധ സ്ഥലങ്ങളിലായി 40 സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിലുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ മ്ന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നടത്തിയ ഈ ശ്രമങ്ങള്‍ക്കൊടുവിലാണ് പുതിയ വിദ്യാഭ്യാസ നയം ആര്‍ എസ് എസ് നിലപാടുകളെ ഉള്‍ക്കൊള്ളുന്നതായി മാറ്റിയത്.

ഭാരതീയ സാംസ്‌ക്കാരിക മൂല്യങ്ങള്‍ എന്ന് ആർ എസ് എസ് വിളിക്കുന്ന ആശയങ്ങള്‍ക്ക് വിദ്യാഭ്യാസ നയത്തില്‍ പ്രധാന്യം കിട്ടിയെന്നതാണ് സംഘ് പരിവാര്‍ സംഘടനകളെ സന്തോഷിപ്പിക്കുന്ന ഘടകം. മൗലിക അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, പൗരന്റെ കടമകളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും പാഠ്യ പദ്ധതിയില്‍ അതിന് പ്രാമുഖ്യം ന്ല്‍കുകയും വേണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നു. ഇത് പുതിയ വിദ്യാഭ്യാസ പദ്ധതിയിലുണ്ടെന്നതാണ് ആര്‍ എസ് എസ്സിന്റെ മറ്റൊരു നേട്ടം.

' 1986 ലെ വിദ്യാഭ്യാസ നയം ഇന്ത്യയുടെ പാരമ്പര്യവുമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല. ഇന്ത്യയുടെ മൂല്യങ്ങള്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍ചേര്‍ന്നിരുന്നില്ല. അതിലാണ് മാറ്റം ഉണ്ടാകുന്നത്. ഇന്ത്യന്‍ സംസ്‌ക്കാരം പുതിയ വിദ്യാഭ്യസ നയത്തിന്റെ പ്രധാന സവിശേഷതയാണ്' ആര്‍ എസ് എസ് പ്രചാരകനും സംഘ്പരിവാര് സംഘടനയുമായ ശിക്ഷ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ് ദേശീയ സെക്രട്ടറി അതുല്‍ ഖൊത്താരി പറഞ്ഞു. ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ചുള്ള പഠനം സംസ്‌ക്കാര സംരക്ഷണത്തിന് അനിവാര്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ധാര്‍മ്മിക മൂല്യങ്ങള്‍ എന്ന പേരില്‍ ആര്‍ എസ് എസ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന പാഠ്യ ഭാഗങ്ങള്‍ ബ്രാഹ്മണിക്കല്‍ മൂല്യ ബോധമാണെന്ന വിമര്‍ശനമാണ് മതേതര നിലപാട് പുലര്‍ത്തുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

സംസ്‌കൃതമടക്കമുള്ള ഭാഷകള്‍ക്ക് നല്‍കിയ പ്രാധാന്യമാണ് ആര്‍ എസ് എസ്സിന് താല്‍പര്യമുള്ള മറ്റൊരു മേഖല. സംസ്‌കൃതത്തിന് പുറമെ പാലി പോലുള്ള ഭാഷയ്ക്കും പുതിയ വിദ്യാഭ്യാസ നയത്തില്‍ പ്രാധാന്യം നല്‍കുന്നു. മന്ത്രി രമേഷ് പൊഖ്റിയാലും പ്രകാശ് ജാവദേക്കറും ആർ എസ് എസ് അനുകൂല സംഘടനകളുമായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും വിദ്യാഭ്യാസ നയം പുറത്തിറക്കുന്നതിന്റെ ഭാഗമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു.

ഭാരതീയമായ വിജ്ഞാന ശാഖയ്ക്ക് പ്രാമുഖ്യം നല്‍കുന്നതും വിദ്യാഭ്യാസ നയത്തിലെ ആര്‍ എസ് എസ് താല്‍പര്യത്തിന് യോജിച്ചുള്ളതാണ്.

വിദ്യാഭ്യാസ നയത്തില്‍ തങ്ങളുടെ അജണ്ട ഉറപ്പാക്കാന്‍ പറ്റിയ സംഘ്പരിവാര്‍ ഇനി വിവിധ ക്ലാസുകളിലെ സിലബസുകളിലും സംഘ്പരിവാറിന്റെ നിര്‍ദ്ദേശങ്ങളാണ് ഇനി നടത്തുക. വിവിധ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് ആര്‍ എസ് എസ്സിന്റെ വിവിധ സംഘടനങ്ങള്‍ പട്ടിക തയ്യാറാക്കുകയാണെന്നാണ് സൂചന. ഇന്ത്യയുടെ ചരിത്ര പഠനത്തില്‍ സമൂലമായ അഴിച്ചുപണിയാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. ശാസ്ത്ര പഠന മേഖലയിലുൾപ്പെടെയുള്ള ആർ എസ് എസ് ഇടപെടുലകൾ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ ദുരോവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.


Next Story

Related Stories