ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്ന് ഉയര്‍ന്ന മയക്കുമരുന്ന് വിവാദത്തില്‍ അനേഷണവും താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനും പിന്നാലെ മുംബൈയില്‍ കൂടുതല്‍ പരിശോധന. നഗരത്തിലെ മുന്നിടങ്ങളില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പരിശോധന നടത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടിട്ടില്ല.
അതേസമയം, എന്‍സിബി നല്കിയ സമന്‍സില്‍ പ്രമുഖ ബോളീവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് ഹാജറാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗോവയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്ന താരം ഇന്നലെ രാത്രി വൈകി മുംബൈയില്‍ എത്തിയെങ്കിലും ശനിയാഴ്ച മാത്രമേ ചോദ്യം ചെയ്യലിന് ഹാജറാവുകയുള്ളു എന്നാണ് വിവരം. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങിന് ഒപ്പമായിരുന്നു ഇന്നലെ ദീപിക മുംബൈയില്‍ മടങ്ങിയെത്തിയത്.
ഇന്ന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍സിബി ദീപിക പദുക്കോണിന് നോട്ടീസ് നല്‍കിയത്. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്സ് വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരിഷ്മയ്ക്ക് സമന്‍സ് അയച്ചതിന് പിന്നാലെ ദീപികയ്ക്കും സമന്‍സ് നല്‍കുകയായിരുന്നു.
പദുക്കോണിന് പുറമെ നടിമാരായ സാറാ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരും ശനിയാഴ്ച ഏജന്‍സിക്ക് മുന്നില്‍ ഹാജരാകും. ഡിസൈനര്‍ സിമോണ്‍ ഖമ്പട്ടയ്ക്കൊപ്പം വ്യാഴാഴ്ച സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദിയും എന്‍സിബിക്ക് മുന്നില്‍ ഹാജരായിരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയുടെ സെല്‍ഫോണില്‍ കണ്ടെത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി എന്‍സിബി രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ എഫ്ഐആറിലെ പ്രതിപ്പട്ടികയില്‍ ശ്രുതിയുടെ പേരുമുണ്ട്. റിയയുടെയും സഹോദരന് ഷോവിക്കിന്റെയും പേരിലുള്ള കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.