ടി.ആര്.പിയില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചില ചാനലുകള്‍ കാണുന്നതിന് പ്രതിമാസം പണം ലഭിച്ചിരുന്നതായി റേറ്റിങ് കണക്കുകൂട്ടാനുള്ള ബാരോമീറ്റര്‍ സ്ഥാപിച്ച വീടുകളിലുള്ളവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ റേറ്റിംഗ് കൂട്ടിക്കാണിക്കാനായി ഇത്തരത്തിലുള്ള കൃത്രിമത്വങ്ങള്‍ മുമ്പും നടന്നിരുന്നുവെന്നാണ് എന്‍ഡിടിവി സ്ഥാപകന്‍ കൂടിയായ പ്രമുഖ മാധ്യമപ്രവര്ത്തകന് പ്രണോയ് പറയുന്നത്. അദ്ദേഹത്തിന്റെ 'More News Is Good News: Untold Stories from 25 Years of Television News' എന്ന 2016-ല്‍ പുറത്തിറങ്ങിയ പുസ്തകത്തിലെ ഒരധ്യായം തന്നെ ഇക്കര്യത്തെക്കുറിച്ചുള്ളതാണ്.
എന്‍ഡിടിവിയില്‍ നിന്ന് മര്‍ഡോക്കിന്റെ സ്റ്റാര്‍ ന്യൂസ് പിരിഞ്ഞതോടെയാണ് ഇന്ത്യയിലെ വാര്‍ത്താ ചാനലുകളുടെ സ്വഭാത്തില്‍ മാറ്റം വന്നു തുടങ്ങിയതെന്ന് പ്രണോയ് റോയി പറയുന്നു. പ്രത്യേക ചാനലായി കുറെ വര്‍ഷങ്ങള്‍ സ്റ്റാര്‍ ന്യൂസിന് കാര്യമായി ശോഭിക്കാനായില്ല. ഗൗരവപ്പെട്ട വാര്‍ത്തകള്‍ നല്‍കിയിരുന്നെങ്കിലും കാഴ്ചക്കാര്‍ കുറവായതിനാല്‍ ചാനല്‍ നഷ്ടത്തിലായി. ഇതോടെയാണ് ചാനലിന് ടാബ്ലോയ്ഡ് സ്വഭാവം നല്കാന് കമ്പനി തീരുമാനിക്കുന്നത്. ചാനല്‍ ഇതോടെ ലാഭത്തിലാവുകയും ഇത് മാതൃകയാക്കി ഓരോ ഹിന്ദി ചാനലുകളും ഈ ടാബ്ലോയ്ഡ് മാതൃക അനുകരിക്കുകയും ചെയ്തു. ഒരുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്, ഒരിക്കല്‍ ഒരു ഹിന്ദി ന്യൂസ് ചാനലിലെ അവതാരിക പറഞ്ഞതാണ്: "ബ്രേക്കിനു ശേഷം നിങ്ങളെ ഒരു ബലാത്സംഗം ഞങ്ങള്‍ കാണിക്കും". ചാനലുകള്‍ക്ക് കാഴ്ചക്കാരെ കിട്ടാനും ലാഭത്തിലാക്കാനുമായി എത്രത്തോളം തരംതാഴാന്‍ സാധിക്കും എന്നതിന്റെ ഉദാഹരണമായി അദ്ദേഹം പറഞ്ഞതാണിത്. ഇത് ആഗോള തലത്തില്‍ തന്നെ നടക്കുന്ന കാര്യമാണെന്നും നല്ല മാധ്യമ പ്രവര്‍ത്തനം മരിക്കുന്നു എന്ന രീതിയില്‍ വേണം ഇത് കാണാനെന്നും പ്രണോയ് റോയി പറയുന്നു.
ടാബ്ലോയ്ഡ് നിലവാരത്തിലേക്ക് താഴുന്നതിനു പുറമെ കാഴ്ചക്കാരെ ഉണ്ടാക്കാനുള്ള മറ്റൊരു വഴിയാണ് റേറ്റിംഗില്‍ കൃത്രിമത്വം കാണിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഓരോ നഗരത്തിലും ഒരു 'റേറ്റിംഗ് കണ്‍സള്‍ട്ടന്റു'ണ്ട്. അവര്‍ക്ക് അധികം ഫീസും നല്‍കേണ്ടതില്ല. അവര്‍ പക്ഷേ, ചാനലുകള്‍ക്ക് ഉയര്‍ന്ന റേറ്റിംഗ് ഉറപ്പാക്കും.
അതെങ്ങനെയാണ് നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു: കാഴ്ചക്കാരുടെ എണ്ണം അളക്കാനുള്ള പീപ്പിള്‍-മീറ്ററുകള്‍ എവിടെയാണ് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഈ ഏജന്റുമാര്‍ കണ്ടെത്തുന്നു. ഇത് എവിടെയാണ് ഘടിപ്പിച്ചിരിക്കുന്നതെന്നത് രഹസ്യമായി സൂക്ഷിക്കുന്നതാണെങ്കിലും ഏജന്റുമാര്‍ ഈ വീടുകള്‍ കണ്ടെത്തും. അവര്‍ ഈ വീടുകളില്‍ ചെല്ലുകയും വീട്ടുകാര്‍ക്ക് 60 ഇഞ്ചിന്റെ പ്ലാസ്മ ടി.വി സൗജന്യമായി നല്‍കുകയും ചെയ്യുന്നു. വീട്ടുകാര്‍ ചെയ്യേണ്ടത് ഒന്നു മാത്രം. അവരവര്‍ക്ക് ഇഷ്ടമുള്ള പ്രോഗ്രാമുകള്‍ പുതിയ ടി.വിയില്‍ കാണുകയും പീപ്പിള്‍-മീറ്ററുകള്‍ ഘടിപ്പിച്ചിട്ടുള്ള ടി.വിയില്‍ തങ്ങള്‍ പറയുന്ന ചാനലുകള്‍ എപ്പോഴും ഓണ്‍ ചെയ്തു വയ്ക്കുകയും ചെയ്യുക.
ഈ ഏജന്റുമാര്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന കുടുംബക്കാര്‍ക്ക് വര്‍ഷാവസാനം ഇവര്‍ പ്രത്യേക സമ്മാനങ്ങളും നല്‍കും. അങ്ങനെയാണ് നീല്‍സണ്‍ തങ്ങളുടെ ഗ്ലോബല്‍ ഹെഡ് ഓഫ് സെക്യൂരിറ്റിയെ ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. നാലു മാസത്തെ വിശദമായ അന്വേഷണത്തിനു ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "ലോകത്തൊരിടത്തും നീല്‍സണ്‍ സിസ്റ്റത്തെ ഇത്രത്തോളം അഴിമതിവത്ക്കരിച്ചിട്ടുള്ളത് ഞാന്‍ കണ്ടിട്ടില്ല" എന്നാണ്.
ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്. വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന മീറ്റര്‍ അവരുടെ ബില്ലുകള്‍ പരിശോധിക്കുമെന്നും സ്വയമേവ ഡിടിഎച്ച് റീചാര്‍ജ് ആയിക്കോളുമെന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്ന് മൂന്ന് സാക്ഷികളില്‍ ഒരാള്‍ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയെക്കൂടാതെ ബോക്സ്, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ക്കെതിരെയാണ് മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബോക്സ്, ഫക്ത് ചാനല്‍ ഉടമകള്‍ ഉള്‍പ്പെടെ അറസ്റ്റിലായ നാലുപേരെ ഇന്നലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ടി.വി സെറ്റുകള്‍ക്കൊപ്പം പീപ്പീള്‍ മീറ്ററുകള്‍ ഘടിപ്പിച്ചാണ് റേറ്റിങ് കണ്ടെത്തിയിരുന്നത്. വിവിധ ചാനലുകളുടെ റേറ്റിങ് കണ്ടെത്താന്‍ മുംബൈയില്‍ 2000 മീറ്ററുകളാണ് സ്ഥാപിച്ചിരുന്നത്. ഈ മീറ്ററുകളില്‍ നിന്നുള്ള വിവരങ്ങള്‍ രഹസ്യസ്വഭാവമുള്ളതാണ്. റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കിന്റെ മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഹന്‍സയെന്ന സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ റേറ്റിങ്ങില്‍ കൃത്രിമത്വം നടന്നതായി ഹന്‍സ പരാതിപ്പെട്ടിരുന്നതായി മുംബൈ പൊലീസ് പറഞ്ഞു. ചാനലുകള്‍ വിവരം കമ്പനികളുമായി പങ്കിട്ടു. തുടര്‍ന്നാണ് കാണുന്നില്ലെങ്കിലും തങ്ങളുടെ ചാനലുകള്‍ ഓണ്‍ ചെയ്തുവെക്കാന്‍ അവര്‍ ആളുകള്‍ക്ക് പണം നല്‍കിയതെന്നുമാണ് ആരോപണം.