TopTop
Begin typing your search above and press return to search.

ശ്യാമപ്രസാദ് മുഖര്‍ജി എതിര്‍ത്തു, ഇന്ന് അമിത് ഷാ അനുകൂലിക്കുന്നു. എന്താണ് പൗരത്വ ബില്‍ ചര്‍ചയില്‍ വിഷയമായ നെഹ്‌റു ലിയാഖത്ത് ഖാന്‍ കരാർ

ശ്യാമപ്രസാദ് മുഖര്‍ജി എതിര്‍ത്തു, ഇന്ന് അമിത് ഷാ അനുകൂലിക്കുന്നു. എന്താണ് പൗരത്വ ബില്‍ ചര്‍ചയില്‍ വിഷയമായ നെഹ്‌റു ലിയാഖത്ത് ഖാന്‍ കരാർ

ബിജെപി നേരത്തെ നിലപാടെടുത്തതും ഒന്നാം മോദി സര്‍ക്കാരിന് കൊണ്ടുവരാന്‍ കഴിയാതിരുന്നതുമായ പൗരത്വ നിയമ ഭേദഗതിയാണ് ഇപ്പോള്‍ നടപ്പിലാക്കപ്പെടുന്നത്. ആദ്യം ലോക്‌സഭ പാസ്സാക്കിയ ബില്ല് ഇപ്പോള്‍ രാജ്യസഭയും അംഗീകരിച്ചിരിക്കുന്നു.105- നെതിരെ 125 വോട്ടുകൾക്കാണ് പൗരത്വ ഭേദഗതി ബില്ല് രാജ്യസഭ അംഗീകരിച്ചത്. വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപി അവര്‍ ഏറ്റവും പ്രധാനമായി കരുതുന്ന ബില്ല് പാസ്സാക്കിയെടുത്തത്. ഇതോടെ രാജ്യസഭയിൽ സ്വന്തം നിലയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടത്തിയെടുക്കാൻ സർക്കാരിന് സാധിക്കുമെന്ന് തീർച്ചയായി.

രാജ്യസഭയില്‍ ആറുമണിക്കൂറിലെറെ ചര്‍ച്ചയാണ് നടന്നത്. ലോക്‌സഭയിലും രാജ്യസഭയിലും നടന്ന ചര്‍ച്ചയുടെ പ്രത്യേകത സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ കാലത്തെ സമീപനങ്ങള്‍ വരെ ഇതില്‍ ചര്‍ച്ചയായി എന്നതാണ്. ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കാത്തതാണ് പൗരത്വ നിയമഭേദഗതിയെന്ന വാദം പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍, കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാന്‍ സമ്മതിച്ചതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നായിരുന്നു അമിത് ഷായുടെ ആരോപണം. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു രാജ്യമായി തുടരാന്‍ കഴിയില്ലെന്ന ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വി ഡി സവര്‍ക്കറിന്റെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ആക്രമണം. രാജ്യസഭയില്‍ ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്താന്റെ ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുകയും ചെയ്തു. ഇങ്ങനെ ഇന്ത്യയുടെ സ്വതന്ത്ര്യ കാലത്തെ ചരിത്രത്തെക്കുറിച്ചുളള നിരവധി പരാമാര്‍ശങ്ങള്‍ ഏറെ ഉണ്ടായിരുന്നു പൗരത്വ ഭേദഗതി ചര്‍ച്ചയില്‍. പൊതുവില്‍ നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും എല്ലാ സമീപനങ്ങളെയും എതിര്‍ക്കുന്ന സമീപനമാണ് അമിത് ഷായും മോദിയും സ്വീകരിക്കാറ്. എന്നാല്‍ ഇന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം ഒരു കാര്യം പറഞ്ഞു. അത് നെഹ്‌റു ലിയാഖത്ത് കരാറിനെ കുറിച്ചായിരുന്നു. ആ കരാര്‍ പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നാണ് അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കിയത്. നെഹ്‌റവും കോണ്‍ഗ്രസും ചെയ്തതിനെ എല്ലാം എതിര്‍ത്തുപോരാളുള്ള ബിജെപി പിന്തുണയ്ക്കുന്ന നെഹ്‌റു ലിയാഖത്ത് കരാര്‍ യഥാർത്ഥത്തിൽ എന്താണ്?. ബിജെപിയുടെയും അതിന്റെ ആചാര്യനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും നിലപാട് ഇക്കാര്യത്തില്‍ എന്തായിരുന്നുവെന്ന് പരിശോധിക്കുന്നത് നന്നാവും ഇരു രാഷ്ട്രങ്ങളും നിലവില്‍വന്നതിന് ശേഷം ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ഒപ്പിട്ട കരാറാണ് നെഹ്‌റു ലിയാഖത്ത് കരാര്‍ അല്ലെങ്കില്‍ ഡല്‍ഹി കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1950 ഏപ്രില്‍ എട്ടിന് ഡല്‍ഹിയിലായിരുന്നു ഇരു പ്രധാനമന്ത്രിമാരും കരാറില്‍ ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലെയും മത ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു കരാര്‍. വിഭജനത്തിന് ശേഷം ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പലായനം സൃഷ്ടിച്ച സാഹചര്യമാണ് ഇത്തരത്തിലൊരു കരാറിലേക്ക് നയിച്ചത്. ഇരു രാജ്യങ്ങളും അവിടെ കഴിയുന്ന ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എല്ലാവിധ സംരക്ഷണവും പൂര്‍ണ പൗരത്വ അവകാശങ്ങളും ഉറപ്പുവരുത്തുമെന്നായിരുന്നു കരാറിന്റെ കാതല്‍. മത ന്യൂനപക്ഷത്തിന്റെ എല്ലാ സാംസ്‌ക്കാരിക വൈജാത്യങ്ങളും സംരക്ഷിക്കപ്പെടുമെന്നും കരാര്‍ വ്യവസ്ഥ ചെയ്തു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തുല്യ അവകാശങ്ങള്‍ ഉണ്ടാകും. ഈ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമ നിര്‍മ്മാണങ്ങള്‍ നടത്താനും ധാരണയായി. ഇന്ത്യയിൽ ഭരണഘടന തുല്യാവകാശം ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു കരാര്‍ ഒപ്പിടുന്നതിനെ എതിര്‍ത്ത ആളായിരുന്നു ബിജെപിയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ശ്യാമ പ്രസാദ് മുഖര്‍ജി. അദ്ദേഹം രാഷട്രീയ എതിരാളിയായിരുന്നെങ്കിലും ശ്യാമ പ്രസാദ് മുഖര്‍ജിയെ നെഹ്‌റു മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഒരു കരാറില്‍ ഒപ്പിടുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. മതന്യുനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന കരാറിനെ അദ്ദേഹം എതിര്‍ക്കുകയായിരുന്നു ചെയ്തത്. . കരാറുമായി മുന്നോട്ടുപോകാന്‍ നെഹ്‌റു തീരുമാനിച്ചതോടെ ആ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശ്യാമ പ്രസാദ് മുഖര്‍ജി നെഹ്‌റുവിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവെയ്ക്കുകയായിരുന്നു. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജി നെഹ്‌റു മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതിന് ശേഷമാണ് ബിജെപിയുടെ ആദ്യ രൂപമായ ഭാരതിയ ജനസംഘം രൂപികരിച്ചത്. പാകിസ്താന്‍ നെഹ്‌റു ലിയഖത്ത് കരാര്‍ പാലിച്ചില്ലെന്നാണ് അമിത് ഷാ പാര്‍ലെമന്റില്‍ പറഞ്ഞത്. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം അവര്‍ ഉറപ്പുവരുത്തിയില്ല. അങ്ങനെ മതന്യുനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ പാകിസ്താന്‍ തയ്യാറാകാത്തതുകൊണ്ടാണ് പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടിവന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം നെഹ്‌റു ഒപ്പിട്ട കരാര്‍ ഇന്ത്യ പാലിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. അതായത് ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവും ഉറപ്പാക്കുമെന്ന്. എന്നാല്‍ ഒരു മതേതര രാജ്യമായ ഇന്ത്യയില്‍ മതന്യുനപക്ഷങ്ങളുടെ തുല്യാവകാശം ഉറപ്പാക്കിയത് ഉഭയ കക്ഷി കരാറിലൂടെയല്ല,മറിച്ച് ഭരണഘടനയിലൂടെയാണെന്നതാണ് വാസ്തവം. എന്തായാലും ശ്യാമ പ്രസാദ് മുഖര്‍ജി അന്ന് എതിര്‍ക്കുകയും രാജിവെയ്ക്കുകയും ചെയ്ത ഒരു കരാറിനെക്കുറിച്ചാണ് അമിത് ഷാ ഇന്ന് സംസാരിച്ചത്. ആ കരാര്‍ തുടര്‍ന്നും നടപ്പിലാക്കുമെന്നും പറഞ്ഞത്. അതേസമയം മതന്യുനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹിന്ദുത്വ ആചാര്യന്റെ സമീപനങ്ങള്‍ എന്തായിരുന്നുവെന്ന കാര്യം ഈ ചര്‍ച്ചയിലൂടെ തെളിയുകയും ചെയ്തു.


Next Story

Related Stories