TopTop

'നെഹ്റു പട്ടേലിനെ ആദ്യ കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചു'; മോദി മന്ത്രിസഭയിലെ എസ് ജയ്ശങ്കറിന്റെ വാദങ്ങള്‍ പൊളിക്കുന്ന ചരിത്രരേഖകള്‍

സർദാർ വല്ലഭായി പട്ടേലിനെ ആദ്യത്തെ കാബിനറ്റിൽ ഉൾപ്പെടുത്തുന്നതിനെ നെഹ്റു എതിർത്തുവെന്നത് സംഘപരിവാർ കേന്ദ്രങ്ങൾ നിരന്തരമായി ഉന്നയിച്ചു വരുന്ന ഒരാരോപണമാണ്. പട്ടേലിനെ സ്വാംശീകരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ ശക്തമായപ്പോൾ ഈ ആരോപണം അതിശക്തമായി ഉന്നയിക്കപ്പെട്ടു. വ്യക്തമായ മറുപടികൾ ഇതിനെതിരെ നിർമിക്കാനും അതിനായി വസ്തുതകൾ ചികയാനും നെഹ്റുവിനെ പ്രതിരോധിക്കേണ്ടിയിരുന്നവർക്ക് സാധിച്ചില്ല. ഇന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ഇതേ ആരോപണം മുമ്പോട്ടു വെച്ചിരിക്കുകയാണ്. ഇതിനായി ബ്രിട്ടീഷ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയും സ്വാതന്ത്ര്യാനന്തരം രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനായും അവിശ്രമം പ്രവർത്തിക്കുകയും ചെയ്ത വിപി മേനോന്റെ ജീവചരിത്ര ഗ്രന്ഥമാണ് ഇതിനായി ജയ്ശങ്കർ അവലംബിച്ചത്.

പട്ടേലിന്റെ മേനോനും നെഹ്റുവിന്റെ മേനോനും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് നാരായണി ബസു എഴുതിയ വിപി മേനോന്റെ ജീവചരിത്രപുസ്തകം പുറത്തിറക്കവെ ജയ്ശങ്കര്‍ പറഞ്ഞു. ഇത്തരമൊരു പുസ്തകത്തെ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നെന്നും പട്ടേലിന്റെ ജീവിതത്തോട് വലിയ നീതി ചെയ്യലാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.

1947ലെ കാബിനറ്റില്‍ നിന്ന് പട്ടേലിനെ ഒഴിവാക്കാന്‍ നെഹ്റു പരിശ്രമങ്ങള്‍ നടത്തിയിരുന്നു എന്ന് നാരായണിയുടെ പുസ്തകം പറയുന്നതായി എസ് ജയ്ശങ്കര്‍ പറയുന്നു.

ടൈപ്പിസ്റ്റായി തുടക്കം, ആറ് മണിക്കൂര്‍ കൊണ്ട് ഇന്ത്യാ വിഭജനത്തിന്റെ രൂപരേഖ, സര്‍ദാര്‍ പട്ടേലിന്റെ വലം കൈ; വി പി മേനോന്‍ തമസ്കരിക്കപ്പെട്ടതെങ്ങനെ?

പട്ടേലിന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. The Great Divide: Britain, India, Pakistan എന്ന, എച്ച് വി ഹോഡ്സണ്‍ എഴുതി 1969ല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് ആദ്യമായി ഈ വാദം ഉന്നയിക്കപ്പെട്ടത്. വിപി മേനോനുമായി താന്‍ നടത്തിയ അഭിമുഖത്തെ ആധാരമാക്കിയാണ് ഹോഡ്സണ്‍ ഈ വാദമുന്നയിച്ചത്. പട്ടേലിനെ നെഹ്റു മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും, ഇനി അഥവാ ഉള്‍പ്പെടുത്തുകയാണെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് താക്കീത് നല്‍കുകയും ചെയ്തതായി മേനോനെ ഉദ്ധരിച്ച് ഹോഡ്സണ്‍ തന്റെ പുസ്തകത്തിലെഴുതിയതായി ദി പ്രിന്റ് പോര്‍ട്ടലില്‍ ശ്രീനാഥ് രാഘവന്‍ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടുന്നു. സമാനമായ വാദം തന്നെയാണ് നാരായണി ബസുവിന്റെ പുസ്തകവും ഉന്നയിക്കുന്നത്. നെഹ്റു തയ്യാറാക്കിയ പട്ടിക 1947 ഓഗസ്റ്റ് 4ന് മൗണ്ട് ബാറ്റന് സമര്‍പ്പിച്ചപ്പോള്‍ അതില്‍ പട്ടേലിന്റെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്ന് നാരായണി പറയുന്നു. ഗാന്ധിജിയുമായി മൗണ്ട് ബാറ്റണ്‍ നടത്തിയ സംഭാഷണത്തില്‍‌ നിന്നുരുത്തിരിഞ്ഞ സമവായം അങ്ങനെയായിരുന്നു. എന്നാല്‍ നെഹ്റുവിന്റെ പട്ടികയില്‍ പട്ടേല്‍ ഉണ്ടായിരുന്നില്ലെന്ന് ബസു പറയുന്നു.

എന്നാല്‍ വസ്തുതകള്‍ ഈ വാദത്തെ സുവ്യക്തമായി ഖണ്ഡിക്കുന്നതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

മന്ത്രി ജയ്ശങ്കര്‍ തുടര്‍ ട്വീറ്റുകളിലൂടെ നടത്തിയ 'പട്ടേലനുകൂല' പ്രസ്താവനയെ വളരെ എളുപ്പത്തിലാണ് ചരിത്രകാരന്‍ രാമചന്ദ്രഗുഹ ഖണ്ഡിച്ചത്. അദ്ദേഹം നെഹ്റു പട്ടേലിനെഴുതിയ ഒരു കത്ത് ട്വീറ്റ് ചെയ്തു. 1947 ഓഗസ്റ്റ് 1ന് എഴുതിയ കത്ത് ഇങ്ങനെ പ്രസ്താവിക്കുന്നു: "എന്റെ പ്രിയപ്പെട്ട വല്ലഭായി, ഒരു പരിധിവരെ ഔപചാരികതകള്‍ പാലിക്കേണ്ടതായിട്ടുണ്ടല്ലോ. ഞാന്‍ നിങ്ങളെ പുതിയ കാബിനറ്റില്‍ ചേരാന്‍ ക്ഷണിക്കുന്നു. ഇത് ഏതാണ്ടൊരു അതിവാചകമാണെന്ന് എനിക്കറിയാം. കാരണം, നിങ്ങളാണ് ഈ കാബിനറ്റിന്റെ ശക്തമായ നെടുംതൂണ്‍." ഈ കത്തിന് പട്ടേല്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. പട്ടേലിന്റെ പ്രതികരണം ഇങ്ങനെയാണ്: "കഴിഞ്ഞ 30 വര്‍ഷത്തെ നമ്മള്‍ തമ്മിലുള്ള ബന്ധവും പരസ്പര വാത്സല്യവും സൗഹൃദവും ഔപചാരികതകളെ അനാവശ്യമാക്കിയിട്ടുണ്ട്. എന്റെ സേവനം എപ്പോഴും നിങ്ങള്‍ക്കുണ്ട്. എന്ത് കാര്യത്തിനാണോ മറ്റൊരിന്ത്യാക്കാരനും സാധ്യമാകാത്ത വണ്ണം താങ്കള്‍ ജീവിതം ത്യജിച്ചത്, അതേ കാര്യത്തിനായി എന്റെ ചോദ്യംചെയ്യാനാകാത്ത സമര്‍പ്പണം എന്റെ ശിഷ്ടകാലത്തിലും താങ്കള്‍ക്കുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ യോജിപ്പ് ഇളക്കാനാകാത്തതാണ്. അവിടടെയാണ് നമ്മുടെ കരുത്തും."

തന്റെ ആശ്രിതരെ ഉപേക്ഷിക്കാന്‍ നെഹ്രുവിന് മനസ്സുണ്ടായിരുന്നില്ലെന്നാണ് വിപി മേനോന്‍ പറഞ്ഞുവെന്ന് ഹോഡ്സണും ഇപ്പോള്‍ നാരായണി ബസുവും സൂചിപ്പിക്കുന്നത്. മേനോന്‍ തന്റെ അനുമാനത്തിന് ബലമായി പറയുന്നത് 1947 ഓഗസ്റ്റ് 1ന് മൗണ്ട് ബാറ്റനും നെഹ്റും തമ്മില്‍ നടത്തിയ സംഭാഷണമാണ്. രാജഗോപാലാചാരി, മൗലാന ആസാദ് തുടങ്ങിയ വടവൃക്ഷങ്ങളെ മേച്ചുനടക്കല്‍ തന്നെ നെഹ്റുവിന് ഒരു പണിയാകുമെന്ന ആശങ്ക മൗണ്ട് ബാറ്റന്‍ മുമ്പോട്ടു വെച്ചു. ഈ ചര്‍ച്ചയില്‍ പട്ടേലിന്റെ കാര്യം വന്നിരുന്നേയില്ലെന്ന് ദി പ്രിന്റിലെഴുതിയ ലേഖനത്തില്‍ ശ്രീനാഥ് രാഘവന്‍ പറയുന്നുണ്ട്. ഒരു മികച്ച കാബിനറ്റ് സംഘടിപ്പിക്കുന്നതിനായി പട്ടേല്‍ തനിക്കൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്നതായി അന്നേദിവസം മൗണ്ട് ബാറ്റണ്‍ രേഖപ്പെടുത്തിയതും ലഭ്യമാണ്. അതായത് കാബിനറ്റ് സംഘടിപ്പിക്കുന്നതില്‍ പട്ടേല്‍ നെഹ്റുവിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ചുരുക്കം.

നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നിട്ടും അങ്ങേയറ്റത്തെ പരസ്പരബഹുമാനത്തിലും വാത്സല്യത്തിലും പരസ്പര സമര്‍പ്പണത്തിലും ഊന്നിയതായിരുന്നു നെഹ്റുവും പട്ടേലും തമ്മിലുള്ള ബന്ധം. പട്ടേലിന്റെ ഔദ്യോഗികമായ സമ്മതം വാങ്ങിയതിനു ശേഷം മാത്രമാണ് നെഹ്റു കാബിനറ്റ് മെമ്പര്‍മാരുടെ പട്ടിക മൗണ്ട് ബാറ്റണ് അയച്ചത്. പലതും പരസ്പരം പറയേണ്ടതില്ലാത്ത ബന്ധം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്നത് മാത്രമല്ല കാര്യം. കാബിനറ്റില്‍ പട്ടേലിന്റെ സാന്നിധ്യം നെഹ്റുവിന്റെ സാന്നിധ്യം പോലെത്തന്നെ ഒഴിവാക്കാനാകാത്തതായിരുന്നു. ഓഗസ്റ്റ് നാലിനാണ് മൗണ്ട് ബാറ്റന് കാബിനറ്റ് മന്ത്രിമാരുടെ പട്ടിക ലഭിക്കുന്നത്. ഇതില്‍ പട്ടേലിന്റെ പേരാണ് ആദ്യം എഴുതിയിരുന്നത്. ഉപപ്രധാനമന്ത്രി എന്ന പദവിയാണ് അദ്ദേഹത്തിന് നിര്‍ദ്ദേശിച്ചിരുന്നത്.

പട്ടേലിനെ മൗണ്ട് ബാറ്റന്റെ ഇടപെടലാണ് കാബിനറ്റിലെത്തിച്ചതെന്നതിന് തെളിവുകളൊന്നും തന്നെയില്ല. ഇത്തരമൊരു നീക്കം താന്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്താതെ പോകുന്നത് മൗണ്ട് ബാറ്റന്റെ രീതിയുമല്ല. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയെ ആ സ്ഥാനത്തെത്തിച്ചത് തന്റെ ശ്രമഫലമാണെങ്കില്‍ അത് രേഖപ്പെടുത്താതിരിക്കുന്നത് മൗണ്ട് ബാറ്റനെപ്പോലൊരാള്‍ ചെയ്യില്ല. പട്ടേലിനെ ആ സ്ഥാനത്തെത്തിച്ചത് അദ്ദേഹത്തിന് ഒഴിവാക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വലിയ യോഗ്യത ഉണ്ടായിരുന്നതു കൊണ്ടു തന്നെയാണെന്ന് ചരിത്രരേഖകള്‍ തെളിയിക്കുന്നു.


Next Story

Related Stories