TopTop
Begin typing your search above and press return to search.

ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന് സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ല; മോദി സര്‍ക്കാരിനെതിരെ ജനമുന്നേറ്റം ഉയരുക തന്നെ ചെയ്യും; ബി രാജീവൻ / അഭിമുഖം

ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന് സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ല; മോദി സര്‍ക്കാരിനെതിരെ ജനമുന്നേറ്റം ഉയരുക തന്നെ ചെയ്യും; ബി രാജീവൻ / അഭിമുഖം

ചീഫ് ജസ്റ്റിസ് അടക്കമുള്ള സുപ്രീം കോടതി ജഡ്ജിമാരെ വിമർശിച്ചു എന്ന പേരിൽ രാജ്യത്തെ മുതിർന്ന അഭിഭാഷകരിലൊരാളും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചത് ഇന്നലെയാണ്. പ്രശാന്ത് ഭൂഷണുള്ള ശിക്ഷ സുപ്രീം കോടതി ഉടൻ തീരുമാനിക്കും. മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്ക് എന്ന് ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസമാണ്. എതിർശബ്ദങ്ങളും പൗരസ്വാതന്ത്ര്യവും അടിച്ചമർത്തപ്പെടുകയും ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് എന്ന നിലയിൽ നിന്ന് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള ചുവടുകൾ വയ്ക്കുകയും ചെയ്യുമ്പോളാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവരെ ഡൽഹിയിൽ കലാപമുണ്ടാക്കിയെന്ന് ആരോപിച്ച് ജയിലിലടച്ചത് കോവിഡ് കാലത്താണ്. ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും സർക്കാരിന്റെ വിമർശകരായ പൊതുപ്രവർത്തകർക്കുമെതിരായ സംഘടിതവും ആസൂത്രിതവുമായ അക്രമസംഭവങ്ങൾക്കാണ് കഴിഞ്ഞ ആറ് വർഷം രാജ്യം സാക്ഷ്യം വഹിച്ചത്. ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേക പദവി (ആർട്ടിക്കിൾ 370) റദ്ദാക്കി ജമ്മു കാശ്മീരിലെ വലിയൊരു വിഭാഗം ജനങ്ങളെ തടവിലാക്കിയിട്ട് ഒരു വർഷം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചും അംബേദ്കര്‍, ഗാന്ധി എന്നിവരുടെ ആശയങ്ങളും മൂല്യങ്ങളും എങ്ങിനെയാണ് തുടര്‍ന്നുള്ള ഇന്ത്യയ്ക്ക് വഴികാട്ടുകയെന്നത് സംബന്ധിച്ചും വിശദീകരിക്കുകയാണ് മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ബി രാജീവന്‍.

? സ്വാതന്ത്ര്യത്തിന്റെ 73-ആം വാർഷികത്തിൽ രാജ്യത്തെ മുതിർന്ന അഭിഭാഷകരിലൊരാളും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിനേയും ജഡ്ജിമാരേയും വിമർശിച്ചു എന്ന പേരിലുള്ള കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെടാൻ പോകുന്നു. എങ്ങനെ കാണുന്നു ഇതിനെ?

ഭരണകൂടത്തെ സംബന്ധിച്ച് വാസ്തവത്തിൽ ഇത് സ്വാതന്ത്ര്യദിനമല്ല. അവരത് ഔപചാരികമായി ആഘോഷിക്കുന്നു എന്ന് മാത്രമേയുള്ളൂ. ജനങ്ങളുടെ മേൽ പാരതന്ത്ര്യം അടിച്ചേൽപ്പിക്കുന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന് സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ല. ജനങ്ങളുടെ സ്വാതന്ത്ര്യം അടിച്ചമർത്തിക്കൊണ്ടുള്ള കപട സ്വാതന്ത്ര്യദിനമാണ് ഇവർ ആഘോഷിക്കുന്നത്. ജനങ്ങളുടെ യഥാർത്ഥ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ ഒരു പുതിയ സ്വാതന്ത്ര്യസമരം തുടങ്ങാറായിരിക്കുന്നു എന്നാണ് എനിക്ക് ഈ സ്വാതന്ത്ര്യദിനത്തിൽ പറയാനുള്ളത്. പ്രശാന്ത് ഭൂഷണെതിരായ ഈ വിധി മാത്രമല്ല. അയോധ്യ-ബാബറി വിധി തന്നെ നോക്കൂ. വൈരുദ്ധ്യങ്ങൾ നിറഞ്ഞ കപടമായ ഒരു വിധിയാണത്. ഈ രാജ്യത്തിന്റെ ജുഡീഷ്യൽ സംവിധാനത്തിന്റേയും എത്തിക്സിന്റേയും സംസ്കാരത്തിന്റേയും എല്ലാം ലംഘനമായിരുന്നു അത്. ഒരു ക്രിമിനൽ പ്രവൃത്തി എന്ന് പറഞ്ഞ കാര്യത്തിന് അതേ വിധിയിൽ സാധുത നൽകുന്ന ഇരട്ടത്താപ്പ്. എല്ലാക്കാലത്തും ഫാഷിസ്റ്റുകൾ അങ്ങനെയാണ്. നാസി പാർട്ടിയുടെ പേര് തന്നെ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി എന്നായിരുന്നു. ജനാധിപത്യത്തിന്റെ ഹൈജാക്കിംഗിനാണ് അവർ ശ്രമിക്കുന്നത്. ദ ഹിന്ദുവിൽ സജ്ജൻ കുമാർ എഴുതിയ ലേഖനം പറയുന്നത് ആർഎസ്എസ് അതിന്റെ കീഴാളവത്കരണ പദ്ധതികളുടെ ഭാഗമായി, മനുസ്മൃതിയിലും രാമായണത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നാണ്.

? കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷമാണ് ആനന്ദ് തെൽതുംദെയെ പോലുള്ള പൊതുപ്രവർത്തകർ അറസ്റ്റിലാകുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി നിരവധി ആക്ടിവിസ്റ്റുകൾ ജയിലിലായിട്ടുണ്ട്. കോവിഡിന് ശേഷമുള്ള കാലത്ത് ഏത് തരത്തിലുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളുമാണ് പ്രതീക്ഷിക്കാൻ കഴിയുക? ശക്തമായ ഒരു സംഘടിത ബദൽ നിലവിലില്ലല്ലോ? അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് ആനന്ദ് പട് വർദ്ധനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നിലവിലെ ലിബറൽ ജനാധിപത്യ കക്ഷികളേയോ മുഖ്യധാരാ പാർട്ടികളേയോ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും സാധാരണ ജനങ്ങളിൽ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ എന്നുമാണ്.

കോവിഡ് വന്നതിന് ശേഷമാണ് പലരേയും അറസ്റ്റ് ചെയ്തത്. കോവിഡിന്റെ സാഹചര്യം ഇവർ മുതലെടുക്കുകയാണ്. കോവിഡ് സാഹചര്യം ഭരണകൂടത്തിന് നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് ജനാധിപത്യ ധ്വംസനം നടത്തുകയാണ്. ഇതിനിടയ്ക്കുള്ള നാടകം മാത്രമാണ് ഇവരെ സംബന്ധിച്ച് സ്വാതന്ത്ര്യദിനാഘോഷം. കൊറോണ എന്തായാലും ഒരിക്കൽ തീരും. അത് തീർന്നാൽ സമരങ്ങളുടെ പ്രളയം ഉയർന്നുവരേണ്ടിയിരിക്കുന്നു. അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയതലത്തിൽ ബദലായി ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കേണ്ടിയിരുന്നത് ലിബറൽ ജനാധിപത്യ കക്ഷികളേയും സോഷ്യലിസ്റ്റുകളേയും മറ്റുമായിരുന്നു. ഇടതുപക്ഷം ദുർബലരായതിനാൽ അവരിൽ പ്രതീക്ഷയർപ്പിക്കുന്നതിന് പരിമിതികളുണ്ട്. ഇടതുപക്ഷത്തെ അവർ ഭയപ്പെടുന്നുമില്ല. എന്നാൽ കോൺഗ്രസ്സിനുള്ളത് ഇരട്ടത്താപ്പാണ്. ബിജെപിയുടെ ഹിന്ദുത്വത്തിന് വോട്ട് ചെയ്യണോ, കോൺഗ്രസ്സിന്റെ ഹിന്ദുത്വത്തിന് വോട്ട് ചെയ്യണോ എന്നതാണ് ചോയ്സ് എന്ന നിലയ്ക്കാണ് കാര്യങ്ങൾ. ജനാധിപത്യം അത്രത്തോളം ദുർബലപ്പെട്ടിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗ് പോലുള്ള വലിയ ജനകീയ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നില്ലേ. അത് ഇനിയും വരും. ഈജിപ്റ്റിൽ ഹോസ്നി മുബാറക്കിനെ താഴെയിറക്കിയത് ഇത്തരം സമരങ്ങളാണ്. കെയ്റോയിലെ തെഹ്രീക് ചത്വരത്തിൽ ഇരുപതിനായിരത്തിലധികം സ്ത്രീകൾ അടക്കമുള്ള പ്രക്ഷോഭകാരികൾ വന്ന് നിറയുകയായിരുന്നു. ദിവസങ്ങൾക്കകം മുബാറക്കിന് അധികാരമൊഴിയേണ്ടി വന്നു. ജനങ്ങളുടെ വലിയ ശക്തി ആയിരിക്കും ലോകത്തിന്റെ എല്ലാ ഭാഗത്തുമെന്ന പോലെ ഇന്ത്യയിലും ഉയർന്നുവരാൻ പോകുന്നത്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കാഴ്ചക്കാർ മാത്രമാണെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കാണിച്ചുതന്നതാണ്. വിദ്യാർത്ഥികളും സ്ത്രീകളുമെല്ലാം മുന്നണിയിൽ വന്നപ്പോൾ എല്ലാ പാർട്ടികളും നോക്കിനിൽക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റേയും മറ്റും ഒറ്റപ്പെട്ട പ്രതിഷേധങ്ങളൊഴിച്ചാൽ മുഖ്യധാരാ കക്ഷികൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇടതുപക്ഷ പാർട്ടികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവർ അത്ര മാത്രം ദുർബലപ്പെട്ടിരിക്കുന്നു. അവശനിലയിലായ രോഗികളെ പോലെയാണ് അവർ. അവരെ യുദ്ധമുഖത്തേയ്ക്ക് വിളിക്കുന്നത് ശരിയല്ല. സോവിയറ്റ് മാർക്സിസത്തിന്റെ ലോകവ്യാപകമായ തകർച്ചയാണിത്. സോവിയറ്റ് മാർക്സിസം ഇനി ഉയർത്തെഴുന്നേൽക്കാനും പോകുന്നില്ല. കേരളത്തിലെ ശക്തി വച്ചൊന്നും ഒരു കാര്യവുമില്ല. കേരളത്തിൽ തന്നെ വലിയ തരത്തിലുള്ള പരിവർത്തനം അതിന് ആവശ്യമാണ്.

?ഗാവ് കണക്ഷൻ എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ദേശീയ സർവേ റിപ്പോർട്ട് ശ്രദ്ധേയമാണ്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് 23 ശതമാനം കുടിയേറ്റ തൊഴിലാളികളും കാൽനടയായാണ് വീട്ടിലേയ്ക്ക് പോയത് എന്നാണ്. 40 ശതമാനത്തോളം പേർക്ക് പോലീസ് മർദ്ദനമേറ്റതായും ഇത്രത്തോളം പേർക്ക് മതിയായ ഭക്ഷണവും വെള്ളവും മറ്റും കിട്ടിയില്ലെന്നും പറയുന്നു. എന്നാൽ സർവേയിൽ പങ്കെടുത്ത തൊഴിലാളികളിൽ പകുതിയിലധികം പേരും പറഞ്ഞത് മോദി സർക്കാർ അവർക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട് എന്നുമാണ്. ഈ വൈരുദ്ധ്യത്തെ എങ്ങനെ കാണുന്നു?

ഞാൻ ആ റിപ്പോർട്ട് വായിച്ചിരുന്നു. ഫാഷിസത്തിന്റെ സ്വഭാവമാണിത്. ഹിറ്റ്ലറുടെ കക്ഷി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. ആളുകൾ അടിമത്വം വരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ജനങ്ങൾ എപ്പോളും ഇത് അംഗീകരിച്ച് നിന്നോളണം എന്നില്ല. അതേസമയം സർവേകളുടെ പ്രശ്നം എന്താണെന്ന് വച്ചാൽ അത് തേടുന്നത് വ്യക്തിഗത അഭിപ്രായങ്ങളാണ്. എന്നാൽ ഒരു മൂവ്മെന്റ് ഉയർന്നുവരുമ്പോൾ അങ്ങനെയല്ല. കൊറോണ മൂലം ഇന്ത്യയിലെ ദാരിദ്ര്യം അതിരൂക്ഷമാകാൻ പോവുകയാണ്. കർഷക ആത്മഹത്യയുടെ പഴയ സാഹചര്യങ്ങളേക്കാൾ വലിയ പ്രശ്നങ്ങളിലേയ്ക്കാണ് ഇന്ത്യ എത്താൻ പോകുന്നത്. അത് ഉയർത്തുന്ന ജനങ്ങളുടെ വലിയ പ്രതിഷേധങ്ങളെ തടുക്കാൻ ഇവർക്ക് കഴിയില്ല. അത്തരം വലിയ ജനകീയ പ്രക്ഷോഭങ്ങളെ ഇപ്പോൾ നമുക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ അത് ഉയർന്നുവരും. ഷഹീൻബാഗ് പോലുള്ള വലിയൊരു പ്രക്ഷോഭം മുമ്പ് നമ്മൾ പ്രതീക്ഷിച്ചതല്ല. എന്നാൽ അത് സംഭവിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. സർവേയിൽ മോദി സർക്കാർ നല്ലതാണ് എന്ന് പറഞ്ഞ തൊഴിലാളികൾക്ക് പോലും ഈ പ്രക്ഷോഭത്തിൽ അണിചേരേണ്ടി വരും. അതൊരു സാമൂഹ്യ വികാരമാണ്. സാമൂഹ്യവികാരവും വ്യക്തിഗത അഭിപ്രായവും രണ്ടാണ്.

? ഫാഷിസ്റ്റുകളുടെ അധികാര പദ്ധതി വർഷങ്ങൾ നീണ്ട ശ്രമങ്ങളുടേതാണ്. എല്ലാ മേഖലകളിലും അവർ കടന്നുകയറ്റം നടത്തുന്നു. ഇപ്പോൾ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി കൊണ്ടുവന്നിരിക്കുന്നു. എല്ലാ മേഖലയിലും അധീശത്വം സ്ഥാപിച്ചുകൊണ്ടാണ് അത് മുന്നോട്ടുപോകുന്നത്.

ജൂറിസ് പ്രുഡൻസ് വരെ തിരുത്താനുള്ള ശ്രമങ്ങളിലാണ് അവർ. അവരെ സംബന്ധിച്ച് ജനാധിപത്യപരമായ വഴികൾ തേടേണ്ട ആവശ്യമില്ല. പാർലമെന്റിൽ കാര്യങ്ങൾ ചർച്ച ചെയ്യുകയോ പൊതുജനാഭിപ്രായം തേടുകയോ ഇല്ല. ഇഐഎ (എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ്) അവരുടെ മുതലാളിത്ത വികസന പദ്ധതി പ്രകൃതിക്ക് മേൽ കെട്ടിവയ്ക്കുന്നതിനുള്ള പരിപാടിയാണ് കാണിക്കുന്നത്.

? പരിസ്ഥിതി പ്രശ്നങ്ങളെ ഒരു ഭാഗത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ടക്കായി ഉയർത്തുകയും മറ്റൊരു ഭാഗത്ത് പരിസ്ഥിതി നശീകരണമുണ്ടാക്കുന്ന വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നതുമാണ് ബിജെപിയുടെ നയം. കേരളത്തിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പറഞ്ഞിട്ടുള്ള ബിജെപി, അവർ ഭരിക്കുന്ന പശ്ചിമഘട്ട മേഖലകളിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇതിനെ പിന്തുണക്കുന്നില്ല. ഇതിലെ വൈരുദ്ധ്യത്തെപ്പറ്റി?

കേരളത്തിൽ പിണറായി വിജയനെതിരായി പറയാൻ ഒരു അവസരം എന്ന നിലയ്ക്ക് ബിജെപി പരിസ്ഥിതിപ്രശ്നങ്ങളെ ഉപയോഗിക്കുന്നു എന്ന് മാത്രം. പക്ഷെ മറ്റ് സംസ്ഥാനങ്ങളിൽ അവർ അത് ചെയ്യില്ല.

? ഇന്ത്യയുടെ ബഹുസ്വര മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ എത്രത്തോളം ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് മുന്നോട്ടുപോകാനായിട്ടുണ്ട്?

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാർ കലാപം നടത്തിയവരല്ലേ കേരളത്തിലുള്ളവർ. ഇത്തരത്തിലുള്ള ജനകീയ കലാപങ്ങളെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. ഹിന്ദുമതം തന്നെ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഹിന്ദുത്വവാദികൾ പറയുന്നത് പോലെ അത് ഹോമോജീനിയസ് സ്വഭാവമുള്ള ഒന്നല്ല. ഭക്തിപ്രസ്ഥാനം തന്നെ നോക്കിയാൽ ഈ വൈവിധ്യം മനസ്സിലാകും. ബ്രിട്ടീഷുകാർ രണ്ട് നൂറ്റാണ്ടുകാലം ഹോമോജീനിറ്റി കൊണ്ടുവരാൻ ശ്രമിച്ചിട്ടുപോലും ഇന്ത്യക്കൊരു ഏകശിലാത്മക സ്വഭാവമുണ്ടാക്കാൻ കഴിഞ്ഞില്ല. കുറേയൊക്കെ ഇത് സാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടാണ് ഇവർ അധികാരത്തിലുള്ളത്. ഏതായാലും അവർ ജനങ്ങളെ ഭയപ്പെടുന്നുണ്ട്. ഇന്ത്യയുടെ പ്രക്ഷോഭ പാരമ്പര്യം അതാണ്. ജനങ്ങളുടെ ശക്തി എന്ന് പറയുന്നത് ഭരണകൂട ശക്തിയിൽ നിന്ന് വളരെ വ്യത്യസ്തമാണ്.


? ഇന്ത്യയിലെ വിവിധ മതവിശ്വാസധാരകളെക്കുറിച്ച് പറയുമ്പോൾ ഹിന്ദുത്വ പുനരുത്ഥാനവാദം ഫാഷിസ്റ്റുകൾക്ക് സഹായകമായതായി എം എൻ റോയിയെ പോലുള്ള ചിന്തകർ വിലയിരുത്തിയിട്ടുണ്ട്. ഹിന്ദുമതവുമായി ബന്ധപ്പെട്ട് നവോത്ഥാനത്തിന്റേയും പുനരുത്ഥാനത്തിന്റേയും ധാരകളുണ്ട്. മതം എത്തരത്തിലാണ് ഇന്ത്യയിൽ ഫാഷിസ്റ്റുകളുടെ അധികാര രാഷ്ട്രീയപദ്ധതിയെ സഹായിച്ചത്?

നവോത്ഥാന ധാരകൾ തന്നെ പലപ്പോഴും പുനരുത്ഥാനവാദവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനത്തെ ബൂർഷ്വാ നവോത്ഥാനമെന്നും സബാൾട്ടേൺ (കീഴാളവർഗ) നവോത്ഥാനമെന്നും രണ്ടായി തിരിക്കാം. മഹാത്മ ഗാന്ധിയും നാരായണ ഗുരുവും വാസ്തവത്തിൽ കീഴാള നവോത്ഥാനത്തിന്റെ വക്താക്കളായിരുന്നു. ഗുരു ഉയർത്തിക്കൊണ്ടുവന്ന കീഴാളവർഗ നവോത്ഥാനത്തെ ഹൈജാക്ക് ചെയ്യുകയാണ് വെള്ളാപ്പള്ളി നടേശനെപ്പോലുള്ള മുതലാളിമാർ ചെയ്തത്. മഹാത്മ ഗാന്ധിയെ ശാരീരികമായി കൊലപ്പെടുത്തിയത് ഗോഡ്സെ ആണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കൊലപ്പെടുത്തിയത് ആരൊക്കെയാണ് എന്ന് നമ്മൾ അന്വേഷിക്കേണ്ടതുണ്ട്. ലിബറൽ ജനാധിപത്യവാദികൾക്കും ഇടതുപക്ഷത്തിനുമെല്ലാം ഗാന്ധിയെ തിരസ്കരിച്ചതിൽ പങ്കുണ്ട്.

? ഗാന്ധിയെ രൂക്ഷമായി വിമർശിക്കുമ്പോൾ പോലും അദ്ദേഹത്തിന്റെ പ്രാധാന്യം അംബേദ്കർ അംഗീകരിച്ചിരുന്നില്ലേ?

തീർച്ചയായും. ഗാന്ധിജിയുടെ പ്രാധാന്യവും മഹത്വവും അംബേദ്കർ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പൂനാ കരാറിനെക്കുറിച്ച് പറയുമ്പോൾ അംബേദ്കർ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. സംവരണത്തെ എതിർക്കുന്ന നിലപാടായിരുന്നു ഗാന്ധിയുടേതെങ്കിൽ പോലും പൂനാ കരാർ ആണ് ദലിത് പ്രശ്നം ദേശീയ പ്രശ്നമാക്കി ഉയർത്തിയതെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യ അംബേദ്കറുമായി നടത്തിയിട്ടുള്ള അവസാനത്തെ കത്തിടപാടുകൾ ശ്രദ്ധേയമാണ്. ഗാന്ധിജി മരിച്ചിരിക്കുന്നു. ഇനി ഇന്ത്യൻ ജനതയുടെ നേതൃത്വം താങ്കൾ ഏറ്റെടുക്കണം എന്നാണ് ആ കത്തുകളിൽ അംബേദ്കറോട് ലോഹ്യ ആവശ്യപ്പെട്ടത്. നിങ്ങൾ ദലിതരുടെ നേതാവ് മാത്രമല്ല, ഇന്ത്യയുടെ ആകെ നേതാവാകണം എന്ന് ലോഹ്യ ആവശ്യപ്പെട്ടു. അംബേദ്കർ ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് മറുപടി എഴുതുകയും ചെയ്തിരുന്നു. അംബേദ്കറുടെ മരണം നേരത്തെ ആയത്, ഇന്ത്യയിൽ ഉണ്ടാകാമായിരുന്ന വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ സാധ്യത ഇല്ലാതാക്കി. അംബേദ്കർ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുകയായിരുന്നു.

? അംബേദ്കർ വേഴ്സസ് ഗാന്ധി, അംബേദ്കർ വേഴ്സസ് കമ്മ്യൂണിസ്റ്റ് എന്ന നിലയിലുള്ള ശത്രുതാപരമായ ഒരു ബൈനറി സൃഷ്ടിക്കാനല്ലേ സ്വത്വവാദികൾ ശ്രമിച്ചത്? ആനന്ദ് തെൽതുംദെയെ പോലുള്ള ചുരുക്കം ചിലർ മാത്രമല്ലേ ഇതിൽ നിന്ന് വ്യത്യസ്തമായ വസ്തുതാന്വേഷണത്തിന് ശ്രമിച്ചത്?

സ്വത്വരാഷ്ട്രീയക്കാർക്ക് അംബേദ്കറെ ഒരു ബിംബമാക്കി മാറ്റുന്നതിലാണ് താൽപര്യം. അംബേദ്കറെ ഇന്ത്യയുടെ നേതാവാക്കി മാറ്റുന്നതിനേക്കാൾ ദലിത് നേതാവായി മാത്രം ചിത്രീകരിക്കാനാണ് അവർ ശ്രമിച്ചത്. ഗാന്ധിയെ ഒരു ബൂർഷ്വാരാഷ്ട്രീയക്കാരനായി കാണുന്ന ഇഎംഎസ്സിന്റേയും എസ് എ ഡാങ്കെയുടേയുമൊക്കെ കാഴ്ചപ്പാടാണ് ഇപ്പോളും ഇന്ത്യൻ ഇടതുപക്ഷത്തിനുള്ളത്. വിവേകാനന്ദൻ അടക്കമുള്ളവരുടെ കട്ടൗട്ട് ഉപയോഗിക്കുന്നതുപോലെ ഡിവൈഎഫ്ഐക്കാർ ഗാന്ധിയേയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പരിപാടിയിൽ ഗാന്ധിക്ക് സ്ഥാനമില്ല എന്നതാണ് വസ്തുത. ഈ നിലപാട് തിരുത്താൻ ഇടതുപക്ഷം തയ്യാറാകണം.

? ഇന്ത്യയിലെ കൊളോണിയൽ വിരുദ്ധ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെക്കുറിച്ച് വ്യത്യസ്ത നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ലെനിനും എം എൻ റോയിയും മുന്നോട്ടുവച്ചത്. ഗാന്ധിയെക്കുറിച്ചുള്ള ഇരുവരുടേയും കാഴ്ചപ്പാടും വ്യത്യസ്തമായിരുന്നു. ഗാന്ധിയോട് ബൂർഷ്വാനേതാവെന്ന നിലയിലുള്ള വിയോജിപ്പ് റോയ് പ്രകടിപ്പിച്ചപ്പോൾ ലെനിൻ ഗാന്ധിയുടെ പ്രാധാന്യം കുറേക്കൂടി തിരിച്ചറിഞ്ഞിരുന്നു. അതേസമയം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ഇത് എത്തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളത്?

തൊഴിലാളിവർഗ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന പെറ്റി ബൂർഷ്വാ നേതാവായാണ് റോയ്, ഗാന്ധിയെ വിലയിരുത്തിയത്. അതേസമയം ലെനിൻ പറഞ്ഞത് ഗാന്ധി, ഇന്ത്യൻ കർഷകസമൂഹത്തിന്റെ നേതാവാണ് എന്നാണ്. എന്നാൽ ജോസഫ് സ്റ്റാലിന്റെ കാലത്ത് ലെനിന്റെ നിലപാട് അംഗീകരിച്ചിരുന്നില്ല. ഗാന്ധിയെ അംഗീകരിക്കുന്ന നിലപാടല്ല സ്വീകരിച്ചത്. ആ സമയത്ത് റോയിയുടെ നിലപാടായിരുന്നു സോവിയറ്റ് കമ്മ്യൂണിസ്റ്റുകൾക്കുണ്ടായിരുന്നത്. ഈ നയമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർക്കുണ്ടായിരുന്നത്. ഇന്ത്യൻ ബൂർഷ്വാസികളുടെ നേതാവായി മാത്രമാണ് അവർ ഗാന്ധിയെ കണ്ടത്. ഗാന്ധി ചെയ്തത് എന്താണെന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ് അവർ അങ്ങനെ വിലയിരുത്തിയത്. എന്നാൽ ഗാന്ധി ഇന്ത്യയിലെ കർഷകരുടേയും കൈവേലക്കാരുടേയും നേതാവായിരുന്നു. ആ അധ:സ്ഥിത സമൂഹങ്ങളെയാണ് ഗാന്ധി ഉണർത്തിയത്. അതേസമയം ഇന്ത്യൻ ബൂർഷ്വാസിയെ മുന്നിൽ നിർത്തിയായിരുന്നു സ്വാതന്ത്ര്യസമരം എന്നാണ് കമ്മ്യൂണിസ്റ്റുകാർ പറഞ്ഞത്. ഇവർ ജനകീയ ജനാധിപത്യ വിപ്ലവം എന്ന് പറയുന്നതിന്റെ പൊരുൾ അത് തന്നെയല്ലേ വാസ്തവത്തിൽ?

? ഗാന്ധിയേയും അംബേദ്കറേയും കമ്മ്യൂണിസ്റ്റ് പാർട്ടി ബൂർഷ്വാ നേതാക്കൾ എന്നും ബൂർഷ്വാ ജനാധിപത്യവാദികൾ എന്നും വിളിച്ചത് അധിക്ഷേപമെന്ന് പറയാൻ കഴിയുമോ? വാസ്തവത്തിൽ അത് സത്യസന്ധമായ മാർക്സിസ്റ്റ് വർഗവിശകലത്തിന്റെ ഭാഗമായ വാക്കുകൾ തന്നെയല്ലേ?

ഇന്ത്യൻ സ്വാതന്ത്ര്യം ഇന്ത്യൻ ബൂർഷ്വാസികളുടെ നേട്ടമാണെന്നും ജനങ്ങളുടെ യഥാർത്ഥ സ്വാതന്ത്ര്യത്തെ ഇവർ തടഞ്ഞുനിർത്തി എന്നുമാണ് കമ്മ്യൂണിസ്റ്റുകാർ വിലയിരുത്തിയത്. ജനങ്ങളുടെ സമരങ്ങളെ തടയാൻ ഗാന്ധി നേതൃത്വം നൽകി എന്നാണ് അവർ വിലയിരുത്തിയത്. സായുധസമരങ്ങളേയും കർഷകസമരങ്ങളെയുമെല്ലാം ഗാന്ധി അഹിംസാവാദം കൊണ്ട് തടഞ്ഞു, സ്വാതന്ത്ര്യ സമരത്തെ ഉപജാപങ്ങളാൽ വഴിതിരിച്ചു, അധികാരം ബൂർഷ്വാസിയുടെ കയ്യിലേൽപ്പിച്ചു എന്നെല്ലാമാണ് പറഞ്ഞത്. സ്വാതന്ത്യം എന്നതിനേക്കാൾ അധികാരക്കൈമാറ്റം എന്നാണ് ആദ്യകാലത്ത് ഇടതുപക്ഷം വിളിച്ചിരുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉള്ളടക്കം എന്താണെന്ന് മനസ്സിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. ലിബറൽ ജനാധിപത്യത്തിന് അടിയിലുള്ള ഇന്ത്യൻ ജനതയെന്ന ജനാധിപത്യ ശക്തിയെ അവർ തിരിച്ചറിഞ്ഞില്ല.

? എല്ലായിടത്തും ഫാഷിസ്റ്റുകളുടെ സ്വഭാവം ഒന്നായിരിക്കില്ല എന്ന് എം എൻ റോയ് വിലയിരുത്തിയിട്ടുണ്ട്. ഹിറ്റ്ലറുടെ ജർമ്മിനിയിലേയോ മുസ്സോളിനിയുടെ ഇറ്റലിയിലേയോ പോലെ ആയിരിക്കില്ല ലോകത്ത് എല്ലായിടത്തും ഫാഷിസ്റ്റുകൾ പ്രവർത്തിക്കുക. പ്രവർത്തനതന്ത്രങ്ങൾ വ്യത്യസ്തമായിരിക്കും. സാംസ്കാരിക പുനരുത്ഥാനം ലക്ഷ്യമെന്ന് അവകാശപ്പെടുന്ന ആർഎസ്എസ്സിന്റെ ഫാഷിസ്റ്റ് പദ്ധതിയെക്കുറിച്ച് 1953ൽ എം എൻ റോയ് മുന്നറിയിപ്പ് നൽകിയിരുന്നു. മതപുനരുത്ഥാന വാദം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഫാഷിസ്റ്റുകളെ സഹായിക്കുന്നതായി അക്കാലത്ത് അദ്ദേഹം എഴുതിയിരുന്നു. ഇന്ത്യൻ മധ്യവർഗത്തിൽ ഇന്ന് ഫാഷിസ്റ്റ് കക്ഷികൾക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ ഇതിനെ എങ്ങനെ കാണാം?

ഇന്ത്യയിൽ കേരളമടക്കമുള്ള പ്രദേശങ്ങളിലെല്ലാം ഇത്തരം ഫാഷിസ്റ്റ് അനുകൂല മനോഭാവം നഗര മധ്യവർഗത്തിനാണ് കാര്യമായുള്ളത്. മാധ്യമങ്ങളിലൂടെ നമ്മൾ അറിയുന്നതും നഗര മധ്യവർഗത്തിന്റെ കാര്യമാണ്. കൊറോണ കാലത്ത് മോദി പാട്ട കൊട്ടാൻ പറഞ്ഞപ്പോൾ ബാൽക്കണികളിൽ നിന്ന് കൊട്ടിയത് ഇവരാണ്. അവർ എക്കാലവും ഇവരെ പിന്തുണക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ വർഗീയ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാൽ എല്ലാം നഗരങ്ങളിൽ നിന്നാണ് തുടങ്ങിയത് എന്ന് കാണാം. ഒരു കലാപം പോലും ഗ്രാമങ്ങളിൽ നിന്ന് തുടങ്ങിയിട്ടില്ല. നഗരങ്ങളിൽ നിന്ന് തുടങ്ങിയ പല കലാപങ്ങളും ഗ്രാമങ്ങളിലേയ്ക്ക് പടരുകയുണ്ടായിട്ടുണ്ട്. വിഭജനകാലത്തൊക്കെ ഇത് സംഭവിച്ചു. എന്നാൽ ഇപ്പോളും ഗ്രാമങ്ങളിൽ നഗരങ്ങളിലുണ്ടാക്കിയ പോലുള്ള വർഗീയധ്രുവീകരണമുണ്ടാക്കാനും അവർക്ക് വലിയ തോതിൽ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമം കാര്യമായി അവർ നടത്തുന്നുണ്ട്.

? ദലിതുകളേയും കീഴാള ജനവിഭാഗങ്ങളേയും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ തിരിച്ചുവിടാനും വർഗീയകലാപങ്ങൾക്കായി ഉപയോഗിക്കാനും ഹിന്ദു ഏകോപനത്തിനായി കൊണ്ടുവരാനും എങ്ങനെയാണ് സംഘപരിവാറിന് കഴിയുന്നത്?

അവർക്ക് ഇപ്പോൾ അതിന് കാര്യമായി കഴിയുന്നില്ല എന്നതാണ് വസ്തുത. സവർണ ഹിന്ദുത്വ ആശയങ്ങൾകൊണ്ട് മാത്രം ഇനി അധികം മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ചറിവിലാണ് ഹിന്ദുത്വശക്തികൾ. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ മനുസ്മൃതിയും രാമായണവും വരെ തിരുത്താൻ ഇവർ ആലോചിക്കുന്നത്.

? 1983ലാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. 1990ൽ വി പി സിംഗ് ഗവൺമെന്റ് റിപ്പോർട്ട് നടപ്പാക്കി. ജനസംഘത്തിന് ശേഷമുള്ള ആർഎസ്എസ്സിന്റെ രാഷ്ട്രീയമുഖമായി ബിജെപി രൂപീകരിച്ചത് 1980ലാണ്. 1982ലാണ് ഇന്ത്യ ആദ്യമായി ഐഎംഎഫ് ലോൺ വാങ്ങിയത്. 1984ലാണ് വിശ്വഹിന്ദു പരിഷദ് അയോധ്യ രാമജന്മഭൂമി പ്രസ്ഥാനം സജീവമാക്കി പ്രചാരണം തുടങ്ങി. ഉദാരവത്കരണ സാമ്പത്തിക നയങ്ങൾ ഇന്ത്യ നടപ്പാക്കിയത് 1991ലും ബാബറി മസ്ജിദ് തകർക്കപ്പെട്ടത് 1992ലുമാണ്. ഈ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളും സാമൂഹ്യ, സാമ്പത്തിക നയങ്ങളും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നില്ലേ? ആഗോളവത്കരണം കീഴാള വിഭാഗങ്ങളെ സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്തിയെന്ന ഒരു വിഭാഗം സ്വത്വവാദികളുടെ വാദത്തിൽ കഴമ്പുണ്ടോ?

ആ വാദത്തിൽ എന്തെങ്കിലും യുക്തിയുള്ളതായി തോന്നിയിട്ടില്ല. ഇപ്പോഴും ആഗോളവത്കരണ, ഉദാരവത്കരണ നയങ്ങൾ മുന്നോട്ടുപോവുകയാണല്ലോ. ഇപ്പോളത്തെ ദലിതുകളുടെ സാമൂഹിക, സാമ്പത്തികനിലകൾ പരിശോധിച്ചാൽ ഈ വാദത്തിലെ യുക്തിരാഹിത്യം ബോധ്യമാകും. ആഗോളവത്കരണം അടിത്തട്ടിലുള്ള വിഭാഗങ്ങളെയാണ് ഏറ്റവും ദുരിതത്തിലാക്കിയത്. പുതിയ ഖനന നയം ആദിവാസികളേയും മറ്റും വൻ തോതിൽ കുടിയിറക്കാനാണ് ഇടയാക്കുക.

? ജനങ്ങളുടെ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒരു സംഘടിത സ്വഭാവമില്ലാത്ത പക്ഷം അത് എങ്ങനെയാണ് പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ അധികാരത്തിലേയ്ക്കും അതുവഴി നയങ്ങൾ നടപ്പിലാക്കുന്നതിലേയ്ക്കും എത്താൻ ജനാധിപത്യശക്തികൾക്ക് സാധിക്കുക?

ജനങ്ങളുടെ വലിയ ശക്തിയെ നിലനിൽക്കുന്ന സംവിധാനത്തിൽ മുഖ്യധാരാ കക്ഷികൾ എങ്ങനെ ചാനലൈസ് ചെയ്യുന്നു എന്നത് ഇതിൽ പ്രധാനമാണ്. ജനങ്ങൾ ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിച്ച് വിപ്ലവം നടത്തും എന്ന് നമുക്ക് ഇപ്പോൾ പറയാനാകില്ല. എന്നാൽ ഭാവിയിൽ വലിയ മാറ്റങ്ങളുണ്ടാകാം. ജനങ്ങളുടേതായ പാർലമെന്റ് രൂപപ്പെടുന്ന നിലയുണ്ടാകും.

? അക്കാദമിക്ക് രംഗത്തെയും ബുദ്ധിജീവികൾക്കിടയിലേയും സാന്നിധ്യമില്ലായ്മ രാജ്യത്ത് സംഘപരിവാറിന് വലിയ വെല്ലുവിളിയായിരുന്നു. ഇടതുപക്ഷക്കാരോ, ലിബറൽ ജനാധിപത്യവാദികളോ ആയവരാണ് ഈ മേഖലകളിൽ നിറഞ്ഞുനിന്നത്. തങ്ങൾക്ക് മെരുക്കാൻ കഴിയുന്നവരെ മെരുക്കിയെടുക്കുക, അല്ലാത്തവരെ തകർക്കുക എന്നതാണ് സംഘപരിവാറിന്റെ സമീപനം. എതിർശബ്ദങ്ങൾ ഉയർത്തുന്നവരെ ഓരോരുത്തരെയായി തടവിലാക്കുന്നത് ഇത്തരത്തിലുള്ള സാംസ്കാരിക അധീശത്വത്തിന്റെ ഭാഗമല്ലേ?

തീർച്ചയായും അക്കാദമിക്കുകളേയും ബുദ്ധിജീവികളേയും സാധാരണ ജനങ്ങളെക്കൊണ്ട് ആക്രമിക്കുക എന്ന തന്ത്രം അവർ സ്വീകരിച്ചിട്ടുണ്ട്. ജെഎൻയു പോലുള്ള യൂണിവേഴ്സിറ്റികളിലെ ഗുണ്ടാ ആക്രമണമൊക്കെ ഇതാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കാനുള്ള ശ്രമം ബുദ്ധിജീവി കേന്ദ്രങ്ങളെ തകർക്കുക എന്ന ആസൂത്രിതപദ്ധതിയുടെ ഭാഗമായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗജേന്ദ്ര ചൗഹാൻ എന്ന ബിജെപിക്കാരനായ സീരിയൽ നടനെ ഇവിടെ ചെയർമാനായി കൊണ്ടുവന്നത്. ഫാഷിസ്റ്റുകളെ എതിർക്കുന്ന ബുദ്ധിജീവികളെ വിശേഷിപ്പിക്കാൻ അർബന്‍ നക്സൽ എന്ന പുതിയ വാക്കാണ് ഇവർ ഉപയോഗിച്ചത്. അതേസമയം ബുദ്ധിജീവികളുടെ സമീപനത്തിൽ തന്നെ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നാണ് തോന്നുന്നത്.

? ജൂണിൽ പ്രശാന്ത് ഭൂഷൺ ട്വീറ്റിൽ പറഞ്ഞ്, കഴിഞ്ഞ ആറ് വർഷം ഔപചാരികമായ അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ഇന്ത്യയിലെ ജനാധിപത്യത്തെ എങ്ങനെ തകർക്കാൻ കഴിഞ്ഞു എന്ന് ചരിത്രകാരന്മാർ വിലയിരുത്തുമ്പോൾ അതിൽ സുപ്രീം കോടതിയുടേയും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടേയും പങ്ക് വ്യക്തമാകുമെന്നാണ്. ഇന്ന് ശ്രീകൃഷ്ണൻ ജയിലിൽ ജനിച്ച ദിവസമാണ്, നിങ്ങൾക്ക് ജാമ്യം വേണോ എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഒരു പ്രതിയോട് ചോദിച്ചത് എന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രശാന്ത് ഭൂഷന്റെ ആരോപണത്തെ എങ്ങനെ കാണുന്നു? ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥമായ ഉന്നത നിയമസ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇത്തരം കാര്യങ്ങൾ. കോടതികളേയും നിയമസംവിധാനങ്ങളേയും അടിയന്തരാവസ്ഥാ കാലത്ത് പോലുമുണ്ടാകാത്ത വിധത്തിൽ എത്തിക്കാൻ നിലവിലെ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടോ?

അയോധ്യ-ബാബറി കേസിലെ വിധിയോടെ സുപ്രീം കോടതിക്ക് ഭരണഘടനാ മൂല്യങ്ങളിൽ നിന്നുണ്ടായിരിക്കുന്ന വ്യതിചലനം വ്യക്തമായിരിക്കുന്നു. ഇത്തരം പ്രധാനപ്പെട്ട കേസുകൾ വരുമ്പോൾ ഭരണകൂടത്തോടുള്ള വിധേയത്വവും ദാസ്യമനോഭാവവുമാണ് കോടതിയിൽ നിന്നുണ്ടാകുന്നത് എന്ന് തന്നെ പറയേണ്ടി വരും. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എക്സിക്യൂട്ടീവിന് മുന്നിൽ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെതിരെ സോഷ്യൽ മീഡിയ പ്രതിഷേധമല്ലാതെ ശക്തമായ പ്രക്ഷോഭങ്ങളൊന്നും ഉയർന്നുവരുന്നില്ല. കോവിഡിന്റെ പ്രത്യേക സാഹചര്യം ഇതിന് കാരണമായിട്ടുണ്ട്. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ.

? ജനാധിപത്യ പ്രക്ഷോഭങ്ങൾ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ ശേഷം പഴയ നിലയിലേയ്ക്ക് തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോ?

തീർച്ചയായും ഫാഷിസ്റ്റ് നയങ്ങളും അധികാരവും ഉപയോഗിച്ച് അവർക്ക് ജുഡീഷ്യറിയെ അടക്കം സ്വാധീനത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടാകും. അതേസമയം മാധ്യമങ്ങള പൂർണമായും വരുതിയിലാക്കാൻ അവർക്ക് ഇപ്പോളും കഴിഞ്ഞിട്ടില്ല. കുറേ ചാനലുകളേയും പത്രങ്ങളേയും അവർക്ക് വരുതിയിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ അല്ലാത്തവയുടെ ശക്തമായ സാന്നിധ്യം ഇവിടെയുണ്ട്. നവമാധ്യമങ്ങളിലെ അവരുടെ അധീശത്വ അജണ്ടകളും പൂർണമായും വിജയിച്ചിട്ടില്ല. വലിയ ജനമുന്നേറ്റങ്ങൾ ഉയർന്നുവരുകയും ചെയ്യും.


Next Story

Related Stories