TopTop
Begin typing your search above and press return to search.

ശബരിമല: വിധികാത്ത് കേരളം, റിവ്യൂ ഹർജികളിലെ വാദങ്ങൾ ഇങ്ങനെ

ശബരിമല: വിധികാത്ത് കേരളം, റിവ്യൂ ഹർജികളിലെ വാദങ്ങൾ ഇങ്ങനെ

യുവതി പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചത്. വിധി പ്രകാരം ഏത് പ്രായത്തിലുമുള്ള വനിതകൾക്കും ഉപാധികളില്ലാതെ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുകയാണുണ്ടായത്. വിവേചനപരമായ ആചാരങ്ങൾ സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യത്തെയും ക്ഷേത്രപ്രവേശനസ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതായി പ്രസ്താവിക്കുന്നതിന് കോടതിക്ക് മടിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഉത്തരവ്. ഭരണഘടനയുടെ അനുശാസിക്കുന്ന സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് നിലവിൽ ഉണ്ടായിരുന്ന വിലക്കെന്ന് സുപ്രീംകോടതി കണ്ടെത്തി. ഏതൊരു മതവിശ്വാസവും പാലിക്കാനുള്ള അവകാശത്തിനും എതിരാണ് വിലക്കെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

5 അംഗ ഭരണഘടനാ ബെഞ്ച് 10.30ന് തീരുമാനം പറയും. കഴിഞ്ഞ വർഷം യുവതീപ്രവേശ അനുകൂല വിധി നൽകിയവരിൽ (മുൻ) ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാൻ, ചന്ദ്രചൂഡ് എന്നിവർ വെവ്വേറെ വിധിന്യായമെഴുതി. എതിർത്ത ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ചീഫ് ജസ്റ്റിസ് മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു.

എന്നാൽ യുക്തിചിന്തയ്ക്ക് അതീതമായി ആചാരങ്ങൾ അനുഷ്ഠിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി. അയ്യപ്പഭക്തർ ഒരു പ്രത്യേക മത വിഭാഗമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

1965 ലെ നിയമത്തിന് കീഴിൽ‌ രൂപവത്കരിക്കപ്പെട്ട 3(ബി) ചട്ടപ്രകാരം ശബരിമല ക്ഷേത്രത്തിൽ അനുവർത്തിച്ച് വരുന്ന സ്ത്രീകളെ വിവേചന പരമായി ഒഴിവാക്കുന്ന ആചാരം ഹിന്ദു സ്ത്രീകളുടെ അരാധനയുടെയും മത വിശ്വാസങ്ങളുടെയും ലംഘനമാണ്. ഭരണഘടനയുടെ 25(1) അനുഛേദ പ്രകാരമുള്ള മതാചരണത്തിനുള്ള അവകാശം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പുരുഷവർമാർക്കും ലഭ്യമാണ്. ശബരിമല ക്ഷത്രത്തിൽ 10നും 50നു ഇടയിൽ പ്രയമുള്ള സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്ന തരത്തിലുള്ള ആചാരം മതാചാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ദേവസ്വം ബോർഡിന്റെ വാദം അംഗീകരിക്കാനാവില്ല.

ഇതിനെതിരായ 56 പുന:പരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്ന കോടതിയില്‍ വാദം കേട്ടു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മുഖ്യഹര്‍ജിക്കാര്‍. യുവതി പ്രവേശ വിലക്ക് വിവേചനപരമോ, അയിത്തമോ അല്ല. നൈഷ്ഠിക ബ്രമ്ഹചാരിയെന്ന നിലക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍.

എന്നാല്‍, വിലക്കിന്‍റെ അടിസ്ഥാനം അയിത്തവും, ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപാടുമാണ്. യുവതി പ്രവേശവിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിക്കുന്നു. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടേ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്. സംസ്ഥാന സര്‍ക്കാർ, ദേവസ്വം ബോര്‍ഡ്, യങ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളാണ് ഈ വാദം ഉന്നയിച്ചത്.

റിവ്യൂ ഹർജികളിലെ വാദങ്ങൾ ഇങ്ങനെ

ആചാര സംരക്ഷണ സമിതി

പ്രതിഷ്ഠയുടെ സ്വഭാവമെന്നത് മതത്തിന്റെ ആഭ്യന്തര കാര്യമായതിനാൽ അതിൽ തീരുമാനമെടുക്കേണ്ടത് ആ മത വിഭാഗത്തിൽ ഉള്ളവരാണ്. ആചാരം മാറ്റേണ്ടെന്നാണ് അവരുടെ തീരുമാനമെങ്കിൽ ആചാരം തുടരും. ശബരിമലയിലെ ആചാരം ഒരു വിഭാഗം ഹിന്ദുക്കൾ തങ്ങളുടെ അടിസ്ഥാന വിശ്വാസമായി അംഗീകരിച്ചതാണ്. ഈ ആചാരങ്ങൾ നൂറ്റാണ്ടുകളായുള്ളതാണ് അതിൽ തർക്കമില്ല.

എൻഎസ്എസ്

ശബരിമലയിലേത് ജാതി അടിസ്ഥാനത്തിലല്ല, പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള ആചാരമാണ്. ചരിത്രപരമായ പശ്ചാത്തലം മനസിലാക്കാതെയാണ് ശബരിമലയിലേത് അയിത്തമെന്നു കോടതി നിരീക്ഷിച്ചത്. മനുഷ്യജീവിയെന്ന പരിഗണന നൽകാത്തപ്പോഴാണ് അയിത്തമാകുന്നത്.

തന്ത്രി കണ്ഠര് രാജീവര്

വിശ്വാസിയുടെ ഭരണഘടനാപരമായ മൗലികാവകാശത്തിന്റെ ഭാഗമാണ് ശബരിമലയിലെ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരിയെന്ന സ്വഭാവവും. വിശ്വാസ കാര്യങ്ങളിൽ അവസാന വാക്ക് തന്ത്രിയുടേതാണ്. വിശ്വാസി ക്ഷേത്രത്തിൽ പോകുന്നത് ചോദ്യം ചെയ്യാനല്ല, ആരാധിക്കാനാണ്. നൈഷ്ഠിക ബ്രഹ്മചാരിയെന്ന സങ്കൽപം എല്ലാ ദിവസവും പൂജയിലൂടെ ആവർത്തിച്ചു സ്ഥാപിക്കപ്പെടുന്ന സംഗതിയാണ്.

പ്രയാർ ഗോപാലകൃഷ്ണൻ

ഒഴിവാക്കപ്പെടുന്നത് ചെറിയൊരു വിഭാഗമാണ്. അത് ബ്രഹ്മചര്യവുമായി ബന്ധപ്പെട്ടതാണ്. ജാതിയുടെയോ മതത്തിന്റെയോ േപരിൽ ആരെയും ഒഴിവാക്കുന്നില്ല. ശബരിമല ശാസ്ത്ര മ്യൂസിയമല്ല, ക്ഷേത്രമാണ്. അവിടെ ഭരണഘടനാ ധാർമികത പ്രയോഗിച്ച്, ആചാരം തെറ്റ് എന്നു പറയാനാവില്ല. ശബരിമല അയ്യപ്പന്റെ യഥാർഥ വിശ്വാസിക്ക് ആചാരം അനുപേക്ഷണീയമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ്/ സർക്കാർ

തുല്യതയും അന്തസോടെ ജീവിക്കാനുള്ള അവകാശവും അയിത്തമില്ലായ്മയും ഭരണഘടനാ ധാർമികതയുടെ ഭാഗം. സമൂഹം കാലത്തിനൊത്തു മാറണം, ക്ഷേത്രാചാരങ്ങൾ ഭരണഘടനാ ധാർമികതയ്ക്കു വിരുദ്ധമാകരുത് . ആർത്തവം ജീവശാസ്ത്രപരമാണ്. അതില്ലാതെ മനുഷ്യവംശത്തെ സങ്കൽപിക്കാനാവില്ല. ബെ‍ഞ്ചിലെ ഒരാൾ വിയോജിച്ചുവെന്നത് വിധി പുനഃപരിശോധിക്കുന്നതിനു മതിയായ കാരണമല്ല. മതസ്വാതന്ത്ര്യ സംബന്ധിയായി ഭരണഘടനാ അവകാശങ്ങൾ‌ നിഷേധിക്കുന്ന ഏതു നടപടിയും ഭരണഘടനാ വിരുദ്ധമാണ്.

പി.ബിന്ദു, കനകദുർഗ

ക്ഷേത്രം പൊതു സ്ഥലമാണ്. കോടതി പരിശോധിച്ചു തീർപ്പാക്കിയ വിഷയം ലിംഗനീതിയിൽ അധിഷ്ഠിതമാണ്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ പ്രവേശിച്ചത്. അതിന്റെ പേരിൽ വധഭീഷണിയും സാമൂഹികമായ ഒറ്റപ്പെടുത്തലും നേരിടുകയാണ്.


Next Story

Related Stories