TopTop

എൻഐഎ നിയമം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധം; ചത്തീസ്ഗഢ് സർക്കാർ സുപ്രീം കോടതിയിൽ

എൻഐഎ നിയമം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധം; ചത്തീസ്ഗഢ് സർക്കാർ സുപ്രീം കോടതിയിൽ

യുപിഎ സർക്കാർ കൊണ്ടുവന്ന എൻഐഎ നിയമം ചോദ്യം ചെയ്ത് ചത്തീസ്‌ഗഡിലെ കോൺഗ്രസ് സര്‍ക്കാർ സർക്കാർ സുപ്രീം കോടതിയിൽ. ദേശീയ അന്വേഷണ ഏജൻസി നിയമം 2018 ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചത്തീസ്‌ഗഡിലെ കോൺഗ്രസ് സർക്കാർ കോടതിലെത്തിയിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഛത്തീസ്‌ഗഡിന്റെ നീക്കം. ‌‌

നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം. നിയമം പ്രാദേശിക പൊലീസിന്റെ അധികാരത്തിൽ കൈകടത്തുന്നതാണ്. എൻ‌ഐ‌എ ആക്റ്റ് നിലവിലെ രൂപത്തിൽ സംസ്ഥാനങ്ങൾക്ക് അന്വേഷണം നടത്താനുള്ള അധികാരം എടുത്തുകളയുയാണ് ചെയ്യുന്നത്. എന്നാൽ കേന്ദ്ര സർക്കാറിന് അനിയന്ത്രിതവുമായ അധികാരങ്ങൾ നൽകുകയും ചെയ്യുന്നു. കുടാതെ ഈ നിയമം പാർലമെന്റിന്റെ നിയമനിർമ്മാണ ശേഷിക്ക് അതീതമാണെന്നും ഭരണഘടനയുടെ "ഫെഡറൽ സ്വഭാവത്തിന്" എതിരാണെന്നും സംസ്ഥാനം വാദിക്കുന്നു.

ഭരണഘടന പ്രകാരം "പോലീസ്" എന്നത് സംസ്ഥാനത്തിന്റെ വിഷയമാണ്. അതിനാൽ, കേന്ദ്രത്തിന് പോലീസ് അധികാരം നൽകുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന്റെ ഭരണഘടനാപരമായ അടിസ്ഥാനത്തെ എൻ‌ഐ‌എ നിയമം തടസ്സപ്പെടുത്തുന്നു. ഇന്ത്യൻ ഭരണഘടന പ്രകാരം വിഭാവനം ചെയ്തിട്ടുള്ള സംസ്ഥാന പരമാധികാരം എന്ന ആശയം വ്യക്തമായി നിരാകരിക്കുകയാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഐഎ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാറുമായി ഏകോപനത്തിനോ കൂടിയാലോചനയ്‌ക്കോ യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചത്തീസ്ഗഢ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരായ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടനയിലെ അനുച്ഛേദം 131 പ്രകാരമാണ് കേന്ദ്ര നിയമത്തിനെതിരേ ചത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അനുച്ഛേദം 131 പ്രകാരമാണ് കഴിഞ്ഞ ദിവസം കേരള സര്‍ക്കാരും സുപ്രീംകോടതിയിലെത്തിയത്.

കഴിഞ്ഞ യുപിഎ സർക്കാറിന്റെ കാലത്ത് പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെയാണ് എന്‍ഐഎ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഭീകവാദവുമായി ബന്ധപ്പെട്ട രാജ്യത്തെ കേസുകളും അന്വേഷിക്കാനുള്ള പ്രത്യേക ദേശീയ അന്വേഷണ വിഭാഗമാണ് എന്‍ഐഎ. ഇത് പ്രകാരം സംസ്ഥാന പോലീസ് ചുമത്തുന്ന യുഎപിഎ കേസുകളില്‍ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ തന്നെ എന്‍ഐഎയ്ക്ക് കേസ് എടുക്കാനും സാധിച്ചിരുന്നു. നിയമത്തിൽ കഴിഞ്ഞ വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാന്‍ അന്വേഷണ ഏജൻസിക്ക് അധികാരം നൽകുന്ന തരത്തിലായിരുന്നു ഭേദഗതി.


Next Story

Related Stories