TopTop
Begin typing your search above and press return to search.

ഭീമ കോറെഗാവ് കേസ്: അറസ്റ്റിലായ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫ. ഹാനി ബാബുവിന്റെ വീട്ടിൽ വീണ്ടും എൻഐഎ റെയ്ഡ്

ഭീമ കോറെഗാവ്  കേസ്:  അറസ്റ്റിലായ  ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫ. ഹാനി ബാബുവിന്റെ വീട്ടിൽ വീണ്ടും എൻഐഎ റെയ്ഡ്

ഭീമ കോറെഗാവ് - എല്‍ഗാര്‍ പരിഷദ് കേസില്‍ എൻഐഎ അറസ്റ്റ് ചെയ്ത മലയാളിയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബുവിന്റെ വീട്ടിൽ വീണ്ടും റെയ്ഡ്. ഹാനി ബാബുവിന്റെ ഭാര്യയും ഡല്‍ഹി സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയുമായ ജെന്നി റൊവേന താമസിക്കുന്ന വീട്ടിലാണ് പരിശോധന. ഡല്‍ഹിക്ക് സമീപം ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗര്‍ ജില്ലയിലുള്ള സലാര്‍പൂരിലാണ് ഹാനി ബാബു താമസിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ഹാനിബാബുവിനെ അറസ്റ്റ് ചെയ്തത്.

പ്രൊഫസര്‍ ഹാനി ബാബുവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിൽ നടത്തുന്ന പരിശോധന ഞെട്ടിക്കുന്നതാണെന്ന് ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രസിഡന്റ് രാജീബ് റേ വ്യക്തമാക്കി.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റഡ് പ്രൊഫസറായ ഹാനി ബാബുവിനെതിരെ ഭീമ കോറിഗാവ് - എല്‍ഗാര്‍ പരിഷദ് കേസില്‍ പൂനെ പൊലീസാണ് പ്രതിയാക്കിയത്. 2018 നവംബര്‍ 15ന് കുറ്റപത്രം സമര്‍പ്പിച്ച പൂനെ പൊലീസ് 2019 ഫെബ്രുവരി 21ന് സപ്ലിമെന്ററി ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി ജൂലായ് 28 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഹാനി ബാബു മാവോയിസ്റ്റ് പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നതായാണ് എൻഐഎയുടെ ആരോപണം. ഹാനിബാബു ഭീമ കോറെഗാവ് കലാപത്തിന്റെ ആസൂത്രകനാണ്. ഗൂഢാലോചനയില്‍ പങ്കാളിയാണ്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് എന്‍ഐഎ ഉന്നയിക്കുന്നത്. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ പ്രൊഫ. ഹാനി ബാബുവിന്റെ വീട്ടില്‍ പൂനെ പോലീസ് റെയ്ഡ് നടത്തി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ എടുത്തു കൊണ്ടുപോയിരുന്നു.

അതിനിടെ ഹാനിബാബുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഗവേഷകരും ആക്ടിവിസ്റ്റുകളും സർക്കാറിനോട് ആവശ്യപ്പെട്ടു. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ ഇന്ത്യൻ സർക്കാർ നടത്തുന്ന നീക്കത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് ഇവർ ആരോപിച്ചു.

ഏപ്രില്‍ 14ന് ദളിത് ചിന്തകനും എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനുമായ ആനന്ദ് തെല്‍തുംദെ, സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരടക്കം 12 പേരെയാണ് എൻഐഎ കേസ് ഏറ്റെടുത്ത ശേഷം ഭീമ കോറിഗാവ് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്.

മുംബൈയിൽ ഹാജരാകാൻ ആവശ്യപ്പെട്ട്, നോയ്ഡയിലുള്ള ഹാനി ബാബുവിന് ജൂലായ് 11ന് എൻഐഎ നോട്ടീസ് നൽകിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ ഈ മാസം അഴിമുഖത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു. കോവിഡ് കാലത്തെ യാത്രാബുദ്ധിമുട്ടുകൾക്കിടയിലും ജൂലായ് 15ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ജൂലായ് 11ന് എൻഐഎ സമൻസ് നൽകിയിരുന്നത്.

2017 ഡിസംബർ 31ന് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവിൽ നടന്ന എൽഗാർ പരിഷദ് പരിപാടിയിൽ പങ്കെടുത്തവരും പ്രാസംഗികരും മാവോയിസ്റ്റ് ആക്രമണ പദ്ധതികളിൽ ഗൂഢാലോചന നടത്തിയവരാണെന്നും 2018 ജനുവരി 1നുണ്ടായ സംഘർഷത്തിനും കലാപത്തിനും ഉത്തരവാദികളാണെന്നും ആരോപിച്ചുള്ള ഭീമ കോറിഗാവ് - എൽഗാർ പരിഷദ് കേസ്. സുധ ഭരദ്വാജ്, ഷോമ സെന്‍, വരാവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര തുടങ്ങിയ പൊതുപ്രവർത്തകർ രണ്ട് വര്‍ഷത്തോളമായി വിചാരണ തടവുകാരായി കഴിയുകയാണ്.


Next Story

Related Stories