TopTop
Begin typing your search above and press return to search.

നിര്‍ഭയ: ഏറ്റവും ക്രൂരമായി കുറ്റം ചെയ്തുവെന്ന് മാധ്യമങ്ങള്‍ പറഞ്ഞ ആ കുട്ടി ഇന്നെവിടെയാണ്

നിര്‍ഭയ: ഏറ്റവും ക്രൂരമായി കുറ്റം ചെയ്തുവെന്ന് മാധ്യമങ്ങള്‍ പറഞ്ഞ ആ കുട്ടി ഇന്നെവിടെയാണ്

എട്ട് വര്‍ഷത്തിന് ശേഷം നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ നാല് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരിക്കുന്നു. തന്റെ മകളോട് കൊടും ക്രൂരത ചെയ്തവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതോടെ നീതി ലഭിച്ചുവെന്ന് ആ കുട്ടിയുടെ മാതാപിതാക്കളും പറയുന്നു. അതേസമയം പ്രതികാര നീതിയെന്നൊന്നില്ലെന്നും വധശിക്ഷ മനുഷ്യത്വവിരുദ്ധമായ ശിക്ഷാരീതിയാണെന്നും മറ്റ് ചിലരും വാദിക്കുന്നു. കേസിലെ ആറ് പ്രതികളില്‍ നാല് പേരെയാണ് ഇന്ന് പുലര്‍ച്ചെ 5.30 ന് ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ബാക്കി രണ്ട് പേര്‍ക്ക് എന്തുപറ്റി? പ്രതിയായിരുന്ന രാം സിംങ് വിചാരണ വേളയില്‍ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയല്ല, അയാൾ കൊല്ലപ്പെടുകയായിരുന്നുവെന്നും അന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു

കേസിലെ പ്രതികളിലെ പ്രായപൂര്‍ത്തിയാക്കാത്ത 'കുട്ടി' യെക്കുറിച്ചായിരുന്നു സംഭവം നടന്ന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. പ്രത്യേകിച്ച് ഒരു അടിസ്ഥാനവുമില്ലെങ്കിലും ആ കുട്ടിയാണ് പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി ആക്രമിച്ചതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. പ്രായപൂര്‍ത്തിയാകാത്തത് കാരണം ജുവനൈല്‍ ബോര്‍ഡായിരുന്നു കൗമാരക്കാരനായ പ്രതിയെ കുറ്റവിചാരണ ചെയ്തത്. കുറ്റാക്കാരനെന്ന് കണ്ടെത്തി. മൂന്ന് വര്‍ഷത്തെ തിരുത്തല്‍ ശിക്ഷയ്ക്ക് വിധിച്ചു. അന്നുതന്നെ ഈ 'ക്രൂരനായ കുട്ടിയെയും വധശിക്ഷയ്ക്ക് വിധേയമാക്കാണമെന്ന് വാദം ശക്തമായിരുന്നു. എന്നാല്‍ നിലവിലുള്ള ശിക്ഷാ നിയമപ്രകാരമുള്ള ശിക്ഷയാണ് കോടതി തീരുമാനിച്ചത്. ജുവൈനല്‍ ബോര്‍ഡിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടപ്പോഴും ഈ കുട്ടി വാര്‍ത്തയില്‍ നിറഞ്ഞു നിന്നു. എന്നാല്‍ അവന്‍ ആരാണെന്നും എവിടെ ജീവിക്കുന്നുവെന്നുമുള്ള കാര്യങ്ങള്‍ അധികൃതര്‍ മറച്ചുവെച്ചു. ആള്‍ക്കൂട്ട ആക്രമണത്തിന് അവന്‍ വിധേയനാക്കപ്പെടുമെന്ന ആശങ്കയായിരുന്നു അതിന് കാരണം. 2015 ലാണ് ശിക്ഷാ കാലവധി കഴിഞ്ഞ് അവന്‍ പുറത്തുവന്നത്. പിന്നെ കുറച്ചുകാലം ഒരു സന്നദ്ധ സംഘടനയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് ഒരു റസ്റ്റോറന്റില്‍ പാചകക്കാരാനായി ജോലി ചെയ്യുകയാണെന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നത്. അവനെ തെക്കെ ഇന്ത്യയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന റിപ്പോർട്ട് പ്രകാരം 11 വയസ്സുളളപ്പോള്‍ വീട് വിട്ടവനാണ് ഈ പ്രതി. ദാരിദ്രമാണ് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ വീടു വിട്ട് ഡല്‍ഹിയിലെത്താന്‍ അവനെ പ്രേരിപ്പിച്ചതെന്നും ഡല്‍ഹിയിലെ സന്നദ്ധ സംഘടനയുടെ നടത്തിപ്പുകാരനെ ഉദ്ധരിച്ച് അന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസിലെ പ്രതിയായ രാം സിംങ്ങുമായി ബന്ധപ്പെടുന്നത് ഡല്‍ഹിയിലെത്തിയപ്പോഴാണ്. സംഭവം നടന്ന ബസിലെ ക്ലീനറായും അവന്‍ ജോലി ചെയ്തിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തിരുത്തല്‍ കേന്ദ്രത്തില്‍ ഏറ്റവും അച്ചടക്കത്തോടെയായിരുന്നു അവന്റെ പെരുമാറ്റം എന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം രാം സിംങ് അവന് നല്‍കാനുണ്ടായിരുന്ന പണം തിരികെ വാങ്ങുന്നതിനാണ് അന്നേ ദിവസം അവന്‍ ആക്രമി സംഘത്തിനോപ്പം എത്തിയതെന്നും പറയുന്നു. അങ്ങനെ കുറ്റകൃത്യത്തിന്റെ ഭാഗമായെന്നും. പുറത്തിറങ്ങിയ ശേഷം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അവന്‍ അറിഞ്ഞിട്ടില്ലെന്നാണ് സൂചന.ഠ


Next Story

Related Stories