ഖാദിയും ഗ്രാമ വ്യവസായ കമ്മീഷനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ''ഖാദി പ്രാകൃത പെയിന്റ്'' കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും. പരിസ്ഥിതി സൗഹാര്‍ദ്ദപരവും വിഷരഹിതവുമായ പെയിന്റ് പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതുമാണ്. ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് വിലകുറഞ്ഞതും മണമില്ലാത്തതുമാണ്, ഉത്പന്നത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഡിസ്റ്റെംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ട് രൂപങ്ങളില്‍ ഖാദി പ്രാകൃത പെയിന്റ് ലഭ്യമാണ്. 2020 മാര്‍ച്ചില്‍ കെവിഐസി ഈ പദ്ധതി ആവിഷ്കരിച്ചു, പിന്നീട് ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (കെവിഐസി യൂണിറ്റ്) വികസിപ്പിച്ചെടുത്തു. ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം തുടങ്ങിയ ഹെവി ലോഹങ്ങള്‍ പെയിന്റിലിലെന്ന് കെവിഐസി പറഞ്ഞു. ഇത് പ്രാദേശിക ഉല്പാദനത്തിന് ഉത്തേജനം നല്‍കുകയും സാങ്കേതിക കൈമാറ്റത്തിലൂടെ സുസ്ഥിരമായ പ്രാദേശിക തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യും. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും ഇതുവഴി 30,000 രൂപ അധിക വാര്‍ഷിക വരുമാനമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.