TopTop
Begin typing your search above and press return to search.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ബോളിവുഡ് നടൻ സുശാന്ത് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശുപാർശ ചെയ്തു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസും ബിഹാർ പൊലീസും അന്വേഷണം നടത്തുന്നതിനിടെയാണിത്. സുശാന്ത് സിംഗിന്റെ പിതാവ് കെ കെ സിംഗ് മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഫോണിൽ സംസാരിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടതിനാൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നു എന്ന് നിതീഷ് കുമാർ പറഞ്ഞു. സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടാൽ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്ന് ബിഹാർ മന്ത്രി സഞ്ജയ് കുമാർ ഝാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂൺ 14നാണ് മുംബൈയിലെ വീട്ടിൽ 34കാരനായ സുശാന്ത് സിംഗ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ സുശാന്ത് സിംഗിന്റെ രാജ് പുത്തിന്റെ കാമുകി, നടി റിയ ചക്രബർത്തിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് മുംബയ് പൊലീസും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും പറഞ്ഞിരുന്നത്.

മകന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫെബ്രുവരിയിൽ മുംബയ് പൊലീസിന് പരാതി നൽകിയിരുന്നതായും എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും കെ കെ സിംഗ് ഇന്നലെ ആരോപിച്ചിരുന്നു. കെ കെ സിംഗിന്റെ ഈ ആരോപണം മുംബയ് പൊലീസ് തള്ളുകയാണുണ്ടായത്. ജൂൺ 16ന് കെ കെ സിംഗ് അടക്കമുള്ള കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയപ്പോളൊന്നും ആരും തന്നെ സുശാന്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും കെ കെ സിംഗ് ആരോപിക്കുന്നത് പോലെ സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും 15 കോടി രൂപ, കാമുകി റിയ ചക്രബർത്തി സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയതിന് തെളിവില്ലെന്നും മുംബയ് പൊലീസ് പറഞ്ഞിരുന്നു. റിയ ചക്രബർത്തി സുശാന്തിന്റെ പണം തട്ടിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും പറഞ്ഞ് കെ കെ സിംഗ് നൽകിയ പരാതിയിൽ റിയ അടക്കമുള്ളവർക്കെതിരെ ബിഹാർ പൊലീസ് ആത്മഹത്യാപ്രേരണ കേസ് എടുത്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണത്തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിരുന്നു. റിയയും സഹോദരനും സുശാന്തും പങ്കാളികളായ രണ്ട് കമ്പനികൾ സംബന്ധിച്ച് ബിഹാർ പൊലീസും എൻഫോഴ്സ്മെന്റും അന്വേഷിക്കുന്നുണ്ട്. റിയ ചക്രബർത്തിയെ മുംബയ് പൊലീസ് രണ്ട് തവണ നേരത്തെ ചോദ്യം ചെയ്തിരുന്നു. റിയയെ കണ്ടെത്താനായിട്ടില്ലെന്ന് ബിഹാർ പൊലീസും അതേസമയം റിയയ്ക്ക് ഹാജരാകാൻ സമൻസൊന്നും കിട്ടിയിട്ടില്ലെന്ന് അഭിഭാഷകനും പറയുന്നു. അതേസമയം റിയ ചക്രബർത്തി എവിടെയാണെന്ന് പറയാനാകില്ല എന്ന നിലപാടിലാണ് മുംബയ് പൊലീസ്. ബിഹാർ പൊലീസ് സംഘം അന്വേഷണത്തിനായി മുംബൈയിലെത്തിയിരുന്നു.

പാറ്റ്നയിൽ രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ ചക്രബർത്തി സുപ്രീം കോടതിയെ സമീച്ചിരിക്കുകയാണ്. സുശാന്തുമായി ലിവ് ഇൻ റിലേഷനിലായിരുന്നു എന്നും ജൂൺ 8 വരെ ഒരുമിച്ച് താമസിച്ചിരുന്നതായും റിയ പറയുന്നു. സുശാന്ത് സിംഗ് കടുത്ത വിഷാദ രോഗത്തിലായിരുന്നു എന്നും. കടുത്ത വിഷാദം അനുഭവിച്ചിരുന്ന സുശാന്ത് സിംഗ് രാജ്പുത്ത് ബൈ പോളാർ ഡിസീസ് എന്ന ദ്വന്ദ്വ വ്യക്തിത്വ മാനസിക രോഗത്തിന് അടിമയായിരുന്നുവെന്നും ഇതിന് താരം ചികിത്സ തേടിയിരുന്നതായും മുംബയ് പൊലീസ് പറഞ്ഞിരുന്നു. ജൂൺ ആദ്യം അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പറയുന്ന സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.


Next Story

Related Stories