ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അധികാരത്തിന് പുറത്താകുമെന്ന് ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും എല്‍ജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചിരാഗ് പാസ്വാന് പറഞ്ഞു. ജെഡിയുവുമായി തെറ്റി ബിഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി, ബിജെപിയുമായുള്ള സഹകരണം തുടരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്‍ജെപി, ബിഹാറില്‍ എന്‍ഡിഎയുടെ ഭാഗമല്ലെന്ന് ബിജെപി കേന്ദ്ര നേതാക്കള്‍ പറയുന്നു. എന്നാല്‍ പല ബിജെപി നേതാക്കളും ചിരാഗ് പാസ്വാനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിരാഗ് പാസ്വാനെ തള്ളിപ്പറയുമ്പോളും ബിജെപിയില്ലാതെ ഭരിക്കാന്‍ കഴിയില്ലെന്ന് നിതീഷ് കുമാറിന് അറിയാമെന്നാണ് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞത്. ജെഡിയുവുമായി പരസ്യസഖ്യവും എല്‍ജെപിയുമായി രഹസ്യ സഖ്യവുമാണ് ബിജെപിക്കുള്ളതെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിക്കുകയാണ് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും എല്‍ജെപി സ്ഥാപകനുമായ രാംവിലാസ് പാസ്വാന്റെ മകനായ ചിരാഗ് പാസ്വാന്. 54.26 ശതമാനം പോളിംഗ് ആണ് ആകെയുള്ള 243 സീറ്റുകളിലെ 71 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്നലെ നടന്നതിന് പിന്നാലെയാണ് ചിരാഗ് പാസ്വാന്റെ പ്രസ്താവന. നവംബര്‍ 3നും 7നുമാണ് രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകള്‍ നവംബര്‍ 10ന് വോട്ടെണ്ണും.