TopTop
Begin typing your search above and press return to search.

സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാര്‍ക്കെതിരെ യാതൊരു നടപടിയും പാടില്ല - രാജസ്ഥാന്‍ ഹൈക്കോടതി

സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാര്‍ക്കെതിരെ യാതൊരു നടപടിയും പാടില്ല - രാജസ്ഥാന്‍ ഹൈക്കോടതി

രാജസ്ഥാൻ കോൺഗ്രസ്സിലെ വിമത വിഭാഗമായ സച്ചിൻ പൈലറ്റ് ഗ്രൂപ്പിന് ആശ്വാസമായി ഹൈക്കോടതി വിധി. സച്ചിൻ പൈലറ്റ് അടക്കമുള്ള 19 എംഎൽഎമാർക്കെതിരെ സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിൽ കോടതി അന്തിമതീർപ്പ് കൽപ്പിക്കുന്നത് വരെ യാതൊരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കണമെന്ന സച്ചിൻ പൈലറ്റ് വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ തീർപ്പാകുന്നത് വരെ യാതൊരു അയോഗ്യതാ നടപടികളും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയുടേയും ജസ്റ്റിസ് പ്രകാശ് ഗുപ്തയുടേയും ബെഞ്ച് വിധിച്ചു. ഹൈക്കോടതി നടപടികൾ തടയണമെന്ന സ്പീക്കർ സി പി ജോഷിയുടെ ആവശ്യം സുപ്രീം കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിക്ക് തീരുമാനിക്കാം എന്നാണ് പറഞ്ഞത്. അതേസമയം നോട്ടീസ് നൽകാനുള്ള സ്പീക്കറുടെ നടപടികളിൽ കോടതികൾക്ക് ഇടപെടാൻ അവകാശമില്ല എന്നതടക്കമുള്ള വാദങ്ങളിൽ തിങ്കളാഴ്ച മുതൽ വിശദമായി വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

വിമത എംഎൽഎ പൃഥ്വിരാജ് മീണയാണ് സച്ചിൻ പൈലറ്റ് വിഭാഗത്തിന് വേണ്ടി രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചത്. പൃഥ്വിരാജ് മീണ വേഴ്സസസ് ഓണറബിൾ സ്പീക്കർ ആൻഡ് അദേഴ്സ് (Prithviraj Meena v. Hon'ble Speaker & Ors) എന്നാണ് കേസിന്റെ പേര്. കേന്ദ്രസർക്കാരിന് മറുപടി അറിയിക്കാൻ സുപ്രീം കോടതി സമയം അനുവദിച്ചു. കോടതിയിൽ തിരിച്ചടിയേറ്റതോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭയിലെ തന്റെ ഭൂരിപക്ഷം തെളിയിക്കാനായി വിശ്വാസവോട്ട് നടത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗവർണറെ കാണാൻ ശ്രമിക്കുകയാണ്. 102 എംഎൽഎമാരുടെ പിന്തുണ ഗെലോട്ട് വിഭാഗം അവകാശപ്പെടുന്നു. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 101 എംഎൽഎമാരുടെ പിന്തുണയാണ്. സച്ചിൻ പൈലറ്റ് വിഭാഗം അയോഗ്യരാകാതെ കോൺഗ്രസ്സിൽ തുടർന്നാൽ അത് സർക്കാരിന് തലവേദനയാകും. കോൺഗ്രസ് എംഎൽഎമാരുടെ യോഗം രണ്ട് തവണ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പരാതിയിൽ സച്ചിൻ പൈലറ്റ് അടക്കമുള്ള 19 എംഎൽഎമാർക്ക് സ്പീക്കർ, അയോഗ്യതാ നോട്ടീസ് നൽകിയത്. ഇതേത്തുടർന്ന് ടീം സച്ചിൻ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സച്ചിൻ പൈലറ്റ് വിഭാഗത്തിന്റെ വിമതപ്രവർത്തനം കൂറൂമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഇതിൽ അയോഗ്യതാ നടപടികൾക്ക് സ്പീക്കർക്ക് അവകാശമുണ്ടെന്നുമാണ് സ്പീക്കർക്ക് വേണ്ടി കപിൽ സിബൽ ഇന്നലെ സുപ്രീം കോടതിയിൽ വാദിച്ചത്. അയോഗ്യതയിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനമെടുക്കുന്നത് വരെ കോടതികൾക്ക് ഇടപെടാനാകില്ലെന്നും സ്പീക്കർ വാദിച്ചിരുന്നു. അതേസമയം വിമത എംഎൽഎമാർ കോൺഗ്രസ് വിട്ടിട്ടില്ലെന്നും നേതൃമാറ്റം ആവശ്യപ്പെട്ടുള്ള എതിർപ്പുകൾ എങ്ങനെ കൂറുമാറ്റമാകുമെന്നുമാണ് സച്ചിൻ പൈലറ്റ് വിഭാഗത്തിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെയും മുകുൾ റോത്താഗിയും ചോദിച്ചത്. ജനാധിപത്യത്തിൽ എതിർപ്പുകൾക്കുള്ള അവകാശം അടിച്ചമർത്താനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറയുകയും ചെയ്തു. അതേസമയം സ്പീക്കർ ഉന്നയിച്ച വിഷയങ്ങളിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന നിലപാടാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായ്, കൃഷ്ണ മുരാരി എന്നിവരുടെ സുപ്രീം കോടതി ബെഞ്ച് ഇന്നലെ പറഞ്ഞത്.


Next Story

Related Stories