TopTop
Begin typing your search above and press return to search.

കഴിഞ്ഞ ആറ് മാസത്തിനിടെ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്ന് കേന്ദ്രസർക്കാർ

കഴിഞ്ഞ ആറ് മാസത്തിനിടെ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്ന് കേന്ദ്രസർക്കാർ

ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണരേഖയില്‍ (എല്‍എസി) കഴിഞ്ഞ ആറ് മാസത്തിനിടെ നുഴഞ്ഞുകയറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസഭയില്‍ ഡോ.അനില്‍ അഗര്‍വാളിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ഫെബ്രുവരി മുതല്‍ ഇതുവരെ പാകിസ്താനില്‍ നിന്ന് 47 നുഴഞ്ഞുകയറ്റശ്രമങ്ങളുണ്ടായതായും ആഭ്യന്തര സഹ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റേയും പ്രസ്താവനകൾ നേരത്തെ വിവാദമായിരുന്നു. ആര്‍മി തന്നെ ഇത് തള്ളിക്കളയുന്ന തരത്തിലാണ് പ്രസ്താവനയിറക്കിയത്. മേയ് മുതല്‍ പല തവണ ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം സംഘര്‍ഷത്തില്‍ നേരിയ അയവ് വന്നിട്ടുണ്ടെങ്കിലും ഇരു സൈന്യങ്ങളും നിയന്ത്രണരേഖയില്‍ മുഖാമുഖം നില്‍ക്കുകയാണ്. അതിര്‍ത്തിയില്‍ നേരത്തെയുണ്ടായിരുന്ന (മേയ്ക്ക് മുമ്പുണ്ടായിരുന്ന) സ്ഥിതി തുടരുണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. യാതൊരു വിധം നുഴഞ്ഞുകയറ്റമോ കടന്നുകയറ്റമോ നടന്നിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരത്തില്‍ ആവശ്യപ്പെടുന്നത് എന്ന് അനില്‍ അഗര്‍വാള്‍ ചോദിച്ചിരുന്നു.

അതേസമയം ചൈനീസ് കടന്നുകയറ്റമുണ്ടായി എന്നാണ് ലോക് സഭയിൽ ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. പ്രതിരോധ മന്ത്രി പറഞ്ഞതും ആഭ്യന്തര സഹമന്ത്രി പറഞ്ഞതും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നതെന്ന് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. നുഴഞ്ഞുകയറ്റം (infiltration) എന്നത് ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട വാക്കാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍, ചൈന പല തവണ കടന്നുകയറ്റ ശ്രമം നടത്തിയതായി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. അതേസമയം ചൈനീസ് സൈന്യം നിലവില്‍ നിയന്ത്രണരേഖയില്‍ എവിടെയാണെന്ന് രാജ്‌നാഥ് സിംഗ് വിശദീകരിച്ചില്ല.

ലഡാക്കിലെ ചൈനീസ് നടപടികള്‍ സംബന്ധിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാരില്‍ നിന്ന് പലപ്പോഴും വന്നത്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈന നുഴഞ്ഞുകയറ്റം നടത്തി എന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഓഗസ്റ്റിലിട്ട രേഖയിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ നീക്കം ചെയ്യുകയാണുണ്ടായത്. ചൈനീസ് പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറിയെന്നതിനുള്ള ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമായിരുന്നു ഇത്.

ജൂണ്‍ 15ന് ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടിലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും കയ്യേറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതില്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് തീര്‍ത്തും വിരുദ്ധമായ പ്രസ്താവനയാണ് ആര്‍മി പിന്നീട് നടത്തിയത്.

Next Story

Related Stories