TopTop
Begin typing your search above and press return to search.

'ഉപയോക്താവിന്റെ പൂര്‍ണ അറിവോടെയുള്ള സമ്മതമില്ല; ആരോഗ്യസേതു വിവരങ്ങള്‍ പങ്കുവെക്കുന്നത് നിര്‍ത്തിവെക്കണം'

ഉപയോക്താവിന്റെ പൂര്‍ണ അറിവോടെയുള്ള സമ്മതമില്ല; ആരോഗ്യസേതു വിവരങ്ങള്‍ പങ്കുവെക്കുന്നത് നിര്‍ത്തിവെക്കണം

ആരോഗ്യസേതു ആപ്പിലൂടെ ശേഖരിച്ച വിവരങ്ങള്‍ പങ്കുവെക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഉപയോഗിക്കുന്നവരുടെ പൂര്‍ണ തിരിച്ചറിവോടെയുള്ള സമ്മതമില്ലാതെയാണ് ആപ്പിലെ വിവരങ്ങള്‍ പങ്കുവെക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ പങ്കുവെക്കുന്നത് നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോടും നാഷണല്‍ ഇര്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോടും കോടതി അറിയിച്ചിരിക്കുന്നത്.

ആപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങളെല്ലാം പങ്കുവെക്കുമെന്ന കാര്യത്തില്‍ ഉപയോക്താവിന്റെ പൂര്‍ണ അറിവോടെയുള്ള സമ്മതമില്ല എന്നാണ് ചീഫ് ജസ്റ്റിസ് എ.എസ് ഓക, ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. ഉപയോക്താവ് ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും പങ്കുവെക്കുമെന്ന കാര്യം ആപ്പിന്റെ ഉപയോഗവും സ്വകാര്യതയും സംബന്ധിച്ച നയങ്ങളില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. സൈബര്‍ സുരക്ഷാ പ്രവര്‍ത്തകനും മലയാളിയുമായ അനിവര്‍ അരവിന്ദ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികളെ തിരിച്ചറിയുന്നതിനും രോഗവ്യാപനം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യസേതു ആപ്പ് പുറത്തിറക്കിയത്. മൊബൈല്‍ ഫോണുകള്‍ തമ്മിലുള്ള അടുപ്പം വച്ച് രോഗിയുമായുള്ള സമ്പര്‍ക്കം കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഉപയോക്താവിന്റെ പേര്, വയസ്സ്, ലിംഗം, ജോലി, ആരോഗ്യസ്ഥിതി, മൊബൈല്‍ നമ്പര്‍, യാത്രചെയ്ത രാജ്യങ്ങള്‍ തുടങ്ങിയവ ആപ്പില്‍ രേഖപ്പെടുത്തണമായിരുന്നു. ഓരോ 15 മിനിറ്റിലും ഉപയോക്താവിന്റെ തല്‍സ്ഥിതി വിവരം, മൊബൈല്‍ ഫോണിലെ ബ്ലൂടൂത്ത്, ജിപിഎസ് നിയന്ത്രണം എന്നിവ ആവശ്യപ്പെടുന്ന ആപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വിമാന, ട്രെയിന്‍, മെട്രോ യാത്രകള്‍ക്ക് ആരോഗ്യസേതു നിര്‍ബന്ധമാക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ആപ്പ് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ചിരുന്നു. ആപ്പ് ഉപയോഗിക്കാത്തതിന്റെ പേരില്‍ പൗരനുള്ള സേവനങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.


Next Story

Related Stories