TopTop
Begin typing your search above and press return to search.

സമ്മതമില്ലാതെയാണ് ലൈംഗികബന്ധമെന്ന് സ്ത്രീ പറഞ്ഞാല്‍ അത് ബലാത്സംഗം തന്നെ: സുപ്രീം കോടതി

സമ്മതമില്ലാതെയാണ് ലൈംഗികബന്ധമെന്ന് സ്ത്രീ പറഞ്ഞാല്‍ അത് ബലാത്സംഗം തന്നെ: സുപ്രീം കോടതി

സമ്മതമില്ലാതെയാണ് ലൈംഗികബന്ധം നടന്നത് എന്ന് ഇരയായ സ്ത്രീ പറയുകയാണെങ്കില്‍ കോടതിക്ക് അത് ബലാത്സംഗമായി മാത്രമേ കാണാന്‍ കഴിയൂ എന്ന് സുപ്രീം കോടതി. ലൈംഗികബന്ധം നടന്നതായി തെളിയിക്കപ്പെടുകയും തന്റെ സമ്മതമില്ലാതെയാണ് അത് നടന്നത് എന്ന് സ്ത്രീ പറയുകയും ചെയ്യുന്ന പക്ഷം കോടതി അതിനെ ബലാത്സംഗമായി കണക്കാക്കും - ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര, ആര്‍ സുഭാഷ് റെഡ്ഡി എന്നിവരുടെ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1872 ലെ തെളിവ് നിയമത്തിന്റെ (ഇന്ത്യന്‍ എവിഡന്‍സ് ആക്ട്) സെക്ഷന്‍ 114 എ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

തൊഴിലുടമ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തും ഭീഷണിപ്പെടുത്തിയും പല തവണ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഇര നല്‍കിയ പരാതി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും തന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുതന്ന് മാനസികമായി പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. അതേസമയം വലിയൊരു തുകയുടെ പണമിടപാട് നടന്നതായും ഇരയും ആരോപണവിധേയനും തമ്മില്‍ പരസ്പര ധാരണയില്‍ എത്തിയിരുന്നതായും പറഞ്ഞ ഗുജറാത്ത് ഹൈക്കോടതി ബലാത്സംഗ കേസ് തള്ളുകയായിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം ഒത്തുതീര്‍പ്പ് രേഖ ഭീഷണയുടേയും സമ്മര്‍ദ്ദത്തിന്റേയും ഭാഗമായാണ് ഉണ്ടായത് എന്ന് പരാതിക്കാരി പറയുന്നു. ഒത്തുതീര്‍പ്പ് രേഖയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസ് തള്ളിയത് ശരിയായില്ല എന്ന സൂചിപ്പിച്ച സുപ്രീം കോടതി ഈ ഒതുതീര്‍പ്പ് തന്നെ അന്വേഷണവിധേയമാക്കേണ്ടതുണ്ട് എന്ന് നിരീക്ഷിച്ചു. ബലാത്സംഗം സംബന്ധിച്ച സുപ്രീം കോടതിയുടെ മുന്‍ വിധികള്‍ക്ക് വിരുദ്ധമായി കഴിഞ്ഞ ദിവസം പഞ്ചാബ് ഹരിയാന ഹൈക്കോടതി പറഞ്ഞത് ഇരയ്ക്ക് പരിക്കേറ്റിട്ടില്ല എങ്കില്‍ ബലാത്സംഗം നടന്നതായി കണക്കാന്‍ കഴിയില്ല എന്നാണ്. പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധി വിമര്‍ശന വിധേയമായിട്ടുണ്ട്.


Next Story

Related Stories