TopTop
Begin typing your search above and press return to search.

റാഫേല്‍ കേസില്‍ അന്വേഷണത്തിന്റെ ആവശ്യമില്ല, റിവ്യൂ ഹര്‍ജികൾ തള്ളി സുപ്രീം കോടതി

റാഫേല്‍ കേസില്‍ അന്വേഷണത്തിന്റെ ആവശ്യമില്ല, റിവ്യൂ ഹര്‍ജികൾ തള്ളി സുപ്രീം കോടതി

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട ആവശ്യമില്ല എന്ന് സുപ്രീം കോടതി. ജസ്റ്റിസ് എസ് കെ കൗള്‍ ആണ് വിധിന്യായം വാദിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജ ഗൊഗോയിയ്ക്കും തനിക്കും വേണ്ടിയാണ് എസ് കെ കൌൾ ആണ് വിധി വായിച്ചത്. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ല എന്നുള്ള 2018 ഡിസംബര്‍ 14ലെ സുപ്രീം കോടതി വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബഞ്ച് തള്ളിയത്. മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സ്വരാജ് അഭിയാന്‍ നേതാവുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഫയല്‍ ചെയ്ത ഹര്‍ജിയും ആം ആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗ് ഫയല്‍ ചെയ്ത മറ്റൊരു ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിച്ചത്.

റിവ്യൂ പെറ്റീഷനുകളില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്ന് സുപ്രീം കോടതി വിലയിരുത്തി. ലളിതകുമാരി കേസിലെ വിധിന്യായം അനുസരിച്ച് നേരത്തെ എഫ്‌ഐആര്‍ ഇടേണ്ടതായിരുന്നു എന്നും എന്നാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കോടതി പരിഗണിച്ചതിനാല്‍ ഇനി എഫ്‌ഐആര്‍ ഇടേണ്ട കാര്യമില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് കെ എം ജോസഫ് പ്രത്യേക വിധിന്യായം എഴുതിയെങ്കിലും ചീഫ് ജസ്റ്റിസിനോടും ജസ്റ്റിസ് എസ് കെ കൗളിനോടും വിയോജിച്ചില്ല. ഐകകണ്ഠേനയാണ് റാഫേൽ കേസിലെ പുന:പരിശോധന ഹർജികൾ സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

ഫ്രഞ്ച് കമ്പനി ദാസോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയെ സമീപിച്ചത്. യശ്വന്ത് സിൻഹയ്ക്കും അരുൺ ഷൂരിക്കും പ്രശാന്ത് ഭൂഷണും പുറമെ അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ, വിനീത് ധാണ്ഡ, എഎപി നേതാവ് സഞ്ജയ് സിംഗ് എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. കരാര്‍ ഒപ്പിടാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങള്‍, വില നിശ്ചയിക്കല്‍, ഓഫ് സെറ്റ് കരാര്‍ പങ്കാളിയെ നിശ്ചയിച്ചത് തുടങ്ങിയവയെല്ലാം ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. കരാര്‍ സംബന്ധിച്ച തീരുമാനങ്ങളിലും നടപടികളിലും അന്വേഷണം നടത്തേണ്ട വിധം സംശയകരമായി ഒന്നുമില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. ആര്‍ക്കെങ്കിലും സാമ്പത്തിക ലാഭമുണ്ടാക്കുന്ന വിധം സര്‍ക്കാര്‍ ഇടപെട്ടതിന് തെളിവില്ലെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം റാഫേല്‍ ഇടപാടില്‍ സി എ ജി പരിശോധന നടന്നിട്ടുണ്ട് എന്നതടക്കമുള്ള വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിച്ച് സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മുന്‍നിര്‍ത്തിയാണ് വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് ഇവര്‍ വീണ്ടും സുപ്രീം കോടതിയെ സമിപിച്ചത്. മേയ് 10ന് റിവ്യൂ ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.

യുപിഎ കാലത്തെ 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മാറ്റം വരുത്തി കൂടുതല്‍ വിലയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ട് എന്നാണ് ആരോപണം. പുതിയ കരാറിന്റെ വിലപേശല്‍ നടപടികളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടതില്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അതൃപ്തി രേഖപ്പെടുത്തിയത് അടക്കമുള്ള തെളിവുകള്‍ ദ ഹിന്ദു പുറത്തുകൊണ്ടുവന്നിരുന്നു. 2015 ഏപ്രില്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. 2016 സെപ്റ്റംബര്‍ 23ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറും ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ് ലെ ഡ്രിയാനും കരാറില്‍ ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് കരാറില്‍ ഒപ്പ് വച്ചു. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ (ഡിഎസി) അംഗീകാരം ലഭിക്കുന്നതിന് മുമ്പാണ് പ്രധാനമന്ത്രി കരാര്‍ പ്രഖ്യാപിച്ചത്. പ്രതിരോധ രേഖകളുടെ പകര്‍പ്പെടുത്ത് പുറത്തുവിട്ട് ദ ഹിന്ദു പത്രം ഔദ്യോഗിക നിയമം ലംഘിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഈ രേഖകള്‍ തെളിവായി സ്വീകരിക്കരുത് എന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളിക്കളയുകയായിരുന്നു.

പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിൽ (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്) നിന്ന് മാറ്റി, പ്രതിരോധന രംഗത്ത് മുൻ പരിചയമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് 30 കോടി രൂപയുടെ ഓഫ് സെറ്റ് കരാർ നൽകിയത് വലിയ വിവാദമായിരുന്നു. കോൺഗ്രസും രാഹുൽ ഗാന്ധിയും മോദി സർക്കാരിനെതിരെ റാഫേൽ കരാർ ശക്തമായ പ്രചാരണായുധമാക്കിയിരുന്നു. ഇതിനിടെ ആദ്യ റാഫേൽ വിമാനം സെപ്റ്റംബറിൽ ഇന്ത്യയിലെത്തിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഫ്രാൻസിൽ പോയാണ് വിമാനം വാങ്ങിയത്.


Next Story

Related Stories