TopTop
Begin typing your search above and press return to search.

എംഎൽഎമാർക്ക് ബിജെപി ഇട്ട വില കൂടിയെന്ന് അശോക് ഗെലോട്ട്, ചാക്കിടാതിരിക്കാൻ ചാർട്ടേഡ് വിമാനത്തിൽ ജയ്സാൽമിറിലേയ്ക്ക്

എംഎൽഎമാർക്ക് ബിജെപി ഇട്ട വില കൂടിയെന്ന് അശോക് ഗെലോട്ട്, ചാക്കിടാതിരിക്കാൻ ചാർട്ടേഡ് വിമാനത്തിൽ ജയ്സാൽമിറിലേയ്ക്ക്

ചാക്കിട്ടുപിടിത്തത്തിന്റെ ഭാഗമായി കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി ഇട്ടിരിക്കുന്ന വില കൂടിയതായുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സർക്കാരിനെ പിന്തുണക്കുന്ന 100 നടുത്ത് എംഎൽഎമാരെ ജയ്പൂരിനടുത്തുള്ള ഫെയർമോണ്ട് റിസോർട്ട് ഹോട്ടലിൽ നിന്ന് ജയ്സാൽമിറിലേയ്ക്ക് മാറ്റി. ചാർട്ടേഡ് വിമാനത്തിലാണ് ഇവരെ കൊണ്ടുപോയത്. വിമത എംഎൽമാരുമായി ഡൽഹിലേയ്ക്ക് പോയി ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റ് രാജസ്ഥാൻ കോൺഗ്രസ്സിനുള്ളിൽ കലാപം തുടങ്ങിയതിന് പിന്നാലെയാണ് തന്റെ അനുകൂലികളെ മുഖ്യമന്ത്രി ഗെലോട്ട് ഫെയർമോണ്ട് റിസോർട്ടിലേയ്ക്ക് മാറ്റിയിരുന്നത്. മൂന്നാഴ്ചയായി ഇവിടെ കഴിയുകയായിരുന്നു ഇവർ. നാല് വട്ടം നിവേദനം നൽകുകയും നിരന്തര സമ്മർദ്ദങ്ങൾക്കും പിന്നാലെ ഗവർണർ കൽരാജ് മിശ്ര, ഓഗസ്റ്റ് 14ന് നിയമസഭ വിളിച്ചുകൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. അതുവരെ ചാക്കിട്ടുപിടിത്തം ഒഴിവാക്കുകയാണ് ലക്ഷ്യം.

പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള ജയ്സാൽമിറിലെ ആഡംബര ഹോട്ടലിലായിരിക്കും ഇനി ഓഗസ്റ്റ് 14 വരെ ഗെലോട്ട് അനുകൂലികളായ കോൺഗ്രസ് എംഎൽഎമാർ 200 അംഗ നിയമസഭയിൽ സ്വതന്ത്രരടക്കം 102 എംഎൽമാരുടെ പിന്തുണയുണ്ടെന്നാണ് ഗെലോട്ട് അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കാൻ 101 പേരുടെ പിന്തുയാണ് വേണ്ടത്. സച്ചിൻ പൈലറ്റ് അടക്കം 19 വിമത കോൺഗ്രസ് എംഎൽഎമാരാണ് മറുപക്ഷത്തുള്ളത്. 30 എംഎൽഎമാരുടെ പിന്തുണ സച്ചിൻ വിഭാഗം അവകാശപ്പെടുന്നുണ്ട്. സച്ചിൻ പൈലറ്റ് അടക്കമുള്ള 19 പേരെ അയോഗ്യരാക്കാനുള്ള നടപടികളുടെ ഭാഗമായി സ്പീക്കർ സി പി ജോഷി നൽകിയ നോട്ടീസിൽ നടപടി സ്വീകരിക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഇതിനെതിരെ സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് പൂനിയ ചോദിച്ചു. ജയ്സാൽമിറിൽ നിന്ന് ഒരു ഭാഗത്തേയ്ക്ക് പോയാൽ പാകിസ്താനാണ്. മറ്റൊരു ഭാഗത്തേയ്ക്ക് പോയാൽ ഗുജറാത്തും (ബിജെപി ഭരിക്കുന്ന സംസ്ഥാനമെന്ന അർത്ഥത്തിൽ). ഇതിൽ എവിടേയ്ക്കാണ് പോകേണ്ടത്. എംഎൽഎമാരെ സ്വതന്ത്രരാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം - പി എസ് പൂനിയ പറഞ്ഞു.

നിയമസഭ സമ്മേളനം പ്രഖ്യാപിച്ചതിന് പിന്നാലെ എംഎൽഎമാരുടെ റേറ്റ് ബിജെപി ഉയർത്തിയിരിക്കുന്നു. കുതിരക്കച്ചവട നിരക്ക് എന്നാണ് ഗെലോട്ട് പറഞ്ഞത്. ആദ്യം ഇത് 10 കോടി രൂപയായിരുന്നു. പിന്നീട് ഇത് 15 കോടിയായി. ഇപ്പോൾ ഈ പരിധിയൊക്കെ കടന്നിരിക്കുന്നു. എത്രയെന്ന് കച്ചവടം നടത്തുന്നവർക്ക് മാത്രമറിയാം - അശോക് ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ വർഷം ബി എസ് പി വിട്ട് പാർലമെന്ററി പാർട്ടിയെ ഒന്നാകെ കോൺഗ്രസ്സിൽ ലയിപ്പിച്ച ആറ് എംഎൽഎമാർക്കെതിരെയും സ്പീക്കർക്കെതിരെയും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. സർക്കാരിനെതിരായ അട്ടിമറിശ്രമങ്ങളുമായി ബന്ധപ്പെട്ട് അശോക് ഗെലോട്ടിന്റെ മകനുമായുള്ള സ്പീക്കറുടെ സംഭാഷണം പുറത്തുവന്നത് വിവാദമായിരിക്കുകയാണ്. ബിജെപി എംഎൽഎയുടെ പരാതിയിലാണ് സ്പീക്കർക്കും മുൻ ബി എസ് പിക്കാർക്കും ഹൈക്കോടതി നോട്ടീസ് നൽകിയത്. ഇവർ കോൺഗ്രസ്സിൽ ചേർന്നത് ചോദ്യം ചെയ്ത് ബി എസ് പിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ആറ് എംഎൽഎമാർക്കെതിരായ കോടതി നടപടി ഗെലോട്ട് സർക്കാരിന് ഭീഷണിയാണ്.

അതേസമയം നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൻ പൈലറ്റ് വിഭാഗം അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ വിപ്പ് ലംഘിച്ചതിന് കൂറൂമാറ്റം ചൂണ്ടിക്കാട്ടി വിമതരെ അയോഗ്യരാക്കാൻ കഴിയും. എംഎൽഎമാരുടെ യോഗത്തിൽ നിന്ന് രണ്ട് തവണ വിട്ടുനിന്നതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റ് അടക്കമുള്ള 19 പേർക്ക് അയോഗ്യതാ നോട്ടീസ് നൽകിയത്. പാർട്ടിവിരുദ്ധ നടപടി ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നു സ്പീക്കറുടെ നടപടി. ഇത് ചോദ്യം ചെയ്താണ് 19 പേർ ഹൈക്കോടതിയെ സമീപിച്ചത്. കോൺഗ്രസ് എംഎൽഎമാരായി തന്നെ സഭയിൽ പങ്കെടുത്ത് കൂറുമാറി വോട്ട് ചെയ്യാൻ ഇവർക്ക് കഴിയും. അങ്ങനെ വിപ്പ് ലംഘിച്ച് കൂറുമാറി വോട്ട് ചെയ്താലും എംഎൽഎമാർ അയോഗ്യരാകുമെങ്കിലും സർക്കാരിനെ വീഴ്ത്താൻ ഇവർക്ക് കഴിയും ഇതാണ് ഗെലോട്ട് സർക്കാരിന് മുന്നിലുള്ള ഭീഷണി. അശോക് ഗെലോട്ട് അവകാശപ്പെടുന്നത് പോലെ 102 പേരുടെ പിന്തുണയുണ്ടെങ്കിൽ സർക്കാരിന് തൽക്കാലത്തേയ്ക്ക് ഭീഷണിയില്ല.


Next Story

Related Stories