TopTop

'പാത്രമടിയും കൈമുട്ടലുമല്ല, ജോലി ചെയ്യാനും ജീവിക്കാനുമുള്ള സുരക്ഷിതത്വമാണ് വേണ്ടത്', കൊറോണക്കാലത്തെ നഴ്സുമാരുടെ ജീവിതം

പാത്രം മുട്ടിയും കൈയ്യടിച്ചുമുള്ള പ്രോത്സാഹനമല്ല ഞങ്ങള്‍ക്ക് വേണ്ടത്, ഒറ്റ ഷിഫ്റ്റില്‍ 12 മണിക്കൂര്‍ ജോലി ചെയ്ത് തിരിച്ചെത്തുമ്പോള്‍ ഒന്നു നന്നായി കിടന്നുറങ്ങാനുള്ള സാഹചര്യം ഒരുക്കി തന്നാല്‍ മതി എന്നാണ് ഡല്‍ഹിയിലെ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന ലിസി മാത്യു എന്ന നഴ്സ് പറയുന്നത്.

ജനതാ കര്‍ഫ്യൂ ദിവസം വൈകുന്നേരം അഞ്ചു മണിക്ക് ബാല്‍ക്കണിയില്‍ ഇറങ്ങി പാത്രം മുട്ടിയും കൈയ്യടിച്ചും ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഡല്‍ഹിയിലെ ജനങ്ങളുടെ മറ്റൊരു മുഖമാണ് രാജ്യ തലസ്ഥാനത്തെ നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും ഭീതിയോടെ പങ്കുവെക്കുന്നത്. കൊറോണ വൈറസിനേക്കാള്‍ ഭീകരമാണ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് അയല്‍വാസികളും ഡല്‍ഹി പോലീസും പെരുമാറുന്നതെന്നാണ് ഇവര്‍ പറയുന്നത്.
31 വരെ ഡല്‍ഹിയില്‍ പൊതുഗതാഗതം നിരോധിച്ചുകൊണ്ട് ഇറക്കിയ ഉത്തരവില്‍ പൊതുസ്വകാര്യ ആശുപത്രി മേഖലകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശുപത്രിയിലേക്കും തിരിച്ച് അവരുടെ ഭവനങ്ങളിലേക്കും വരുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നാണ് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സിജു തോമസ് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര, സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അധികവും സ്ത്രികളായതുകൊണ്ട് ഈ വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ഒരു ഉത്തരവിറക്കണം എന്നാണ് ഇവരുടെ ആവശ്യം. പൊതുമേഖല ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിനും കൊണ്ടുവിടുന്നതിനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകള്‍ വിട്ട് നല്കാന്‍ തയാറാകണം. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി അതാത് ആശുപത്രികള്‍ തന്നെ തന്നെ ബസുകള്‍ ഏര്‍പ്പാടു ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
കാലത്ത് ഡ്യൂട്ടിക്ക് പോയ പല നഴ്സുമാര്‍ക്കും നടുറോഡില്‍ ഡല്‍ഹി പോലീസിന്റെ മര്‍ദനം ഏല്‍ക്കേണ്ടി വന്നതായി നഴ്സുമാരുടെ സംഘടനാ പ്രതിനിധികള്‍ അഴിമുഖത്തോട് പറഞ്ഞു. തലസ്ഥാനത്തെ പ്രധാനപ്പെട്ട മിക്ക ആശുപത്രികളും ജീവനക്കാരെ ആശുപത്രികളിലേക്ക് കൊണ്ടുവരുന്നതിനും തിരിച്ച് വീട്ടില്‍ എത്തിക്കുന്നതിനുമുള്ള സംവിധാനം ഇതുവരെ കാര്യക്ഷമമാക്കിയിട്ടില്ല. നേരത്തെ ദൂരെ സ്ഥലങ്ങളില്‍ നിന്നു ജോലിക്കെത്തിയിരുന്ന ആശുപത്രി ജീവനക്കാര്‍ മെട്രോയും ഡി.ടി.സി ബസ് സംവിധാനവും ഉപയോഗിച്ചായിരുന്നു എത്തിയിരുന്നത്. ഇത്തരം ആളുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവര്‍ സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്താമെന്ന് തീരുമാനിച്ചാല്‍, പ്രത്യേക പാസുള്ളവരെ മാത്രമെ പോലീസ് നിരത്തിലിറങ്ങാന്‍ അനുവദിക്കുന്നുള്ളു. ഭാര്യയായ നഴ്സിനെ ആശുപത്രിയില്‍ എത്തിച്ച് തിരിച്ച് പോരുന്ന ഭര്‍ത്താവിനെ പോലും റോഡില്‍ തടഞ്ഞ് ലാത്തിക്കടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഒരു വാഹനത്തില്‍ ഒരാളെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു എന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ ഒരു ആശുപത്രിയിലെ ഓരൊ നഴ്സിനെയും ആശുപത്രിയില്‍ എത്തിക്കാന്‍ എത്ര വാഹനങ്ങള്‍ നിരത്തില്‍ ഇറക്കേണ്ടി വരും. തലസ്ഥാനത്തെ ഒരു ആശുപത്രിയും നഴ്സുമാര്‍ക്ക് ഒരു പാസ് സംവിധാനം ഇതുവരെയും ഏര്‍പ്പെടുത്തിയിട്ടില്ല എന്നതും ഇവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നുണ്ട്. പല പുരുഷ നഴ്സുമാര്‍ക്കും ഇന്നലെ ലാത്തിയടി കിട്ടി. ആദ്യം അടി പിന്നെ ചോദ്യം എന്നതാണ് ഡല്‍ഹി പോലീസിന്റെ രീതി. അടികിട്ടിയതിന് ശേഷമാണ് ഇവര്‍ നഴ്സുമാരാണെന്ന് അറിയുന്നത്. വഴിയില്‍ കാണുന്നവരെ എല്ലാം അടിക്കുക എന്ന രീതിയാണ് ഡല്‍ഹി പോലീസ് പിന്തുടരുന്നതെന്നാണ് ഒരു നഴ്സിന്റെ ഭര്‍ത്താവ് പറഞ്ഞത്.

കൊറോണ കാലത്ത് ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന മറ്റൊരു പ്രശ്നം ഡല്‍ഹിയിലെ പല ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല എന്നതാണ്. പല ആശുപത്രികളിലും മുഖം മൂടാനുള്ള മാസ്‌ക് പോലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ല. പല ആശുപത്രികളും നഴ്സുമാരെ ഹോസ്റ്റലിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത് മുലയൂട്ടുന്ന അമ്മമാരായ നഴ്സുമാര്‍ക്കും ഗര്‍ഭിണികളായിട്ടുള്ളവര്‍ക്കും വലിയ വെല്ലുവിളിയാകും. ഭര്‍ത്താവും ഭാര്യയും നഴ്സുമാരായിട്ടുള്ളവര്‍ ഹോസ്റ്റലിലേക്ക് മാറിയാല്‍ ഇവരുടെ കുട്ടികളെ ആര് നോക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കൂടാതെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാര്‍ 14 ദിവസം നിരീക്ഷണത്തിലാണെന്നതും വലിയ പ്രതിസന്ധിയാണ് ഇവരുടെ കുടുംബത്തിലുണ്ടാക്കുന്നത്. പല നഴ്സുമാരുടെയും ലീവുകള്‍ റദ്ദാക്കുകയും എട്ടു മണിക്കൂര്‍ ജോലി 12 മണിക്കൂറായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്ത് റിസ്‌ക്കെടുത്തും ജോലി ചെയ്യാന്‍ നഴ്സുമാര്‍ തയ്യാറാണെങ്കിലും അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. പല ആശുപത്രികളിലും മാസ്‌ക്കുകള്‍ക്ക് വന്‍ ഷോര്‍ട്ടേജാണ് അനുഭവപ്പെടുന്നത്. എയിംസ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ അവസ്ഥയാണിത്.

പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റിന്റെ (Personal protective equipment) കുറവാണ് ഡല്‍ഹിയിലെ നഴ്സുമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് യുണൈറ്റ്ഡ് നഴ്സസ് അസോസിയേഷനിലെ ബിനി റോയ്സണ്‍ പറഞ്ഞത്. മാസ്‌ക് അടക്കമുള്ള പല പി.പി. സംവിധാനങ്ങളും പല ആശുപത്രികളിലും ലഭിക്കുന്നില്ലെന്നതാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. പി.ജി അക്കോമൊഡേഷനില്‍ താമസിക്കുന്നവരോടും വാടക വീടുകളില്‍ താമസിക്കുന്ന നഴ്സുമാരോടും കെട്ടിട ഉടമകള്‍ റൂം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിനി അഴിമുഖത്തോട് പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ടെങ്കിലും അത് എത്രത്തോളം ആളുകള്‍ അംഗീകരിക്കുന്നുണ്ടെന്നത് സംശയകരമാണെന്നാണ് അവര്‍ പറയുന്നത്. എല്ലാ ആശുപത്രികളിലും ജീവനക്കാരുടെ പഞ്ചിങ് സംവിധാനം ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ഇതുവരെ പല ആശുപത്രികളും അനുസരിച്ചിട്ടില്ല. പല ആശുപത്രികളും ഇപ്പോഴും പഞ്ചിങ് സിസ്റ്റം തുടരുകയാണെന്ന ആശങ്കയും ബിനി പങ്കുവെച്ചു. കൊറോണ വാര്‍ഡില്‍ ജോലി ചെയ്ത സ്റ്റാഫിനെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റുന്നതായും ഇത് ആശുപത്രികള്‍ക്ക് അകത്ത് തന്നെ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പല ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആ ആശുപത്രികളില്‍ ചികിത്സ നല്‍കാതെ ഒരു റഫറന്‍സും കൂടാതെ ആര്‍.എം.എല്‍ പോലുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണെന്ന ആശങ്കയും അവര്‍ പങ്കുവെക്കുന്നു. പ്രതിരോധ ശേഷി കുറവുള്ള ഗര്‍ഭിണികളായ നഴ്സുമാരെയും രോഗികളായ നഴ്സുമാരെയും വരെ കൊറോണ വാര്‍ഡുകളില്‍ ജോലി ചെയ്യിക്കുകയാണെന്നും ഇവര്‍ പറയുന്നു.

ഇതിനെ ഒരു വിലപേശല്‍ ആയി കാണരുത് (ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ കേന്ദ്ര സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്ക് നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം )

കൊറോണ വൈറസ് ലോകത്തെയാകമാനം ഭീതിയില്‍ ആക്കിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തും കോവിഡ്-19 അനേകര്‍ക്ക് സ്ഥിരീകരിച്ചിരിക്കുന്നു. ഈ അവസരത്തില്‍ വലിയൊരു ജാഗ്രത തന്നെ വേണ്ടിയിരിക്കുന്നു. അതിനുവേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ അഭിനന്ദിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു.

ഈ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള നഴ്സുമാര്‍ അവരുടെ ജോലി കൃത്യനിഷ്ഠയോടും ആത്മാര്‍ത്ഥതയോടും കൂടി അധികമായി ചെയ്യുന്നു. അവധികള്‍ പോലും എടുക്കാതെ അനേകം നഴ്സുമാര്‍ ഈ രോഗത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. ഇന്ത്യന്‍ നഴ്സുമാരുടെ സേവനം ലോകരാജ്യങ്ങള്‍ക്ക് വരെ ഉപകാരപ്പെട്ടുകൊണ്ടിരിക്കുന്നു.

രാജ്യത്തെ ആരോഗ്യമേഖലയുടെ നട്ടെല്ലുകളായി വര്‍ത്തിക്കുന്ന നഴ്സുമാരുടെ സേവനം എന്നത്തേയും പോലെ ഈ അടിയന്തര സാഹചര്യത്തിലും ഉണ്ട് എന്നുള്ളത് എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. രാഷ്ട്രത്തിനുവേണ്ടി സര്‍ക്കാരുകളുമായി സഹകരിച്ചു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്. അപ്പോള്‍ തന്നെ നഴ്സിംഗ് സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കൂടി ഓര്‍മ്മപ്പെടുത്താതിരിക്കാന്‍ തരമില്ല. ഇതിനെ ഒരു വിലപേശല്‍ ആയി കാണരുത്. നഴ്സിംഗ് സമൂഹം നേരിടുന്ന വിഷയങ്ങള്‍ നീണ്ട വര്‍ഷകാലമായി ഉന്നയിക്കുകയും, അതിനുവേണ്ടി പോരാടുകയും ചെയ്യുന്നതുകൊണ്ട് അങ്ങനെ കാണില്ല എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

രാജ്യത്തെ ആരോഗ്യമേഖലയെയും, സമ്പദ് വ്യവസ്ഥയെയും താങ്ങി നിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന നഴ്സുമാരുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എന്നും അലംഭാവം ആണ് കാണിച്ചിട്ടുള്ളത്. നഴ്സുമാരും ഈ രാജ്യത്തെ പൗരന്മാരാണ്. പക്ഷെ, അവര്‍ക്ക് വേണ്ടത്ര നീതി ഇതുവരെ ലഭിച്ചിട്ടില്ല. പലപ്പോഴും നടന്നിട്ടുള്ളത് അവരുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ മാത്രമാണ്. അത് നടപ്പാക്കുന്നതില്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമങ്ങളും ഒരു സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടില്ല.

വമ്പന്‍ ആശുപത്രി കുത്തക മുതലാളിമാരുടെ ഇംഗിതങ്ങള്‍ക്കാണ് ഇതുവരെ സര്‍ക്കാരുകള്‍ കൂട്ടുനിന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുകയാണ്. രാജ്യത്തിന്റെ അമൂല്യ പൗരന്മാരായ നഴ്സുമാരുടെ നീതി ഇനിയും നിഷേധിച്ചുകൂടാ, അവരുടെ അവകാശങ്ങള്‍ക്ക് ഒപ്പം സര്‍ക്കാരുകള്‍ ഉണ്ടാകണം. ഈ അവസരത്തില്‍ ഒന്നുകൂടി ഞങ്ങളുടെ അവകാശങ്ങള്‍ ഓര്‍മ്മപ്പെടുത്തിയതില്‍ ക്ഷമിക്കണം.അത് ഞങ്ങള്‍ക്ക് ലഭിച്ചേ മതിയാകൂ. അത് ഞങ്ങളുടെ അവകാശമാണ്. അതിന് ജനകീയ സര്‍ക്കാര്‍ എന്ന് മാത്രം പറയാതെ, ചെയ്യുന്നവര്‍ കൂടി ആകാന്‍ എല്ലാം സര്‍കാരുകളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കോവിഡ്-19 രോഗത്തെ നമ്മുടെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിന് സര്‍ക്കാരുകള്‍ എടുക്കുന്ന എല്ലാ ശ്രമങ്ങളെയും പിന്താങ്ങുന്നു. അതിനൊപ്പം നഴ്സുമാര്‍ ഉണ്ട്. എത്രയും വേഗം അതിന് നമുക്ക് സാധിക്കട്ടെ. ഒന്നിച്ചുനിന്ന് നമുക്ക് പൊരുതാം.


Next Story

Related Stories