TopTop
Begin typing your search above and press return to search.

മഹാരാഷ്ട്ര അട്ടിമറി: കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഭരണഘടനാ ദിനാചരണം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം; ശിവസേനയും ചേരും

മഹാരാഷ്ട്ര അട്ടിമറി: കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഭരണഘടനാ ദിനാചരണം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം; ശിവസേനയും ചേരും

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഇന്ന് പാര്‍ലമെന്റില്‍ നടക്കുന്ന ഭരണഘടനാ ദിനാചരണം ബഹിഷ്കരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ പ്രസംഗം ഉള്‍പ്പെടുന്ന ചടങ്ങാണ് ബഹിഷ്കരിക്കുക. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ബഹിഷ്കരണം.

കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എന്‍സിപി, ടിഎംസി, ആര്‍ജെഡി, ടിഡിപി, ഡിഎംകെ എന്നീ കക്ഷികളാണ് ബഹിഷ്കരണം നടത്തുക. പാര്‍ലമെന്റിനകത്തെ അംബേദ്കര്‍ പ്രതിമയ്ക്കരികില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധപ്രകടനം നടത്തും. കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും ഗവര്‍ണറും ഒത്തുചേര്‍ന്ന് മഹാരാഷ്ട്രയില്‍ ഭരണഘടനാ വ്യവസ്ഥകളെയും മൂല്യങ്ങളെയും അട്ടിമറിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഭരണഘടനാദിനാചരണം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം തീരുമാനമെടുത്തത്.

ഇന്ന് രാവിലെ പത്തുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബഹിഷ്കരണ നീക്കത്തില്‍ ശിവസേനാ എംപിമാരുടെ പിന്തുണയും ഉറപ്പായിട്ടുണ്ട്. തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ സേനാ എംപിമാരായ അനില്‍ ദേശായി, അര്‍വിന്ദ് സാവന്ത് എന്നിവര്‍ സോണിയ ഗാന്ധിയെ ചെന്നു കണ്ടു.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ഭരണഘടനാ ദിനാചരണം നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചടങ്ങിനെ അഭിസംബോധന ചെയ്യും.


Next Story

Related Stories