TopTop
Begin typing your search above and press return to search.

മധ്യപ്രദേശില്‍ അഞ്ച് മന്ത്രിമാരായി, വകുപ്പ് വിഭജനമായില്ല, കോവിഡ് കാലത്ത് ആരോഗ്യമന്ത്രിയുമില്ല

മധ്യപ്രദേശില്‍ അഞ്ച് മന്ത്രിമാരായി, വകുപ്പ് വിഭജനമായില്ല, കോവിഡ് കാലത്ത് ആരോഗ്യമന്ത്രിയുമില്ല

മാര്‍ച്ച് 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയില്‍ അഞ്ച് അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് കാലത്ത് മധ്യപ്രദേശ് ആരോഗ്യമന്ത്രിയില്ലാത്ത സംസ്ഥാനമായതില്‍ ബിജെപിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രണ്ട് അനുയായികളടക്കം അഞ്ച് പേരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇപ്പോളും വകുപ്പ് വിഭജനം നടന്നിട്ടില്ല. ആരോഗ്യവകുപ്പിന് ഇപ്പോളും മന്ത്രിയില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം ആരോഗ്യവകുപ്പിലെ 47 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്.

മുന്‍ മന്ത്രിയും ആറ് തവണ എംഎല്‍എയുമായിട്ടുള്ള നരോത്തം മിശ്ര, മീണ സിംഗ്, കമാല്‍ പട്ടേല്‍, തുള്‍സീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് രാജ്പുത്ത് എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്. ഇതില്‍ തുള്‍സീറാം സിലാവത്തും ഗോവിന്ദ് സിംഗ് രാജ്പുത്തും ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളാണ്. അതേസമയം ആരോഗ്യ വകുപ്പടക്കം പ്രധാന വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യുമെന്ന് തീരുമാനമായില്ല. മേയ് മൂന്നിന് രണ്ടാമത്തെ മന്ത്രിസഭാ വികസനത്തിന് ശേഷം മാത്രമേ വകുപ്പ് വിഭജനമുണ്ടാകൂ എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളില്‍ ഏഴാമതാണ് മധ്യപ്രദേശ്. 1485 കോവിഡ് കേസുകളും 74 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആള്‍ക്കൂട്ടങ്ങള്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ മധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി തന്നെയാണ് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.


Next Story

Related Stories