TopTop
Begin typing your search above and press return to search.

ജെഡിയു പൗരത്വ ഭേദഗതിക്ക് എതിരായിരുന്നു, എന്തിന് അനുകൂലിച്ച് വോട്ട് ചെയ്തു എന്ന് പറയാന്‍ നിതീഷിനേ കഴിയൂ - പ്രശാന്ത് കിഷോറിന്റെ ഒളിയമ്പ്

ജെഡിയു പൗരത്വ ഭേദഗതിക്ക് എതിരായിരുന്നു, എന്തിന് അനുകൂലിച്ച് വോട്ട് ചെയ്തു എന്ന് പറയാന്‍ നിതീഷിനേ കഴിയൂ - പ്രശാന്ത് കിഷോറിന്റെ ഒളിയമ്പ്

പൗരത്വ ഭേദഗതി നിയമത്തില്‍ ജെഡിയു (ജനതാദള്‍ യുണൈറ്റഡ്) അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ പരോക്ഷവിമര്‍ശനവുമായി പാര്‍ട്ടി വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ജെഡിയു എക്കാലവും പൗരത്വ ഭേദഗതി നിയമത്തേയും (സിഎഎ) ദേശീയ പൗരത്വ പട്ടികയേയും (എൻആർസി) എതിര്‍ത്തിരുന്നു എന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. ഏറ്റവുമാദ്യം വിയോജനക്കുറിപ്പ് നല്‍കിയത് ജെഡിയു ആയിരുന്നു. ഏത് സാഹചര്യത്തിലാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ജെഡിയു പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത് എന്ന് വിശദീകരിക്കാന്‍ നിതീഷ് കുമാറിനേ കഴിയൂ എന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഇരു സഭകളിലും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്ന ജെഡിയു പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിന് പിന്നാലെ ബിഹാറിൽ എൻആർസി നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു.

സിഎഎയെ എന്‍ആര്‍സിയുമായി ബന്ധിപ്പിക്കുമ്പോള്‍ അത് മതപരമായി മാത്രമല്ല, വര്‍ഗപരമായും വിവേചനമുള്ളതാണ് - പ്രശാന്ത് കിഷോര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം വിവേചനപരമാണ് എന്ന് പ്രശാന്ത് കിഷോര്‍ നേരത്തെയും പറഞ്ഞിരുന്നു. ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് നിതീഷ് കുമാറിനോട് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ആര്‍സി ഒരിക്കലും നടപ്പാക്കാന്‍ പാടില്ല എന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. എന്‍ആര്‍സി നടപ്പാക്കിയാല്‍ രേഖകളില്ലാത്ത കോടിക്കണക്കിന് പാവപ്പെട്ടവര്‍ അവരുടെ പൂര്‍വപിതാക്കള്‍ ഈ രാജ്യത്തെ പൗരന്മാരായിരുന്നു എന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും. ഇതിന്റെ ഭാഗമായി ഇവര്‍ക്ക് വലിയ തോതില്‍ വരുമാന നഷ്ടമുണ്ടാകും. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് തന്നെ എന്‍ആര്‍സി ഒരിക്കലും നടപ്പാക്കില്ല എന്ന് തന്നെയാണ് ജെഡിയുവിന്റെ ഇതുവരെയുള്ള നിലപാട്.

എന്‍ആര്‍സിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് പ്രശാന്ത് കിഷോര്‍ ചോദിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്തിയാല്‍ അത് വ്യക്തത നല്‍കാന്‍ സഹായകമായിരിക്കും. ധര്‍ണയും പ്രതിഷേധ പ്രകടനങ്ങളുമൊക്കെ നടത്തുന്നത് നല്ലത്. പക്ഷെ ഒരു ഔദ്യോഗിക പ്രസ്താവന പോലും കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തുന്നില്ല. ഇത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല - പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ആര്‍സിയയും സിഎഎയും നടപ്പാക്കില്ല എന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അവസാന തീരുമാനം പറയേണ്ടത് അതിന്റെ ഉന്നത സമിതിയായ വര്‍ക്കിംഗ് കമ്മിറ്റിയാണ്. 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. 2003ലെ വിവാദ നിയമഭേദഗതികളില്‍ എന്തുകൊണ്ട് മാറ്റം വരുത്തിയില്ല - പ്രശാന്ത് കിഷോര്‍ ചോദിച്ചു. ബിജെപിയുമായുള്ള സഖ്യത്തില്‍ നിലവില്‍ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍ അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories