TopTop
Begin typing your search above and press return to search.

കോൺഗ്രസ്സിന്റെ സംഘടനാ സംവിധാനം തകർന്നു - ഗുലാം നബി ആസാദ്

കോൺഗ്രസ്സിന്റെ സംഘടനാ സംവിധാനം തകർന്നു - ഗുലാം നബി ആസാദ്

കോണ്‍ഗ്രസ്സിന്റെ സംഘടനാസംവിധാനം തകര്‍ന്നതായി മുതിര്‍ന്ന നേതാവും പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കപില്‍ സിബല്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ നടത്തിയ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി ഗുലാം നബി ആസാദും രംഗത്തെത്തിയത്.

ഞങ്ങളുടെ പാര്‍ട്ടി ഘടന തകര്‍ന്നിരിക്കുന്നു. ഇത് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. ഈ ഘടനയില്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുണ്ടെങ്കില്‍ ഇത് പ്രവര്‍ത്തിക്കും - ആസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തകസമിതിയിലേയ്ക്കുള്‍പ്പടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും സ്ഥിരം പ്രസിഡന്റ് വേണമെന്നും ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയ 23 നേതാക്കളില്‍ ഗുലാം നബി ആസാദും കപില്‍ സിബലും ഉള്‍പ്പെടുന്നു. ബ്ലോക്ക് തലം മുതൽ പാർട്ടിയിൽ തിരഞ്ഞെടുപ്പ് വേണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കണം. അല്ലാതെ ഹോട്ടലുകളിൽ താമസിച്ചിട്ട് കാര്യമില്ല. ഫൈവ് സ്റ്റാർ സംസ്കാരത്തിൽ നിന്ന് കോൺഗ്രസ് മുക്തി നേടണം. താഴേത്തട്ടിൽ നിന്ന് പാർട്ടിയിൽ അഴിച്ചുപണി ആവശ്യമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളെ കണ്ടാൽ പോര. അവരുമായി നിരന്തര സമ്പർക്കം വേണം. ഡൽഹിയിൽ നിന്ന് പോയി ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടോ മൂന്നോ ദിവസം താസിച്ചതുകൊണ്ട് പണം വെറുതെ കളയാമെന്നല്ലാതെ ഒരു ഗുണവുമില്ല. നേതാക്കൾക്ക് ഓരോ നിയമസഭ മണ്ഡലം സംബന്ധിച്ചും വ്യക്തമായ ധാരണയുണ്ടാകണം.

അതേസമയം നേതാവിനെ മാറ്റിയതുകൊണ്ട് മാത്രം ബിഹാറിലും യുപിയിലും മധ്യപ്രദേശിലും ജയിക്കാന്‍ കഴിയുമായിരുന്നു എന്ന് പറയുന്നത് തെറ്റായിരിക്കും. സംഘടനാസംവിധാനത്തില്‍ മാറ്റമുണ്ടായാല്‍ മാത്രമേ പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിയൂ എന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു - എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗുലാം നബി ആസാദ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ദ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് രൂക്ഷവിമർശനവുമായി കപിൽ സിബൽ രംഗത്തെത്തിയത്.

ബിജെപിക്ക് ദേശീയതലത്തിൽ ബദൽ എന്ന സ്ഥാനം കോൺഗ്രസ്സിന് നഷ്ടമായിരിക്കുന്നു എന്ന സൂചനയോടെയാണ് കപിൽ സിബൽ സംസാരിച്ചത്. കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യങ്ങളെ അംഗീകരിക്കണം. പ്രവർത്തകസമിതിയിൽ നോമിനേറ്റഡ് അംഗങ്ങളാണുള്ളതെന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്ലാത്തതാണ് പ്രശ്നമെന്നും അഭിപ്രായഭിന്നതകൾ പ്രകടിപ്പിക്കാൻ വേദിയില്ലാതാകുന്നതുകൊണ്ടാണ് കാര്യങ്ങൾ പരസ്യമായി പ്രകടിപ്പിക്കേണ്ടി വരുന്നതെന്നും കപിൽ സിബൽ തുറന്നടിച്ചിരുന്നു.

എതിര്‍പ്പുള്ളവര്‍ കോണ്‍ഗ്രസ് വിട്ട് വേറെ പാര്‍ട്ടി രൂപീകരിക്കണമെന്ന് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടപ്പോള്‍, കോണ്‍ഗ്രസ്സില്‍ നേതൃപ്രതിസന്ധിയില്ലെന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് പാര്‍ട്ടിയെ നയിക്കുന്നത് എന്ന കാര്യം എതിരാളികള്‍ക്ക് പോലും വ്യക്തമാണെന്നുമാണ് സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്.


Next Story

Related Stories