Top

"ഒരു കുറ്റം പോലും ചാർത്തപ്പെടാതെ 106 ദിവസം ജയിലിൽ": ചിദംബരം മോചിതനായി

"ഒരു കുറ്റം പോലും ചാർത്തപ്പെടാതെ 106 ദിവസം ജയിലിൽ": ചിദംബരം മോചിതനായി

ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിൽ കേസിൽ ജാമന്യം ലഭിച്ച മുൻ‌ കേന്ദ്ര ധനമന്ത്രി പി ചിദംബരം ജയിൽമോചിതനായി. 206 ദിവസമാണ് ഇദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. അന്വേഷകർ വിളിപ്പിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ഡൽഹി വിടരുതെന്നുമെല്ലാമുള്ള കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണമെന്നും രണ്ട് ലക്ഷം രൂപ കെട്ടി വെക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

ചിദംബരത്തെ സ്വീകരിക്കാൻ കോൺഗ്രസ് നേതാക്കളും മകൻ കാർത്തി ചിദംബരവും എത്തിയിരുന്നു. ജയിലിൽ നിന്നും നേരെ പോയത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണ്. നാളെ രാവിലെ 11ന് ചിദംബരം രാജ്യസഭയിൽ ഹാജരാകുമെന്ന് കാർത്തി നേരത്തെ അറിയിച്ചിരുന്നു.

ചിദംബരം സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തെ കോടതി അംഗീകരിക്കുകയുണ്ടായില്ല. ഈ വാദത്തിന് മൂർത്തമായ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചിദംബരത്തിനു വേണ്ടി മറ്റാരെങ്കിലും അത് ചെയ്തെന്നും തെളിയിക്കാൻ അന്വേഷകർക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

നിലവിൽ ചിദംബരം രാഷ്ട്രീയാധികാരമുള്ളയാളല്ലെന്ന വസ്തുതയും കോടതി അന്വേഷകർക്ക് ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ തന്നെ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം മുഖവിലയ്ക്കെടിക്കാൻ കോടതി തയ്യാറായില്ല.

ഒരു കുറ്റം പോലും തനിക്കെതിരെ ചാർത്തപ്പെട്ടിട്ടില്ലെന്ന വസ്തുതയാണ് ജയിലിനു പുറത്തുവന്ന ചിദംബരം ചൂണ്ടിക്കാട്ടിയത്. 106 ദിവസം താൻ ജയിലിൽ കിടന്നത് വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്. അതെസമയം കേസുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്താൻ താനില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ കർശനമായ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ചിദംബരം വിസമ്മതം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവന നടത്തരുതെന്ന് കോടതി വ്യവസ്ഥ വെച്ചിട്ടുണ്ട്.

വിചാരണ പോലുമില്ലാതെയാണ് തന്നെ 106 ദിവസം ജയിലിലടച്ചതെന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. ചിദംബരത്തെ ജയിലിലടച്ചത് പൂർവ്വവൈരാഗ്യം തീർക്കാനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.


Next Story

Related Stories