TopTop
Begin typing your search above and press return to search.

വടക്കന്‍ ലഡാക്കിലേക്ക് 20,000 പാക് സൈനികര്‍; പാക് അധീന കാശ്മീരിലെ ഭീകരസംഘടനകളെ വളര്‍ത്തിയെടുക്കാന്‍ ചൈന ചര്‍ച്ചകള്‍ നടത്തുന്നു

വടക്കന്‍ ലഡാക്കിലേക്ക് 20,000 പാക് സൈനികര്‍; പാക് അധീന കാശ്മീരിലെ ഭീകരസംഘടനകളെ വളര്‍ത്തിയെടുക്കാന്‍ ചൈന ചര്‍ച്ചകള്‍ നടത്തുന്നു

ചൈനയുടെയും ഇന്ത്യയുടെ സൈനിക ഉദ്യോഗസ്ഥര്‍ അതിര്‍ത്തി പ്രശ്നങ്ങളില്‍ സമവായമുണ്ടാക്കാനുള്ള ശ്രമം ചര്‍ച്ചകളിലൂടെ തുടരുന്നതിനിടയില്‍ പാകിസ്താന്‍ ലഡാക്ക് മേഖലയില്‍ സൈനികനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദി ഇക്കണോമിക് ടൈംസ് പറയുന്നതു പ്രകാരം ഗില്‍ജിത്-ബാള്‍ടിസ്താന്‍ മേഖലയില്‍ നിന്നും തെക്കുകിഴക്കന്‍ പ്രദേശമായ ലഡാക്കിലേക്ക് ഇരുപതിനായിരത്തോളം സൈനികരെ പാകിസ്താന്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാലാകോട്ട് വ്യോമാക്രമണസമയത്ത് പാകിസ്താന്‍ വിന്യസിച്ചതിലധികം സൈനികരെയാണ് ഇപ്പോള്‍ സ്ഥലത്തേക്ക് നീക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനീസ് ഉദ്യോഗസ്ഥര്‍ പാകിസ്താന്‍ ഭീകര ഗ്രൂപ്പുകളുമായും ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു സമാന്തരമായി ചൈന-പാക് സൈനികബന്ധം ശക്തിപ്പെടുന്നതിന്റെയും ഒരുമിച്ചുള്ള നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. പാകിസ്താനും ചൈനയും ചേര്‍ന്ന് നിര്‍മിച്ചെടുക്കുന്ന സൈനികപദ്ധതികള്‍ക്കൊപ്പം കാശ്മീരില്‍ തീവ്രവാദം വളര്‍ത്തുക എന്നതാണ് പദ്ധതിയെന്ന് ഇക്കണോമിക് ടൈംസ് സൈനികനയതന്ത്ര വിദഗ്ധരെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.

പാകിസ്താനിലെ അല്‍ ബാദിര്‍ ഭീകര ഗ്രൂപ്പുമായി ഇതിനകം ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം. ഈ സംഘടനയെ പരിപോഷിപ്പിച്ചെടുക്കാനുള്ള സഹായം ചൈന നല്‍കിയേക്കും. അല്‍ ബാദിര്‍ നേരത്തെ സജാവമായിരുന്ന ഭീകരസംഘടനയാണ്. അടുത്തകാലത്തായി ഈ സംഘടന ശോഷിച്ചിരുന്നു. സംഘടനയ്ക്ക് ചെല്ലും ചെലവും കൊടുത്ത് പോഷിപ്പിച്ചെടുത്താല്‍ ഇന്ത്യക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് ചൈന കാണുന്നത്.

കഴിഞ്ഞ കുറച്ചാഴ്ചകളായി ചൈനീസ് ഉദ്യോഗസ്ഥരും പാക് ഉദ്യോഗസ്ഥരും നിരന്തരമായി ചര്‍ച്ചകളിലേര്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. നിയന്ത്രണരേഖയിലുടനീളം ചൈന ആയിരക്കണക്കിന് പട്ടാളക്കാരെ നിയോഗിച്ചിരുന്നു. ഇതിനു പുറമെയാണ് പാക് സൈനികരും ഇവരോട് ചേരുന്നത്.

ഗില്‍ജിത് ബാള്‍ടിസ്താന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പാക് അധീനതയിലുള്ള ഇന്ത്യന്‍ പ്രദേശമാണ്. 1999ല്‍ കാര്‍ഗില്‍ യുദ്ധ നടന്ന കാര്‍ഗില്‍-ദ്രാസ് മേഖലയ്ക്കടുത്താണീ പ്രദേശം.


Next Story

Related Stories