TopTop
Begin typing your search above and press return to search.

കാശ്മീരിനെ ഉള്‍പ്പെടുത്തി പാകിസ്താന്റെ ഭൂപടം, പ്രതിഷേധിച്ച് ഇന്ത്യ അന്താരാഷ്ട്ര യോഗത്തില്‍നിന്ന് ഇറങ്ങി പോയി

കാശ്മീരിനെ ഉള്‍പ്പെടുത്തി പാകിസ്താന്റെ ഭൂപടം, പ്രതിഷേധിച്ച് ഇന്ത്യ അന്താരാഷ്ട്ര യോഗത്തില്‍നിന്ന് ഇറങ്ങി പോയി

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭൂപടം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍നിന്ന് ഇറങ്ങി പോയി. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍നിന്നാണ് അജിത് ദോവലിന്റെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങി പോയത്.

അന്താരാഷ്ട്ര മര്യാദകള്‍ പാകിസ്താന്‍ ലംഘിച്ചതിനാലാണ് ഇന്ത്യ യോഗം ബഹിഷ്‌ക്കരിച്ചതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ആതിഥേയരായ റഷ്യയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയുള്ള സമീപനമാാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ രാജ്യങ്ങളിലെ ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിലാണ് പാകിസ്താന്‍ ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഭൂപടം പ്രദര്‍ശിപ്പിച്ചത്. ആതിഥേയരായ റഷ്യയെ അറിയിച്ചതിന് ശേഷമാണ് ഇന്ത്യ യോഗം ബഹിഷ്‌ക്കരിച്ചത്.

ജമ്മു കാശ്മീര്‍, ലഡാക്ക്, ഗുജറാത്തിലെ സര്‍ ക്രീക്ക് തുടങ്ങിയ പ്രദേശങ്ങള്‍ പാകിസ്താന്റെ ഭാഗമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതായിരുന്നു വിവാദമായ ഭൂപടം. ഷാങ്ഹായ് ഓര്‍ഗനൈസേഷന്‍ കോര്‍പ്പറേഷന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പാകിസ്താന്‍ പെരുമാറിയതെന്ന് ഇന്ത്യ ആരോപിച്ചു. അംഗ രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് കോര്‍പ്പറേഷന്റെ നടപടി ക്രമം.

പാകിസ്താനെ പ്രകോപനപരമായ നടപടിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആതിഥേയരായ റഷ്യ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പാകിസ്താന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഡോ. മൊയീദ് യൂസഫിന്റെ പാശ്ചാത്തലമായി ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഭൂപടം കണ്ട ഉടനെ അജിത് ദോവല്‍ പ്രതിഷേധിച്ചു. എന്നാല്‍ ഭൂപടം മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധിച്ച് ഇന്ത്യന്‍ സംഘം ഇറങ്ങി പോയത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാശ്മീരിനെ പരാമാവധി അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിക്കാന്‍ പാകിസ്താന്‍ ശ്രമിക്കാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ചൊവ്വാഴ്ച നടന്നതെന്നാണ് കരുതുന്നത്.

പാകിസ്താന്റെ നടപടിയെ റഷ്യ അംഗീകരിക്കുന്നില്ലെന്നും എസ് സി ഒവിലുള്ള ഇന്ത്യന്‍ പങ്കാളിത്തത്തെ ഇത് ബാധിക്കില്ലെന്നും പ്രതീക്ഷിക്കുന്നതായി റഷ്യ പറഞ്ഞു.

Next Story

Related Stories