TopTop
Begin typing your search above and press return to search.

VIDEO| ഓറഞ്ച് തോട്ടത്തില്‍ തുണി വിരിച്ച് കിടക്കുന്ന രോഗികള്‍; മരക്കൊമ്പില്‍ ഗ്ലൂക്കോസ് കുപ്പികള്‍, അനധികൃത ചികിത്സയെന്ന് സംശയം

VIDEO| ഓറഞ്ച് തോട്ടത്തില്‍ തുണി വിരിച്ച് കിടക്കുന്ന രോഗികള്‍; മരക്കൊമ്പില്‍ ഗ്ലൂക്കോസ് കുപ്പികള്‍, അനധികൃത ചികിത്സയെന്ന് സംശയം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശുപത്രികളുടെ പാര്‍ക്കിംഗ് ഏരിയകളിലും പുറത്തുമൊക്കെയായി ഓക്‌സിജന്‍ സിലിണ്ടറുമായി രോഗികള്‍ കിടക്കയ്ക്ക് ഊഴം കാത്തിരിക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, മറ്റു രോഗം ബാധിച്ചവരെ അനധികൃത ഡോക്ടര്‍മാരും ക്ലിനിക്കുകാരും മുതലെടുക്കുന്നുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മധ്യപ്രദേശിലെ അഗര്‍-മാല്‍വ ജില്ലയിലെ ധനിയാഖേടിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് അത്തരമൊരു സംശയത്തിന് കാരണമായിരിക്കുന്നത്.

ദേശീയപാതയോട് ചേര്‍ന്നുള്ള ഓറഞ്ച് തോട്ടത്തില്‍ മരത്തണലില്‍ രോഗികള്‍ തുണി വിരിച്ച് കിടക്കുന്നു. അവര്‍ക്കുള്ള ഗ്ലൂക്കോസ് കുപ്പികള്‍ മരക്കൊമ്പുകളിലാണ് തൂക്കിയിരിക്കുന്നത്. രോഗികളും മറ്റുള്ളവരും അടുത്തടുത്താണ് കിടക്കുന്നത്. ആരുംതന്നെ മാസ്‌കും ധരിച്ചിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികള്‍ നിറയുകയും മറ്റുള്ള രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യം കുറയുകയും ചെയ്തു. ഇത് മുതലെടുത്താണ് ഇത്തരം ചികിത്സകള്‍ വര്‍ധിക്കുന്നത്. ആശുപത്രിയിലെത്തിയാല്‍ തങ്ങളെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കുമോയെന്ന ആളുകളുടെ പേടിയും ഇത്തരം വ്യാജ ഡോക്ടര്‍മാര്‍ മുതലെടുക്കുന്നതായാണ് ആരോപണം.

അതേസമയം, സംഭവത്തില്‍ കേസെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആര്‍ക്കെങ്കിലും ജലദോഷമോ ചുമയോ ഉണ്ടെങ്കില്‍, ദയവായി അംഗീകൃത ഡോക്ടറുടെ അടുത്ത് ചെന്ന് കോവിഡ് പരിശോധനകള്‍ ഉള്‍പ്പെടെ നടത്തണം. അല്ലാത്തപക്ഷം ചികിത്സ വൈകിയേക്കാമെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ മനീഷ് കുറില്‍ പ്രദേശവാസികളോട് അഭ്യര്‍ഥിച്ചു. ലൈസന്‍സില്ലാത്ത ഇത്തരം ചികിത്സകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ (സിഎംഎച്ച്ഒ) ഡോ. സമന്ദര്‍ സിംഗ് മാല്‍വിയയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അനധികൃത ചികിത്സ നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും രോഗികളെയോ ഡോക്ടര്‍മാരെയോ കണ്ടെത്താനായില്ലെന്നും അവര്‍ പറയുന്നു.

Source Link


Next Story

Related Stories