TopTop
Begin typing your search above and press return to search.

'പൗരത്വബില്ലിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയില്‍ തുടരില്ല, നിതീഷ് കുമാറിന് പ്രധാനം അധികാരം' ജെ ഡി യു വിടുമെന്ന് പാര്‍ട്ടി എം പി പവന്‍ വര്‍മ


ബിജെപിയുടെ സഖ്യകക്ഷിയായ ജെ ഡി യുവില്‍ പൗരത്വബില്ലിനെ ചൊല്ലി കടുത്ത അഭിപ്രായ ഭിന്നത. പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന പാര്‍ട്ടിയില്‍ തുടരില്ലെന്ന് പാര്‍ട്ടി എംപി പവന്‍ വര്‍മ പറഞ്ഞു.
"പൗരത്വ ബില്ലിനെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ അറിയിച്ചിരുന്നു. പൗരത്വബില്ലിനെ പാര്‍ട്ടിക്ക് അനുകൂലിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് അസമിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രശ്‌നങ്ങളുടെ പാശ്ചാത്തലത്തിലെന്ന കാര്യം നിതീഷ് കുമാറിനെ ധരിപ്പിച്ചിരുന്നു". എന്നാല്‍ അസം ഗണ പരിഷത്ത് പോലും പിന്തുണയ്ക്കുന്ന പശ്ചാത്തലത്തില്‍ എങ്ങനെ എതിര്‍ക്കുമെന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചതെന്ന് പവന്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എജിപി പോലും നിയമ ഭേദഗതിയെ എതിര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിൽ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെ ഫലപ്രദമായ ബദല്‍ വളര്‍ത്തികൊണ്ടുവരികയാണ് തന്റെ ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. പൗരത്വ നിയമവും പൗരത്വ റജിസ്റ്ററും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഇത് ആളുകളെ പുറന്തള്ളുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.
നീതിഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിസ്സാഹായതയും നിരാശയുമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ദി വയറില്‍ കരണ്‍ഥാപ്പറുായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പൗരത്വ ബില്ലിനെ അനുകൂലിക്കാനുള്ള തീരുമാനം ജെഡിയുവിന്റെ അടിസ്ഥാന നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നയങ്ങള്‍ക്ക് പകരം രാഷ്ട്രീയ അധികാരത്തിനാണ് നിതീഷ് കുമാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും പവന്‍ കുമാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് പവന്‍ കുമാര്‍ നടത്തിയത്. രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ അപകടത്തിലാക്കുന്ന തീരുമാനമാണ് പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയുമെന്ന് അദ്ദേഹം പറഞ്ഞു. സമരക്കാരെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാന്‍ കഴിയുമെന്ന മോദിയുടെ പ്രസ്താവന ഒരു പ്രധാനമന്ത്രിക്ക് യോജിക്കാത്ത അപലപനീയമായ നിലപാടാണ്. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് ഭരണ കൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെക്കാള്‍ മുകളിലാണ് പാര്‍ട്ടി പ്രകടന പത്രികയെന്ന നിലപാടാണ് ബിജെപിയ്‌ക്കെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ വകുപ്പിലെ ജീവനക്കാരനായിരുന്ന പവന്‍ വര്‍മ ജോലി രാജിവെച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ മധ്യ വര്‍ഗത്തെക്കുറിച്ചുള്ള പവന്‍ വര്‍മയുടെ ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ലാസ് എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു.


Next Story

Related Stories