TopTop
Begin typing your search above and press return to search.

വാട്‌സ്ആപ്പ് ചാരപ്പണി, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം

വാട്‌സ്ആപ്പ് ചാരപ്പണി, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം

ഇസ്രായേൽ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മാധ്യമ, മനുഷ്യാവകാശ, സാമൂഹിക പ്രവർത്തകരുടെ ഫോൺ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഇടപെടൽ ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. വിവരച്ചോർച്ച റിപ്പോർട്ടിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സമീപിക്കാനും പ്രതിപക്ഷ പാർട്ടികൾ നീക്കം ആരംഭിച്ചു. നവംബർ 18 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ വിഷയം ശക്തമായി നിലനിർത്താനുള്ള ശ്രമങ്ങൾ കൂടിയാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടു വയ്ക്കുന്നത്.

തിങ്കളാഴ്ച കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇക്കാര്യം സംബന്ധിച്ച് ധാരണയിലെത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കും. ഇതിനായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചില്ലെങ്കില്‍ നിവേദനം അദ്ദേഹത്തിന് അയച്ചു നൽകാനും ധാരണയായിട്ടുണ്ട്.

ഇസ്രയേൽ സ്പൈവെയർ പെഗാസസ് വഴി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കിടയിൽ ചാരപ്പണി നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നും പാർട്ടി ആരോപണം ഉന്നിയിച്ചിരുന്നു. എന്നാൽ ആരോപണം ബിജെപി തള്ളി.

പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇതില്‍ ഇന്ത്യക്കാരുമുണ്ടെന്നും വാട്‌സ്‍ആപ്പ് അധികൃതര്‍ യു.എസ് ഫെഡറല്‍ കോടതിയെയാണ് അറിയിച്ചതിന് പിന്നാലെയാണ് വിവരച്ചോർച്ച വിവാദം ആരംഭിക്കുന്നത്. ഇസ്രയേല്‍ സൈബര്‍ ടെക്‌നോളജി കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പ്, ക്യുസൈബര്‍ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കെതിരെ യുഎസ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് ഈ വിവരം പുറത്തായത്.


Next Story

Related Stories