TopTop
Begin typing your search above and press return to search.

ആഗോളതാപനം: പർവ്വത ജലശേഖരം കുറയും; സിന്ധു നദിയടക്കമുള്ളവ വരളും

ആഗോളതാപനം: പർവ്വത ജലശേഖരം കുറയും; സിന്ധു നദിയടക്കമുള്ളവ വരളും

ആഗോളതാപനത്തിന്‍റെ ഫലമായി പർവ്വത ഹിമാനികളും, ഹിമപ്പരപ്പും, ആൽപൈൻ തടാകങ്ങളുമെല്ലാം പതിയെ ഇല്ലാതാക്കാന്‍ തുടങ്ങിയതോടെ ലോക ജനസംഖ്യയുടെ നാലിലൊന്നും ജലവിതരണ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് അന്തര്‍ദേശീയ പഠനം. ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദിയായ സിന്ധു നദിയാണ് ഏറ്റവുംവലിയ ഭീഷണി നേരിടുന്നത്. പാകിസ്ഥാൻ, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന ജലസ്രോതസ്സാണ് സിന്ധു.

ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ താപനില 1.9 സെന്റിഗ്രേഡ്‌ ഉയരുകയും മഴ 2 ശതമാനത്തിൽ താഴെയാവുകയും ചെയ്യുമെന്നാണ് പ്രവചനം. എന്നാൽ ജനസംഖ്യ 50% വർദ്ധിച്ച് ജിഡിപിയുടെ എട്ട് മടങ്ങ് കൂടുതൽ ഉത്പാദിപ്പിക്കും. ആ സമ്മര്‍ദ്ധത്തെ അതിജീവിക്കാന്‍ ഈ വിശാലമായ ‘വാട്ടർ ടവറിന്’ സാധികില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. പരിസ്ഥിതിയുടേയും മനുഷ്യന്റെയും ജല ആവശ്യങ്ങൾ നിലനിർത്തുന്നതിനായി പർവതനിരകൾ വഹിക്കുന്ന ജല സംഭരണത്തിന്റെയും വിതരണത്തിന്റെയും പങ്കിനെയാണ് ‘വാട്ടര്‍ ടവര്‍’ എന്ന് വിളിക്കുന്നത്.

32 ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ഏഷ്യൻ നദീതടങ്ങളാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് നേരിടുന്നത്. മറ്റ് ഭൂഖണ്ഡങ്ങളിലും സമ്മർദ്ദം വർദ്ധിച്ചു വരുന്നുണ്ട്. വിശദമായ പഠനം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഇത് ഹിമാലയത്തിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസമല്ല, യൂറോപ്പിലും അമേരിക്കയിലുമെല്ലാം നടക്കുന്നുണ്ട്. നിലവില്‍ മനുഷ്യന്‍ പർവതങ്ങളെ ആശ്രയിക്കാത്ത സ്ഥലങ്ങളില്‍പോലും ജലശോഷണം സംഭവിക്കുന്നുണ്ടെന്ന്’ റോയൽ ഹോളോവേ സർവകലാശാലയിലെ ശാസ്ത്രജ്ഞയായ ബെഥാൻ ഡേവിസ് പറയുന്നു.

പ്രകൃതിദത്ത ടവറുകളുടെ തകർച്ചയുടെ ഭാഗമായി ലോകത്തിലെ 1.9 ബില്യൺ ജനങ്ങളും ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ പകുതിയും ഭീഷണി നേരിടുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. ശൈത്യകാലത്ത് വെള്ളം സംഭരിക്കുകയും വേനൽക്കാലത്ത് സാവധാനം പുറത്തുവിടുകയും ചെയ്യുകയാണ് വാട്ടര്‍ ടവറുകള്‍ പ്രധാനമായും ചെയ്യുന്നത്. ആഗോള ശരാശരിയേക്കാൾ ഉയരുന്ന താപനില ജല സ്രോതസ്സുകളുടെ സംഭരണ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നതോടെ ആവാസവ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടും.


Next Story

Related Stories