Top

'നോബെൽ ജേതാവ് ഇടതുപക്ഷക്കാരൻ; അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഇന്ത്യാക്കാർ തള്ളിയത്': കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

നോബെൽ ജേതാവ് ഇടതുപക്ഷക്കാരൻ; അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഇന്ത്യാക്കാർ തള്ളിയത്: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

നോബെൽ സമ്മാനജേതാവ് അഭിജിത്ത് ബാനർജി ഇടത് ചായ്‌വുള്ളയാളാണെന്ന് കേന്ദ്ര റെയിൽവേ-വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി രാഹുൽ‌ ഗാന്ധി അവതരിപ്പിച്ച 'ന്യായ്' പദ്ധതിയുടെ ആശയവും രൂപരേഖയും തയ്യാറാക്കിയയാളെന്ന നിലയിൽ അഭിജിത്ത് രാജ്യത്ത് ചർച്ചയായ ഘട്ടത്തിലാണ് പീയൂഷ് ഗോയലിന്റെ ഈ പരാമർശം. "അഭിജിത്ത് ബാനർജിയെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ പൂർണമായും ഇടത് ചായ്‌വുള്ളവയാണ്," മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതിനുള്ള സമീപനങ്ങളെ വാര്‍ത്തെടുക്കുകയും അവ പരീക്ഷണങ്ങളിലൂടെ സ്ഥാപിക്കുകയും ചെയ്തതിനാണ് അഭിജിത്ത് ബാനർജിക്ക് നൊബെൽ സമ്മാനം ലഭിച്ചത്.

അഭിജിത്ത് ബാനർജി ന്യായ് പദ്ധതിയെ പിന്തുണച്ചെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രസ്തുത പദ്ധതിയെയും അതിനു പിന്നിലെ ആശയത്തെയും തള്ളിക്കളഞ്ഞെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നത് ലക്ഷ്യം വെച്ചുള്ള പദ്ധതിയായിരുന്നു രാഹുൽ ഗാന്ധി അവതരിപ്പിച്ച ന്യായ്. യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പു പദ്ധതിയെക്കാളും വിപ്ലവകരമായ പദ്ധതിയായി മാറും ഇതെന്നായിരുന്നു കോൺഗ്രസ്സിന്റെ പ്രതീക്ഷ. ഈ പദ്ധതിക്ക് തെരഞ്ഞെടുപ്പിൽ ജനപിന്തുണ കിട്ടുമെന്നും പ്രതീക്ഷിക്കപ്പെട്ടു.

സർക്കാർ പദ്ധതികളുടെ കാര്യക്ഷമത സംബന്ധിച്ചുള്ളതാണ് അഭിജിത്ത് ബാനർജിയുടെ ഗവേഷണമേഖല. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന വിധത്തിൽ പദ്ധതികളെ എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച പരീക്ഷണങ്ങളിൽ അദ്ദേഹം ഏർപ്പെടുകയുണ്ടായി. രാജസ്ഥാനിൽ പോളിയോ വാക്സിനേഷൻ എടുക്കാത്ത കുട്ടികളുടെ അമ്മമാരെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാനായി വാനിറ്റി ബാഗുകളും മറ്റും സൗജന്യമായി നൽകുന്ന ഒരു പരീക്ഷണപരിപാടി അഭിജിത്ത് നടത്തുകയുണ്ടായി. ഇത് വൻ വിജയമായിരുന്നു.


Next Story

Related Stories