രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍,ഡീസല്‍ വില സര്‍വകാല റെക്കോഡും കടന്ന് കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വർധിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്നു. 93 രൂപ ഏഴ് പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോൾ വില. കൊച്ചിയിലെ പെട്രോൾ വില 91 രൂപ 48 പൈസയാണ്. കോഴിക്കോട് 91 രൂപ 67 പൈസയാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 87 രൂപ 6 പൈസയും കൊച്ചിയിൽ 91 രൂപ 48 പൈസയുമാണ് വില. കോഴിക്കോട് 86 രൂപ 32 പൈസയാണ് ഡീസൽ വില.
തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന ഇന്ധനവില രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് വില വർദ്ധന രേഖപ്പെടുത്തുന്നത്. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഉയർന്നിരുന്നു. ഫെബ്രുവരി ഒൻപതു മുതലുള്ള പന്ത്രണ്ടു ദിവസത്തിനിടെ 3.63 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 3.84 രൂപയും ഈ കാലയളവിനിടെ വർധിച്ചു.