TopTop
Begin typing your search above and press return to search.

ലോക് ഡൗണ്‍ അവസാനിച്ചിരിക്കാം, പക്ഷേ കൊറോണ വൈറസ് അവിടെതന്നെയുണ്ട്; വിജയം നേടുംവരെ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക് ഡൗണ്‍ അവസാനിച്ചിരിക്കാം, പക്ഷേ കൊറോണ വൈറസ് അവിടെതന്നെയുണ്ട്; വിജയം നേടുംവരെ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക് ഡൗണ്‍ അവസാനിച്ചിരിക്കാം, പക്ഷേ വൈറസ് അവിടെതന്നെയുണ്ടെന്ന കാര്യം മനസിലാക്കി ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍, കര്‍ഫ്യൂവില്‍ നിന്ന് ഇന്നുവരെ ഇന്ത്യയിലെ ജനങ്ങള്‍ വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനും ജീവിതം വീണ്ടും വേഗത്തിലാക്കുന്നതിനുമായി നമ്മളില്‍ മിക്കവരും ഓരോ ദിവസവും വീടുകളില്‍ നിന്ന് പുറത്തുകടക്കുകയാണ്. ഉത്സവങ്ങളുടെ സീസണും ആരംഭിക്കുന്നു. കഴിഞ്ഞ 7-8 മാസങ്ങളില്‍ ഓരോ ഇന്ത്യക്കാരന്റെയും ശ്രമഫലമായി, ഇന്ത്യ സുസ്ഥിരമായ അവസ്ഥയിലാണ്, അത് മോശമാകാന്‍ നാം അനുവദിക്കരുത്. വിജയം നേടും വരെ ജാഗ്രത തുടരണം. കോവിഡ് പ്രതിരോധ മരുന്ന് വരുന്നതുവരെ ഈ പോരാട്ടം തുടരണം. മരുന്ന് വരുമ്പോള്‍ ഓരോരുത്തര്‍ക്കും ഇത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശത്രുവിനെയും രോഗത്തെയും കുറച്ചു കാണരുതെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് മുന്നണി പോരാളികളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രിക്കാനായി. എന്നാല്‍ കോവിഡ് ഭീഷണി അവസാനിച്ചു എന്ന മട്ടില്‍ പലരും പെരുമാറുന്നു. പലയിടത്തു നിന്നുമുള്ള ദൃശ്യങ്ങളിളില്‍ ഈ ജാഗ്രതക്കുറവ് ദൃശ്യമാണ്. ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയാകും. ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുത്. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓര്‍ക്കണം. ചെറിയ അശ്രദ്ധ പോലും നേട്ടങ്ങളും സന്തോഷവും ഇല്ലാതാക്കും. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ കൃതൃമായി പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ അന്യരില്‍ നിന്നും ആറടി അകലം പാലിക്കണം. മാസ്‌ക് ധരിക്കണം. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതിനായുള്ള ബോധവത്കരണം നടത്തണം.

ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതല്‍ കൂട്ടാന്‍ കഴിഞ്ഞു. ഇതുവരെ 10 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തി. 2,000 കോവിഡ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് രോഗികള്‍ക്കായി 90 ലക്ഷം ആശുപത്രി കിടക്കകളും 12,000ലധികം നിരീക്ഷണ കേന്ദ്രങ്ങളും രാജ്യത്ത് സജ്ജമാക്കിയിരുന്നു. ഇന്ത്യയിലെ മരണനിരക്ക് 10 ലക്ഷത്തിന് 83 എന്ന നിലയിലാണ്. അമേരിക്ക, ബ്രസീല്‍, സ്‌പെയിന്‍, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ ഇത് 600നു മേലെയാണ്. ഇന്ത്യയില്‍ 10 ലക്ഷം ജനങ്ങളില്‍ 5500 പേര്‍ക്ക് കോവിഡ് ബാധിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കയിലും ബ്രസീലിലും ഇത് 25,000 അടുത്താണ്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ രോഗബാധ വളരെ കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വര്‍ധിക്കുകയാണ്. ഇക്കാര്യം മനസില്‍ സൂക്ഷിക്കണം. കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധികളില്‍നിന്ന് ക്രമേണ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.




Next Story

Related Stories