Top

മകള്‍ സുപ്രിയ സുലെയ്ക്ക് മോദി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന് ശരദ് പവാര്‍; മഹാരാഷ്ട്രയിൽ എൻസിപിയെ പിടിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചു

മകള്‍ സുപ്രിയ സുലെയ്ക്ക് മോദി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന് ശരദ് പവാര്‍; മഹാരാഷ്ട്രയിൽ എൻസിപിയെ പിടിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചു

മഹാരാഷ്ട്രയില്‍ എന്‍സിപിയെ കൂടെക്കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മകളും ലോക്‌സഭ എംപിയുമായ സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ താന്‍ ഇത് നിരസിച്ചു എന്നും മറാത്തി ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശരദ് പവാര്‍ പറഞ്ഞു. അതേസമയം തന്നെ രാഷ്്ട്രപതിയാക്കാം എന്ന് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടില്ല എന്നും ശരദ് പവാര്‍ പറഞ്ഞു. പൂനെയിലെ ബാരാമതിയില്‍ നിന്നുള്ള എന്‍സിപി എംപിയാണ് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ.

എന്റെ രാഷ്ട്രീയ അനുഭവസമ്പത്ത്് അദ്ദേഹത്തിന് ഗവണ്‍മെന്റിനെ മുന്നോട്ടുനയിക്കാന്‍ സഹായകമാകുമെന്ന് മോദി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനാകില്ല എന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. ചില ദേശീയ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായങ്ങളാണ് ഉള്ളത് എന്നതിനാലാണ് അദ്ദേഹം ഇത്തരമൊരു വാഗ്ദാനം എനിക്ക് മുന്നില്‍ വച്ചത് - ശരദ് പവാര്‍ പറഞ്ഞു. വ്യക്തിപരമായി നല്ല ബന്ധമാണ് മോദിയുമായി ഉള്ളത് എന്നും അതേസമയം രാഷ്ട്രീയമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാകില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. അതേസമയം സഹകരിക്കാവുന്ന വിഷയങ്ങളില്‍ ഏത് സമയത്തും കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണ്. വെറുതെ എതിര്‍ക്കാന്‍ വേണ്ട ിഎതിര്‍ക്കില്ല - ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് അടക്കമുള്ള വിഷയങ്ങള്‍ പവാറിനെതിരെ ബിജെപി ഉയര്‍ത്തിയിട്ടും ശരദ് പവാറിനെ കടന്നാക്രമിക്കുന്നത് ഒഴിവാക്കിയ നരേന്ദ്ര മോദി, പിന്നീട് ശരദ് പവാറിനേയും എന്‍സിപിയേയും പുകഴ്ത്തുകയും ചെയ്തു. രാജ്യസഭയുടെ 250ാം സെഷനില്‍ പ്രസംഗിക്കവേ മോദി പറഞ്ഞത് പാര്‍ലമെന്ററി ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ എന്‍സിപിയെ കണ്ട് പഠിക്കണമെന്നായിരുന്നു. നേരത്തെ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ ഇടപാടില്‍ മോദി എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ട് എന്ന് താന്‍ കരുതുന്നില്ല എന്നാണ് ശരദ് പവാര്‍ പറഞ്ഞത്.

കഴിഞ്ഞ മാസം ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവേ ശരദ് പവാര്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയെ കണ്ടത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മഹാരാഷ്ട്രയുടെ വികസന പ്രശ്‌നങ്ങളും കര്‍ഷക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രിയെ കണ്ടത് എന്നാണ് പവാര്‍ പറഞ്ഞത്. എന്നാല്‍ എന്‍സിപി ബിജെപിക്കൊപ്പം ചേര്‍ന്നേക്കാമെന്ന അഭ്യൂഹങ്ങളുണ്ടായി. ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത്ത് പവാര്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി പെട്ടെന്ന് സത്യപ്രതിജ്ഞ ചെയ്തത് രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. അർദ്ധരാത്രിയുണ്ടായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പുലർച്ചെ 5.47നാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സർക്കാർ ശുപാർശ പ്രകാരം ഇറങ്ങിയതും രാവിലെ ഫഡ്നാവിസും അജിത്ത് പവാറും സത്യപ്രതിജ്ഞ ചെയ്തതും. എന്നാൽ ശരദ് പവാര്‍ അജിത്ത് പവാറിനെ തള്ളിപ്പറയുകയും അജിത്ത് പിന്നീട് ശരദ് പവാറിനൊപ്പം മടങ്ങിയെത്തുകയുമുണ്ടായി. ഉടന്‍ വിശ്വാസവോട്ടിനുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഫഡ്‌നാവിസും അജിത്ത് പവാറും രാജി വയ്ക്കുകയായിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരുകയും ചെയ്തു.


Next Story

Related Stories