TopTop
Begin typing your search above and press return to search.

"കാർഷികോൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് ആർക്കും എവിടെയും വിൽക്കാം": മൻ കി ബാത്തിൽ കാർഷിക ബില്ലുകളുടെ ഗുണഗണങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി

കാർഷികോൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് ആർക്കും എവിടെയും വിൽക്കാം: മൻ കി ബാത്തിൽ കാർഷിക ബില്ലുകളുടെ ഗുണഗണങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി

കേന്ദ്ര സർക്കാരിന്റെ വിവാദമായി മാറിയ കാർഷിക ബില്ലുകളുടെ ഗുണഗണങ്ങൾ വിവരിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുൽപ്പാദിപ്പിക്കുന്ന വിളകൾ സ്വയം വിൽക്കാനുള്ള അനുവാദം കർഷകർക്ക് നൽകിയതിലൂടെ അവരെ ശാക്തീകരിക്കുകയാണ് പുതിയ ബില്ലുകളിലൂടെ സർക്കാർ ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ശിരോമണി അകാലിദൾ എൻഡിഎയിൽ നിന്നും പിൻവാങ്ങിയ സാഹചര്യത്തിലാണ് മോദിയുടെ ഈ വിശദീകരണം വന്നിരിക്കുന്നത്.

തങ്ങളുടെ പുതിയ പരിഷ്കാരം കർഷകരെ എങ്ങനെ സഹായിക്കുന്നുവെന്ന് വിശദീകരിക്കാൻ പ്രധാനമന്ത്രി ചില കഥകൾ പറയുകയുമുണ്ടായി. സംഭവകഥകളെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച കഥകളിൽ മണ്ഡി വ്യവസ്ഥ മൂലം കഷ്ടപ്പെടുന്ന കർഷകരെക്കുരിച്ചുള്ളതായിരുന്നു. ഉത്തരേന്ത്യയിൽ കാർഷികവിളകൾ വിൽക്കുന്ന സംവിധാനമാണ് മണ്ഡികൾ. ഇവിടങ്ങളിൽ മാത്രമേ കർഷകർക്ക് വിൽപന നടത്താനാകൂ എന്ന സ്ഥിതിയുണ്ടെന്നും ഇത് കർഷകർക്ക് ഗുണകരമല്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. എന്നാൽ മണ്ഡികളെ തകർക്കുന്നതിലൂടെ കോർപ്പറേറ്റുകൾക്ക് കർഷകരെ സമീപിക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നാണ് കർഷകരുടെ വാദം. തങ്ങളുടെ വിലപേശൽ ശേഷി കുറയുമെന്നും അവർ ഭയക്കുന്നു.

"നിങ്ങൾക്കറിയാമോ, ഈ നിയമം വരുന്നതോടെ കർഷകർക്ക് തങ്ങളുൽപ്പാദിപ്പിക്കുന്നത് രാജ്യത്ത് എവിടെയും വിൽക്കാൻ സാധിക്കും. എന്തും ഉൽപാദിപ്പിച്ച് എവിടെയും വിൽക്കാം. ആ കരുത്താണ് അവരുടെ വളർച്ചയുടെ അടിസ്ഥാനമാകുക. രാജ്യത്തെ എല്ലായിടത്തുമുള്ള കർഷകർക്ക് ഈ കരുത്ത് കൈവരുന്നു. ഉയർന്ന വില വാങ്ങി ആർക്കും നിങ്ങളുൽപാദിപ്പിക്കുന്നത് വിൽക്കാം," പ്രധാനമന്ത്രി മൻ കി ബാത്തിൽ വിശദീകരിച്ചു.

വെള്ളിയാഴ്ച കർഷകർ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. കർഷകരെ കാര്യങ്ങൾ 'ശരിയായി' ധരിപ്പിക്കാൻ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകരെ നേരിൽപ്പോയി കണ്ട് സംസാരിക്കാനാണ് ആവശ്യം.

കാർഷികബില്ലുകളുമായി ബന്ധപ്പെട്ടുയർന്ന വിയോജിപ്പുകളുടെ പിന്നാലെ ശിരോമണി അകാലിദൾ എൻഡിഎ വിട്ടത് ഇന്നലെയാണ്. ശനിയാഴ്ച രാത്രിയിലായിരുന്നു എൻഡിഎയുടെ ദീർഘകാല കക്ഷിയായ അകാലിദളിന്റെ വിടുതൽ പാർട്ടി തലവനായ സുഖ്ബീഡ സിങ് ബാദൽ പ്രഖ്യാപിച്ചത്. അകാലിദളിന്റെ മന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് നേരത്തെ തന്നെ രാജി വെച്ചിരുന്നു. കാർഷികബില്ലുകളിൽ നിന്നും പിന്നാക്കം പോകാൻ ബിജെപി തയ്യാറല്ലെന്ന് വന്നതോടെയാണ് അകാലിദൾ പിൻവാങ്ങാൻ നിർബന്ധിതമായത്.


Next Story

Related Stories