TopTop
Begin typing your search above and press return to search.

"ബര്‍ലിന്‍ മതില്‍ തകര്‍ന്നതും നവംബര്‍ 9ന്; പുതിയ ഇന്ത്യയില്‍ ഭീതിക്ക് ഇടമില്ല": ബാബരി വിധിക്കു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

"ബര്‍ലിന്‍ മതില്‍ തകര്‍ന്നതും നവംബര്‍ 9ന്; പുതിയ ഇന്ത്യയില്‍ ഭീതിക്ക് ഇടമില്ല": ബാബരി വിധിക്കു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ബാബരി മസ്ജിദ് കേസില്‍ വിധി പറയുന്നതിനായി സുപ്രീംകോടതി എല്ലാ കക്ഷികളെയും അങ്ങേയറ്റത്തെ ക്ഷമയോടെ സശ്രദ്ധം കേട്ടതായും, എല്ലാവരുടെയും സമ്മതത്തോടെയുള്ള വിധിയാണ പുറത്തു വന്നതെന്നത് രാജ്യത്തിന് അത്യന്തം ആഹ്ലാദം പകരുന്ന ഒന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിധിയെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും, എല്ലാ മതങ്ങളും സ്വാഗതം ചെയ്തു. ഇത് ഇന്ത്യയുടെ പൗരാണികമായ സാമൂഹിക കെട്ടുറപ്പിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് രാജ്യത്തിന് പുതിയൊരു പ്രഭാതത്തെയാണ് സമ്മാനിച്ചിരിക്കുന്നതെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അയോധ്യ കേസ് എല്ലാ ദിവസവും കേള്‍ക്കണമെന്ന് രാജ്യം ആഗ്രഹിച്ചു, സുപ്രീംകോടതി അത് നിര്‍വ്വഹിച്ചു. "ലോകം മുഴുവന്‍ വിശ്വസിക്കുന്നു ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന്. പക്ഷെ, ഇന്ന് ഇന്ത്യയുടെ ജനാധിപത്യം എത്ര ശക്തമാണെന്ന് ലോകത്തിനു മുമ്പില്‍ സ്ഥാപിക്കപ്പെട്ടു," മോദി പറഞ്ഞു.

നവംബര്‍ 9നാണ് ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇതേ ദിവസം തന്നെ കര്‍താര്‍പുര്‍ കോറിഡോര്‍ തുറന്നു. ഇപ്പോള്‍ അയോധ്യ വിധിയും വന്നിരിക്കുന്നു. ഇ ദിവസം നല്‍കുന്ന സന്ദേശം ഒന്നിച്ചു നില്‍ക്കാനും മുമ്പോട്ടു പോകാനുമാണെന്ന് മോദി പറഞ്ഞു.

പുതിയ ഇന്ത്യയില്‍ ഭീതിക്കും പ്രതിലോമതയ്ക്കും കയ്പ്പിനും ഇടമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബാബരി വിധി സംബന്ധിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ബ്രീഫിങ് നല്‍കിയതായി അറിയുന്നു. വിധി പുറത്തു വന്നതിനു പിന്നാലെ ഈ നടപടികള്‍ തുടങ്ങി. ഇതിനു ശേഷമാണ് ആറു മണിയോടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.


Next Story

Related Stories