TopTop
Begin typing your search above and press return to search.

'കോവിഡിനൊപ്പം പ്രകൃതി ദുരന്തങ്ങളും നേരിടേണ്ടിവന്നു; പ്രതിസന്ധികള്‍ക്കിടെ നേടിയതെന്തും രാജ്യത്തിന്റേതും ജനങ്ങളുടേതുമാണ്'

കോവിഡിനൊപ്പം പ്രകൃതി ദുരന്തങ്ങളും നേരിടേണ്ടിവന്നു; പ്രതിസന്ധികള്‍ക്കിടെ നേടിയതെന്തും രാജ്യത്തിന്റേതും ജനങ്ങളുടേതുമാണ്

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനൊപ്പം രാജ്യം പ്രകൃതി ദുരന്തങ്ങളും നേരിടേണ്ടിവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനാന്‍ സാധിച്ചു. ദുരന്ത സമയത്തെ ധൈര്യത്തോടെ, സംയമനത്തോടെ നേരിട്ട ഓരോരുത്തരെയും ആദരപൂര്‍വം അഭിനന്ദിക്കുന്നു. വിപത്തുകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഉള്‍പ്പെടെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. അവര്‍ക്കെല്ലാം ശക്തമായ പിന്തുണയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം കൂടിയാണിത്. ഈ വര്‍ഷങ്ങളില്‍ ടീം ഇന്ത്യ എന്ന നിലയില്‍ ആത്മസമര്‍പ്പണത്തോടെയാണ് പ്രവര്‍ത്തിച്ചത്. പ്രതിസന്ധികള്‍ക്കിടെ നേടിയതെന്തും രാജ്യത്തിന്റേതും ജനങ്ങളുടേതുമാണ്. ഇന്ത്യ പ്രവര്‍ത്തിക്കുന്നത് മറ്റ് രാജ്യങ്ങളുടെ ഇംഗിതമനുസരിച്ചോ അവരുടെ സമ്മര്‍ദ്ദത്തിലോ അല്ല എന്ന് കാണുമ്പോള്‍ അഭിമാനം തോന്നുന്നു. ദേശസുരക്ഷ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിമാസ റേഡിയോ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനൊപ്പം ചുഴലിക്കാറ്റ് അംഫാന്‍ വന്നു, നിസര്‍ഗ വന്നു. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ വീണ്ടും രണ്ടു വലിയ ചുഴലിക്കാറ്റുകള്‍ നേരിട്ടു. പടിഞ്ഞാറെ തീരത്ത് ടൗട്ടെയും കിഴക്കന്‍ തീരത്ത് യാസും. പല സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഇവയ്ക്കെതിരെ അതിശക്തമായി പോരാടി. കുറഞ്ഞ മരണനിരക്ക് ഉറപ്പുവരുത്തി. ഈ ദുരന്ത സമയത്ത് അതിനെ വളരെയധികം ധൈര്യത്തോടെ, സംയമനത്തോടെ നേരിട്ടവരെ, ഓരോരുത്തരെയും ഞാന്‍ ആദരപൂര്‍വം അഭിനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവന്ന എല്ലാ ആളുകളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കേന്ദ്രം, സംസ്ഥാനം, തദ്ദേശഭരണ സമിതികള്‍ തുടങ്ങി എല്ലാവരും ഈ സമയത്ത് ഒറ്റക്കെട്ടായിനിന്ന്, ഈ ആപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഞാന്‍ പങ്കുചേരുന്നു. ഈ വിപത്തില്‍ പലതും നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.

വെല്ലുവിളികള്‍ എത്രയേറെ വലുതാണോ ഭാരതത്തിന്റെ ദൃഢനിശ്ചയവും അത്രതന്നെ വലുതാണ്. രാജ്യത്തിന്റെ കൂട്ടായ്മ, നമ്മുടെ സേവന മനോഭാവം ഇവ നമ്മുടെ നാടിനെ എല്ലാ കൊടുങ്കാറ്റുകളില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ കൂടാതെ മുന്‍നിര പോരാളികള്‍ ഇവരൊക്കെ സ്വന്തം ജീവനെ കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് ജോലി ചെയ്യുന്നത്, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇവരില്‍ പലരും കൊറോണയുടെ രണ്ടാം വ്യാപനത്തിലും പൊരുതി നില്‍ക്കുന്നതില്‍ വളരെയധികം പങ്കുവഹിച്ചു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ആവശ്യകത കുത്തനെ വര്‍ധിച്ചു. ആ സമയത്ത് മെഡിക്കല്‍ ഓക്സിജന്‍ രാജ്യത്തിന്റെ പല വിദൂര ഭാഗങ്ങളിലേക്കും എത്തിക്കുക എന്നത് വളരെ വലിയ വെല്ലുവിളി തന്നെയായിരുന്നു. ഈ വെല്ലുവിളി നേരിടാന്‍ ഏറ്റവും വലിയ സഹായമായത് ക്രയോജനിക് ടാങ്കര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍, ഓക്സിജന്‍ എക്സ്പ്രസ്, എയര്‍ഫോഴ്സ് എന്നിവയുടെ പൈലറ്റുമാര്‍, ഒക്കെയാണ്. ഇങ്ങനെയുള്ള ഒരുപാട് ആള്‍ക്കാര്‍ യുദ്ധമുഖത്ത് എന്ന പോലെ ജോലി ചെയ്ത് ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചു. ജവാന്‍മാര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് രാജ്യം അവരെ അഭിവാദ്യം ചെയ്യുന്നു.

രാജ്യത്ത് സാധാരണ ദിവസങ്ങളില്‍ 900 മെട്രിക് ടണ്‍, ദ്രാവക മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പാദിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് പ്രതിദിനം 10 മടങ്ങ് കൂടുതല്‍ വര്‍ധിച്ച് 9500 ടണ്‍ ഉല്‍പാദിപ്പിക്കുന്നു. നമ്മുടെ പോരാളികള്‍ ഓക്സിജന്‍ രാജ്യത്തിന്റെ വിദൂര കോണുകളില്‍ എത്തിക്കുന്നു. കോവിഡിന്റെ തുടക്കത്തില്‍ രാജ്യത്ത് ഒരു ടെസ്റ്റിംഗ് ലാബാണ് ഉണ്ടായിരുന്നത്. ഇന്ന് രണ്ടായിരത്തിലധികം ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം 20 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നു. ഇതുവരെ 33 കോടിയിലധികം സാമ്പിളുകള്‍ പരിശോധിച്ചു.

കോവിഡ് പ്രതിസന്ധി എല്ലാ മേഖലയെയും ബാധിച്ചു. ഇതില്‍നിന്ന് കാര്‍ഷിക മേഖല ഒരു പരിധി വരെ സ്വയം സംരക്ഷിച്ചു. സുരക്ഷിതമായി സൂക്ഷിക്കുക മാത്രമല്ല, അതിലും വലുതായി പുരോഗമിക്കുകയും ചെയ്യുന്നു. കൃഷിക്കാര്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം നടത്തി.

മെയ് 30ന് മന്‍ കി ബാത്തില്‍ സംസാരിക്കുമ്പോള്‍ യാദൃശ്ചികമായി സര്‍ക്കാറിന്റെ ഏഴു വര്‍ഷം പൂര്‍ത്തിയായ സമയം കൂടിയാണ്. ഈ വര്‍ഷങ്ങളിലെല്ലാം എല്ലാവരുടേയും ഒപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എന്നതായിരുന്നു ലക്ഷ്യം. രാജ്യസേവനത്തില്‍ ഓരോ നിമിഷവും നാമെല്ലാവരും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ഏഴ് വര്‍ഷങ്ങളില്‍ നേടിയതെന്തും രാജ്യത്തിന്റേതാണ്, ദേശവാസികളുടെതാണ്. ഈ വര്‍ഷങ്ങളില്‍ ദേശീയ അഭിമാനത്തിന്റെ നിരവധി നിമിഷങ്ങള്‍ നമ്മള്‍ ഒരുമിച്ച് അനുഭവിച്ചിട്ടുണ്ട്. ഇന്ത്യ പ്രവര്‍ത്തിക്കുന്നത് മറ്റ് രാജ്യങ്ങളുടെ ഇംഗിതമനുസരിച്ചോ അവരുടെ സമ്മര്‍ദ്ദത്തിലോ അല്ല എന്ന് കാണുമ്പോള്‍, അഭിമാനം തോന്നുന്നു. നമുക്കെതിരെ ഗൂഢാലോചന നടത്തിയവര്‍ക്ക് ഇന്ത്യ ഇപ്പോള്‍ ഉചിതമായ മറുപടി നല്‍കുന്നുവെന്ന് കാണുമ്പോള്‍, നമ്മുടെ ആത്മവിശ്വാസം കൂടുതല്‍ വളരുന്നു. നമ്മുടെ സേനയുടെ ശക്തി വര്‍ധിക്കുമ്പോള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തപ്പോള്‍, അതെ നമ്മള്‍ ശരിയായ പാതയിലാണെന്ന് തോന്നുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


Next Story

Related Stories