TopTop
Begin typing your search above and press return to search.

Exclusive: നിയമലംഘനത്തിന് ചുക്കാന്‍ പിടിച്ചത് മോദിയുടെ ഓഫീസ്, 2019 മെയ് വരെ നടന്നത് 6000 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം

Exclusive: നിയമലംഘനത്തിന് ചുക്കാന്‍ പിടിച്ചത് മോദിയുടെ ഓഫീസ്, 2019 മെയ് വരെ നടന്നത് 6000 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണമായും മാറ്റി മറിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു? ഇത് നടപ്പാക്കിയപ്പോള്‍ സുതാര്യത ഉണ്ടായിരുന്നോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ഒക്കെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരാവകാശ രേഖകള്‍. കാരണം, കള്ളപ്പണം വെളുപ്പിക്കുന്നതിനും പണം കടത്തുന്നതിനുമുള്ള എളുപ്പമുള്ള മാര്‍ഗമായി കോര്‍പ്പറേറ്റുകള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. റിസര്‍വ് ബാങ്കിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത് എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം:

Exclusive: കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾ മോദി സര്‍ക്കാര്‍ പുറത്തിറക്കിയത് റിസർവ് ബാങ്കിന്റെ എതിര്‍പ്പുകള്‍ മറികടന്ന് - രേഖകൾ പുറത്ത്

,

Exclusive: പാര്‍ലമെന്റില്‍ പറഞ്ഞത് നുണ; കമ്മീഷന്‍ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത് എങ്ങനെ?

ഭാഗം 3

2018 ജനുവരി 2-ന് നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാ പാർട്ടി ഗവണ്മെന്റ് തെരഞ്ഞെടുപ്പു ബോണ്ടുകളെ സംബന്ധിച്ച നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ രണ്ടു മാസങ്ങൾക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നു വന്ന പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതേ നിയമങ്ങൾ ലംഘിക്കപ്പെടുകയും തെരഞ്ഞെടുപ്പു ബോണ്ടുകളുടെ അനധികൃത വിൽപ്പന ആരംഭിക്കുകയും ചെയ്തു. ആദ്യം ഈ നടപടി ഒരു അപവാദമായി കണക്കാക്കിയെങ്കിലും പിന്നീടത് ഒരു നടപടിക്രമമായി തീരുകയായിരുന്നു.

റിസർവ് ബാങ്ക് അധികൃതരുടെയും, തെരഞ്ഞെടുപ്പു കമ്മീഷന്റെയും, പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ചു നടപ്പിലാക്കിയ തെരഞ്ഞടുപ്പ് ബോണ്ട് പദ്ധതി, വിദേശ കമ്പനികൾക്കും ഇന്ത്യൻ വ്യവസായികൾക്കും രാഷ്ട്രീയ രംഗത്തേക്ക് പണമിറക്കുവാനുള്ള നിയമസാധുതയുള്ള വഴികള്‍ തുറന്നുകൊടുത്തു.

2017ലെ അരുണ്‍ ജെയ്റ്റ്ലിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ദാതാക്കളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുവരുത്തിയിരുന്നു. അതേ സമയം രാഷ്ട്രീയ പാർട്ടികൾക്കാകട്ടെ തങ്ങൾക്കാരിൽ നിന്നാണ് സംഭാവന ലഭിക്കുന്നത് എന്ന് പോലും വെളിപ്പെടുത്തേണ്ടാത്ത സാഹചര്യമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കിയതിലൂടെ വന്നു ചേർന്നത്. അതുപോലെതന്നെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ കോര്‍പ്പറേറ്റുകള്‍ക്ക് പണം സംഭാവന ചെയ്യാനുള്ള നിബന്ധനകളും പരിധികളും എടുത്തുകളയുകയും ചെയ്തു. അതോടെ വൻകിട കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്ക് പരിധികളില്ലാതെ പണം നൽകാനുള്ള സാഹചര്യം രൂപപ്പെട്ടു.

2018 ജനുവരിയിൽ തീരുമാനിച്ചത് പ്രകാരം തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍പ്പനയ്ക്കായി വർഷത്തിൽ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബര്‍ എന്നിങ്ങനെ നാല് തവണ പത്തു ദിവസം വീതം വരുന്ന ഒരു കാലാവധി നിശ്ചയിക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പുകൾ നടക്കുന്ന വർഷത്തിൽ 30 ദിവസം വരുന്ന പ്രത്യേക കാലാവധിയും ഈ നിയമത്തിന്റെ ഭാഗമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ നിന്നും വാങ്ങാവുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകൾ സജ്ജീകരിച്ചിരുന്നത്.

എന്നാൽ അഴിമതി വിരുദ്ധ പ്രവർത്തകനായ ലോകേഷ് ബത്ര സമ്പാദിച്ച്, അഴിമുഖം അവലോകനം ചെയ്ത ചില അപ്രസിദ്ധീകൃത രേഖകൾ പ്രകാരം മോദി സർക്കാർ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പനയിൽ വലിയ കൃത്രിമം നടത്തിയിരിക്കുന്നതായി കാണാം. പ്രധാനമന്ത്രിയുടെ ഓഫീസും ധന മന്ത്രാലയവും ചേർന്ന്, ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി മാത്രം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വിൽപ്പന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു വേണ്ടി നടത്തുന്നതിനായി കടുത്ത നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.

കർണാടകം, രാജസ്ഥാൻ, മിസോറാം, ഛത്തീസ്‌ഗഢ് , മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ 2018ൽ നടക്കുകയുണ്ടായി. ഒന്നാം മോദി സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ നടന്ന ഈ തെരഞ്ഞെടുപ്പുകൾ ലോക്സഭ തെരഞ്ഞടുപ്പിന് മുൻപ് തങ്ങളുടെ എതിരാളികള്‍ക്ക് വലിയൊരു ആഘാതം നൽകാനുള്ള സാധ്യതയായാണ് ബിജെപി കണ്ടത്.

2018ൽ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിച്ച തൊണ്ണൂറ്റിയഞ്ച് ശതമാനം തുകയും പോയത് ബി ജെ പിയുടെ അക്കൗണ്ടിലേക്കാണ് എന്ന് അവരുടെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ നടന്ന ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുവേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിച്ച പണത്തിന്റെ കണക്കുകൾ ഇനിയും ലഭ്യമായിട്ടില്ല.

തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പനയിൽ തുടക്കം മുതൽ തന്നെ നിയമലംഘനങ്ങൾ നടന്നിരുന്നതായി കാണാം. നിയമപ്രകാരം ഏപ്രിലിൽ വില്പന ആരംഭിക്കേണ്ട ബോണ്ടുകൾ 2018 മാർച്ചിൽ തന്നെ സ്റ്റേറ്റ് ബാങ്ക് ശാഖകളിലൂടെ വില്പന നടത്തിയിരിക്കുന്നതായി കാണാം. 222 കോടിയോളം രൂപയ്ക്കുള്ള ബോണ്ടുകൾ വിറ്റഴിക്കപ്പെട്ടപ്പോൾ അതിന്റെ സിംഹഭാഗവും പോയത് ബിജെപിയുടെ അക്കൌണ്ടിലേയ്ക്കാണ്. ഇതിനു തൊട്ടടുത്ത മാസം ഏപ്രിലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിൽപ്പന നടത്തുകയും 114.90 കോടി രൂപയ്ക്കുള്ള ബോണ്ടുകൾ സംഭാവനയിനത്തിൽ വിറ്റഴിക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടും തൃപ്‌തി വരാതിരുന്ന കേന്ദ്ര സർക്കാർ മെയ് മാസത്തിൽ നടക്കാനിരുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദേശ പ്രകാരം പത്തു ദിവസത്തെ പ്രത്യേക വില്പനയും നടത്തുകയുണ്ടായി.

എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച നിർദേശത്തിൽ കർണാടക തെരഞ്ഞെടുപ്പിനു വേണ്ടിയാണ് ഈ പ്രത്യേക വില്പന എന്ന് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പന തീയതിയും കർണാടക തെരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് നടന്നിരിക്കുന്ന നിയമലംഘനങ്ങളെ പറ്റി കുറിപ്പുകളെഴുതി.

" 2018 ജനുവരി 28നു തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ചു പുറപ്പെടുവിച്ച വിജ്ഞാ പനത്തിന്റെ 8 (2) ഖണ്ഡികയിൽ ലോക്സഭാ തെ രഞ്ഞെടുപ്പിന് വേണ്ടി മാത്രമേ ബോണ്ടുകളുടെ പ്രത്യേക വില്പന അനുവദിക്കാവൂ എന്ന് പറയുന്നുണ്ട്. അതിനാൽ തന്നെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു വേണ്ടി തെരഞ്ഞെടുപ്പ് ബോണ്ടുകൾ പുറത്തിറക്കുന്നത് നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനമാണ്" എന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ വിജയകുമാർ തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച ഫയലിൽ 2018 ഏപ്രിൽ 3-നു കുറിച്ചു. ഈ പ്രശ്നത്തിന്റെ അടിസ്ഥാനം പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശത്തിലല്ല, മറിച്ച് നിലനിൽക്കുന്ന നിയമങ്ങളിലായിരിക്കാമെന്നതിനാൽ നിയമങ്ങൾ പരിഷ്കരിക്കേണ്ടതിനെ പറ്റിയും അദ്ദേഹം കുറിപ്പെഴുതി.

തെരഞ്ഞെടുപ്പ് ബോണ്ടുകൾ ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കും നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും ഒരുപോലെ ഉപയോഗിക്കുന്നവയായതിനാൽ ഈ നിയമം അതിന്റെ ഉദ്ദേശ്യത്തെ നിര്‍വ്വഹിക്കുന്നില്ല എന്നും അതിനാൽ തന്നെ പരിഷ്കരിക്കപ്പെടേണ്ടതുമാണ് എന്നുമാണ് ഏപ്രിൽ 3-ന് ഈ ഉദ്യോഗസ്ഥൻ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ധനകാര്യ സെക്രട്ടറിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ എസ്.സി ഗാർഗ് ഈ നിർദേശങ്ങളെ തള്ളിക്കളഞ്ഞു.

"തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വിതരണം ലോക്സഭാ തെരഞ്ഞെടുപ്പുകളെ മുന്‍നിർത്തിയുള്ളതാണ്. എന്നാൽ ഇപ്പോൾ നടക്കുന്നത് പ്രത്യേക ജാലകം വഴിയുള്ള വിതരണമാണ്. ഒരുപക്ഷെ ഒരു വർഷത്തിൽ ഇത്തരത്തിൽ പ്രത്യേക ജാലകം വഴിയുള്ള വിതരണങ്ങൾ നടന്നെന്ന് വരാം. അതിനാൽ തന്നെ നിയമഭേദഗതിയുടെ ആവശ്യമില്ല." 2018 ഏപ്രില്‍ 4നു ഗാര്‍ഗ് എഴുതി. ഒരാഴ്ച്ചയ്ക്കു ശേഷം അതേ വകുപ്പിലെ ഒരു കീഴുദ്യോഗസ്ഥൻ നിയമത്തിൽ അനുശാസിച്ച നടപടിക്രമവും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശവും തമ്മിലുള്ള വൈരുദ്ധ്യത്തെ സംബന്ധിച്ച സംശയങ്ങളുന്നയിച്ചിരിക്കുന്നതാ യി കാണാം.

"പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിതരണത്തിനായി 10 ദിവസത്തേക്ക് പ്രത്യേക ജാലകങ്ങൾ തുറക്കുന്നതിനായി ആവശ്യപ്പെട്ടു. എന്നാൽ 2018 ജനുവരി 28നുള്ള നിയമപ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന വര്‍ഷം മാത്രമേ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വില്‍ക്കുന്നതിനുള്ള പ്രത്യേക അനുമതി ലഭ്യമാക്കിയിരിക്കുന്നുള്ളു. സമീപഭാവിയിലൊന്നും ലോക്സഭാ തെരഞ്ഞെടുപ്പില്ലാത്തതിനാൽ ഇത്തരമൊരു പ്രത്യേകാനുമതി ഇപ്പോൾ നൽകുന്നത് മേൽപ്പറഞ്ഞ നോട്ടിഫിക്കേഷനില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കടകവിരുദ്ധമായി തീരും."

ഈ നടപടിക്രമങ്ങളിൽ ആദ്യമായിട്ടായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വില്പന പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഉദ്യോഗസ്ഥർ കുറിച്ചുവയ്ക്കുന്നത്. ഇന്ത്യൻ സർക്കാർ രേഖകളിൽ പ്രധാനമന്ത്രിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന നിർദേശങ്ങൾ പോലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ എന്ന പേരിലാണ് രേഖപ്പെടുത്തി വെക്കാറ്. ഈ കുറിപ്പ് വന്നതോടുകൂടി നേരത്തെ എതിർപ്പ് രേഖപ്പെടുത്തിയ എസ്.സി ഗാർഗ് സ്വന്തം നിലപാട് തിരുത്തി.

ഏപ്രിൽ പതിനൊന്നിന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്കയച്ച ഒരു കുറിപ്പിൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാത്ത വർഷങ്ങളിൽ വർഷത്തിൽ നാല് പ്രാവശ്യം മാത്രമേ പുറത്തിറക്കുവാൻ പാടുള്ളു എന്ന് ഗാർഗ് പറയുന്നു.

"തെരഞ്ഞെടുപ്പ് ബോണ്ടുകൾ മൂല്യവിനിമയ ഉപാധികളായി പുറത്തിറക്കുമ്പോൾ വർഷത്തിൽ നാല് പ്രാവശ്യം മാത്രമേ വിൽക്കുവാൻ അനുവദിക്കപ്പെട്ടിട്ടുള്ളു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ പണത്തിനു പകരമായി ഉപയോഗിച്ചു ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനായാണ് ഇത്തരമൊരു നിബന്ധന വച്ചിരിക്കുന്നത്."

ഈ നടപടികൾ, റിസർവ് ബാങ്കിന്റെ കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാർ നടപ്പിലാക്കിയിട്ടുള്ളത് എന്നുകാണാം.

റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തിയ എതിര്‍പ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

എന്നിരുന്നാലും നാല് മാസങ്ങൾക്കു മുൻപ് 2018 ജനുവരിയിൽ കേന്ദ്രസർക്കാർ പാസ്സാക്കിയ തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച നിയമം ലംഘിക്കാമെന്നു അരുൺ ജെയ്റ്റ്ലിയോട് പറയുന്നുണ്ട്.

"പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് മെയ് ഒന്ന് മുതൽ പത്തു വരെ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിതരണത്തിനായി ഒരു പ്രത്യേക ജാലകം തുറക്കാവുന്നതാണ്" എന്നും ഇതേ കുറിപ്പിൽ ഗാർഗ് പറയുന്നു.

ഈ പ്രത്യേക സാഹചര്യം എന്താണ് എന്ന് ഗാർഗ് വ്യക്തമാക്കുന്നില്ലെങ്കിലും പ്രസ്തുത ഉത്തരവ് അരുൺ ജെയ്റ്റ്ലിയുടെ അനുമതിയോടു കൂടി പാസ്സാവുകയാണ് ഉണ്ടായത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മെയ് ഒന്ന് മുതൽ പത്തു വരെ നടത്തിയ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ നിയമവിരുദ്ധ വില്പന പ്രത്യേക സാഹചര്യം കണക്കിലെടുത്തു നടത്തിയ 'അസാധാരണ' നടപടിയായാണ് സർക്കാർ രേഖകളിൽ രേഖപ്പെടുത്തി വച്ചിട്ടുള്ളത്.

എന്നാൽ 2018 അവസാനത്തോടുകൂടി ആറു സംസ്ഥാനങ്ങളിലെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. അതോടുകൂടി തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുകയെന്നത് ബിജെപി സർക്കാർ ഒരു പതിവാക്കിയിരിക്കുന്നതായി കാണാം.

2018 നവംബര്‍, ഡിസംബർ മാസങ്ങളിൽ ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതോടു കൂടി നേരത്തെ പരാമർശിച്ച ഡെപ്യൂട്ടി ഡയറക്ടർ വിജയ്‌ കുമാർ ഈ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി നവംബറിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിതരണത്തിനായി ഒരു പ്രത്യേക ജാലകം തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തന്റെ മേലുദ്യോഗസ്ഥര്‍ക്ക് കുറിപ്പയച്ചു. ഇത്തവണ ആരിൽ നിന്നാണ് ഈ നിർദേശങ്ങൾ ലഭിച്ചിരിക്കുന്നത് എന്നദ്ദേഹം വ്യക്തമാക്കുന്നില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയാ യിട്ടാണ് ഈ നടപടികൾ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2018 മെയിലെ തിരഞ്ഞെടുപ്പു ബോണ്ടുകളുടെ 'പ്രത്യേക' (നിയമവിരുദ്ധ) വിതരണം ഒരു കീഴ്വഴക്കമായി തുടരാനാണ് ബിജെപി സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നദ്ദേഹത്തിന്റെ കുറിപ്പുകൾ വ്യക്തമാക്കുന്നു.

2018 ഒക്ടോബർ 22 നു വിജയ്‌ കുമാർ എഴുതിയ കുറിപ്പിൽ ഇങ്ങനെ വായിക്കാം; "വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രമാണിച്ചു തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വിതരണത്തിനായി 10 ദിവസം കാലാവധിയുള്ള പ്രത്യേക ജാലകങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുൻപ് മെയ് ഒന്ന് മുതൽ പത്തു വരെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേന്ദ്ര സർക്കാർ അനുമതിയോടെ നടന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വിതരണത്തിന് സമാനമായ ഒരു നടപടിയായി ഇതിനെ കണക്കാക്കാം". ധനകാര്യ സെക്രട്ടറി എസ്.സി ഗാർഗും അന്നത്തെ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയും ഈ നിർദേശത്തിൽ എതിർപ്പുകളൊന്നും ഇല്ലാതെ ഒപ്പുവയ്ക്കുകയും ചെയ്തു. 180 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് ഈ കാലയളവിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലേക്ക് സംഭാവന രൂപത്തിൽ എത്തിപ്പെട്ടത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദേശ പ്രകാരം മെയ് 2018നു നടത്തിയ ഒരു നിയമലംഘനം അതേവർഷം അവസാനമാകുമ്പോഴേക്കും ഒരു കീഴ്വഴക്കമായി സർക്കാർ മാറ്റിത്തീർത്തിരിക്കുന്നതാണ് നമുക്കു കാണാൻ കഴിയുന്നത്. മെയ് 2019-ഓടു കൂടി ഏകദേശം ആറായിരം കോടി രൂപയുടെ തിരഞ്ഞെടുപ്പു ബോണ്ടുകളാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിലേക്കു സംഭാവന രൂപത്തിൽ എത്തിപ്പെട്ടിട്ടുള്ളത്. ഇതിൽ ആദ്യഘട്ടത്തിലെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ പണത്തിന്റെ സിംഹഭാഗവും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത്.

(തുടരും)

(ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്‍തോതില്‍ കള്ളപ്പണമൊഴുകുന്നതിനും വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും എല്ലാ വിധ സുതാര്യതകളും ഇല്ലാതാക്കുന്നതിനും കാരണമാകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എങ്ങനെ, എന്തുകൊണ്ട് അവതരിപ്പിച്ചു? ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഹഫ് പോസ്റ്റും ഈ റിപ്പോര്‍ട്ടിന്റെ മലയാളത്തിലെ പബ്ലീഷിംഗ് പാര്‍ട്ണറായ അഴിമുഖവും ചേര്‍ന്ന്)


Next Story

Related Stories