Top

ഒരു രാഷ്ട്രീയ വിഷയമെന്ന നിലയില്‍ റാഫേലിന്റെ ആയുസ് അവസാനിച്ചോ?

ഒരു രാഷ്ട്രീയ വിഷയമെന്ന നിലയില്‍ റാഫേലിന്റെ ആയുസ് അവസാനിച്ചോ?

സുപ്രീം കോടതി റാഫേല്‍ കേസിലെ പുനഃപരിശോധന ഹര്‍ജി തള്ളിക്കളയുന്നതിന് മുമ്പ് തന്നെ ഒരു രാഷ്ട്രീയ വിഷയമെന്ന നിലയില്‍ അതിന്റെ ആയുസ് അവസാനിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 36 റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയതില്‍ ക്രമക്കേടില്ലെന്ന് സുപ്രീം കോടതി 2018 ഡിസംബറില്‍ കണ്ടെത്തിയിരുന്നു. സുപ്രീം കോടതി വിധി, റാഫേലിനെ ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതില്‍നിന്ന് പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ തടഞ്ഞിരുന്നില്ല. 2019 പൊതുതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യം തന്നെ കാവല്‍ക്കാരന്‍ കള്ളനാണ് എന്നതായിരുന്നു. ഇത് യാതൊരു ചലനവുമുണ്ടാക്കിയില്ലെന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അവിശ്വസനീയമായ രീതിയില്‍ 300 ലധികം സീറ്റുകള്‍ ലഭിച്ചതോടെ വ്യക്തമാകുകയും ചെയ്തു. കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യം ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുകയും കോണ്‍ഗ്രസിന്റെ നേതൃത്വം സോണിയാഗാന്ധിയിലെത്തുകയും ചെയ്തു. നരേന്ദ്ര മോദിയാകാട്ടെ തന്റെ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും 370-ാം വകുപ്പ് എടുത്ത് കളയുമെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുകയും ചെയ്തു. അസ്വസ്ഥ പ്രദേശമായിരുന്ന കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അദ്ദേഹത്തിലുള്ള വിശ്വാസം അനുയായികളുടെ ഇടയില്‍ കൂടുകയും ചെയ്തു. ബാബ്‌റി മസ്ജിദ് പൊളിച്ചുകളഞ്ഞ സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു. രാജ്യത്ത് വലിയ തോതില്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കിയ സങ്കീര്‍ണമായ പ്രശ്‌നത്തിന് സുപ്രീം കോടതി പരിഹാരം കണ്ടെത്തി.

ഇത്തരത്തിലുളള പ്രധാന വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ റാഫേല്‍ വിഷയം കാര്യമായി ചര്‍ച്ചയായില്ല. കരാറിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള റിവ്യൂ ഹര്‍ജി തള്ളിയതോടെ അഴിമതി രഹിതനെന്ന മോദിയുടെ പ്രതിച്ഛായയ്ക്ക് കോട്ടവും തട്ടിയില്ല. പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകരായ അരൂണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇടപാടിനെ കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് നടത്തിയ ചര്‍ച്ചയില്‍ റാഫേലിന് പറഞ്ഞ വിലയെക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് മോദി വിമാനങ്ങള്‍ വാങ്ങിയതെന്ന ആരോപണത്തിന് ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. അടിസ്ഥാന മോഡലുകളും ഉപകരണങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളുമുള്ള വിമാനങ്ങളും തമ്മില്‍ വിലയില്‍ വ്യത്യാസമുണ്ടാകുമെന്നും കോടതി പറഞ്ഞു. കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള നടപടി ക്രമങ്ങളിലും വീഴ്ചയുണ്ടായെന്ന ആരോപണവും കോടതി അംഗീകരിച്ചില്ല.

ഇതോടൊപ്പം രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ മാനനഷ്ട കേസും കോടതി അവസാനിപ്പിച്ചു. റാഫേല്‍ വിവാദവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 20 പേജുളള സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചതായിരുന്നു രാഹുലിനെതിരായ മാനനഷ്ട കേസ്. തെറ്റ് ഏറ്റെടുത്ത് മാപ്പ് പറയുന്നതിന് പകരം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ നല്‍കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടുതല്‍ ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് കോടതി പറഞ്ഞു. വാദം നടക്കുമ്പോള്‍ മാത്രമാണ് സത്യവാങ് മൂലങ്ങള്‍ സമര്‍പ്പിക്കാറുളളതെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളില്‍ കോടതിയെ വലിച്ചിഴക്കരുതെന്നും കോടതി പറഞ്ഞു. രാഹുലിനെതിരായ ആക്രമണം ശക്തമാക്കാന്‍ ഇത് ബിജെപിക്ക് ആയുധമായി.

മഹാരാഷ്ട്രയിലും ഹരിയാനയിലും നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാതിരുന്ന ഘട്ടത്തിലാണ് മോദിക്ക് കോടതി ക്ലീന്‍ ചിറ്റ് നല്‍കുന്നത്. മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിഞ്ഞില്ല. ഹരിയാനയില്‍ തെരഞ്ഞെടുപ്പിന് ശേഷം തട്ടിക്കൂട്ടിയ സഖ്യത്തിന്റെ ബലത്തിലാണ് അധികാരം നിലനിര്‍ത്തിയത്. 370-ാം വകുപ്പുള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ഇവിടെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് വലിയ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡില്‍ പ്രാദേശിക വിഷയങ്ങളില്‍ കേന്ദ്രീകരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. അയോധ്യ വിധിക്ക് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം നേരിടാന്‍ പാര്‍ട്ടിക്ക് കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്. പ്രതിപക്ഷത്തെ സംബന്ധിച്ചാണെങ്കില്‍ സുപ്രീം കോടതി വിധി റാഫേല്‍ വിവാദം അവസാനിപ്പിച്ചുവെന്നത് മാത്രമല്ല വസ്തുതകളുടെ പിന്‍ബലത്തിലല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുക വിഷമകരമാക്കുകയും ചെയ്തു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)ഗൗതം ദത്ത്‌

ഗൗതം ദത്ത്‌

മാധ്യമ പ്രവർത്തകൻ

Next Story

Related Stories