Top

കാശ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ തിങ്കളാഴ്ച പുനഃസ്ഥാപിക്കുമെന്ന് സർക്കാർ

കാശ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ തിങ്കളാഴ്ച പുനഃസ്ഥാപിക്കുമെന്ന് സർക്കാർ

ജമ്മു കാശ്മീരിൽ എല്ലാ പോസ്റ്റ്പെയ്ഡ് മൊബൈൽ സർവ്വീസുകളും തിങ്കളാഴ്ചയോടെ പുനഃസ്ഥാപിക്കുമെന്ന് സർക്കാർ വക്താവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ രോഹിത് കന്‍സാൽ പറഞ്ഞു. പ്രീപെയ്ഡ് മൊബൈൽ സേവനങ്ങൾ ഒക്ടോബർ പതിന്നാലോടെ പുനസ്ഥാപിക്കപ്പെടും.

ശനിയാഴ്ച തന്നെ മൊബൈൽ സേവനങ്ങൾ പുനസ്ഥാപിക്കപ്പെടുമെന്നാണ് നേരത്തെ വിവരമുണ്ടായിരുന്നത്. എന്നാൽ അവസാനനിമിഷത്തിലുണ്ടായ ചില സാങ്കേതികത്തകരാറുകൾ നിമിത്തം ഇത് മാറ്റി വെക്കുകയായിരുന്നു. അതെസമയം, മൊബൈല്‍ കോളുകൾ ചെയ്യാനുള്ള സൗകര്യം മാത്രമേ പുനസ്ഥാപിക്കൂ. ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കപ്പെടാൻ ഇനിയും കാത്തിരിക്കേണ്ടതായി വരും.

ഓഗസ്റ്റ് 5ന് ജമ്മു കാശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിക്കു മുമ്പായാണ് സർക്കാർ‌ എല്ലാ ആശയവിനിമയ സംവിധാനങ്ങളും തടഞ്ഞത്. വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇത് ജനജീവിതത്തെ ഏറെ ദുഷ്കരമാക്കി. മാധ്യമങ്ങൾക്ക് കടുത്ത വിലക്ക് നിലനിൽക്കുന്നതിനാൽ ജനങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്നതിനെ കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്നും ആരോപണങ്ങൾ നിലവിലുണ്ട്.

ആശയവിനിമയ സന്നാഹങ്ങൾ പുനസ്ഥാപിക്കണമെന്ന് അന്തർദ്ദേശീയ സമ്മർദ്ദവും ഇന്ത്യ നേരിട്ടു വന്നിരുന്നു.

ബിഎസ്എൻഎൽ സർവ്വീസ് മാത്രമായി തുടക്കത്തിൽ സ്ഥാപിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ആലോചന. ബിഎസ്എൻഎൽ ഫോണുകളിലേക്ക് സ്വകാര്യ ഓപ്പറേറ്റർമാരുടെ ഇന്‍ഡകമിങ് കോളുകളും അനുവദിക്കുന്ന വിധത്തിൽ. ഇതിനിടെ ട്രാവൽ അസോസിയേഷനുകൾ സർക്കാരിനെ ആവലാതിയുമായി സമീപിച്ചു. ഫോൺ പ്രവർത്തിക്കാത്തതിനാൽ ടൂറിസ്റ്റുകൾ വരുന്നില്ലെന്നും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നുമായിരുന്നു അവരുടെ ആവശ്യം.

കാശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ ഇപ്പോഴും തടവിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുളള, ഉമര്‍ അബ്ദുള്ള, മെഹ്ബുബ മുഫ്തി എന്നിവരും അറസ്റ്റിലാണ്.


Next Story

Related Stories