TopTop

'ഓഫീസ് ജോലി വീട്ടിൽ ചെയ്യാം, റോഡിൽ ജീവിതം കണ്ടെത്തുന്ന ഞങ്ങളോ', ലോക് ഡൌൺ കാലത്ത് ഡൽഹിയിലെ ഗലികളിൽ നിന്നുയരുന്ന ചോദ്യം

ജനതാ കര്‍ഫ്യൂവിന്റെ ദിവസം. അന്‍പത് രൂപ പോലും ഡല്‍ഹിയില്‍ റിക്ഷാ ചവിട്ടി ജീവിക്കുന്ന സന്തോഷ് കുമാറിന് അന്ന് സമ്പാദിക്കാനായില്ല. ദിവസം അഞ്ഞൂറു രൂപ നിരക്കില്‍ വാടകയ്ക്കെടുത്ത സൈക്കിള്‍ റിക്ഷയാണ്. ഇനി ആ കടം എങ്ങനെ വീട്ടും എന്നു ചിന്തിക്കുന്നതിന് മുന്നേ രാജ്യം മുഴുവന്‍ 21 ദിവസം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് ഞെട്ടലോടെയാണ് സന്തോഷ് കേട്ടത്.

മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന സന്തോഷ് കുമാറിന്റെ കുടുംബം ഭാരത് കര്‍ഫ്യുവിന്റെ ദിവസം പാട്ടിണിയായിരുന്നു. ഇനിയുള്ള 21 ദിവസം എങ്ങനെ മുന്നോട്ടുപോകുമെന്ന് സന്തോഷിന് അറിയില്ല. ഒരു ദിവസത്തെ ലോക്ക് ഡൗണ്‍ പോലും ലോക്കപ്പ് ജീവിതത്തേക്കാള്‍ ഭയാനകമാണെന്നാണ് തലസ്ഥാന നഗരിയിലെ ഗലികളില്‍ ജീവിക്കുന്നവര്‍ പറയുന്നത്.

അന്നന്നത്തെ പശിയടക്കാന്‍ അന്നന്ന് അദ്ധ്വാനിച്ച് വരുമാനം കണ്ടെത്തുന്ന ജനതയുടെ സങ്കടം കൊറോണയല്ല, ഒരു കുടുംബത്തിന്റെ വിശപ്പാണെന്നാണ് ഇവര്‍ പറയുന്നത്. ദിവസം അഞ്ഞൂറു രൂപ നിരക്കില്‍ വടകയ്ക്കെടുക്കുന്ന സൈക്കിള്‍ റിക്ഷ 600 ഉം 700 രൂപയ്ക്കാണ് സന്തോഷും ആലമും ചവിട്ടുന്നത്. ജംഗ്പുര മെട്രൊ സ്റ്റേഷന്‍ പരിസരത്താണ് സന്തോഷ് റിക്ഷ ചവിട്ടുന്നത്. മാതാവും പിതാവും നാലു മക്കളും ഭാര്യയും അടങ്ങുന്ന എട്ടംഗ കുടുബത്തിന്റെ ഉപജീവനമാണ് നിസാമുദ്ദീന്‍ വെസ്റ്റില്‍ സൈക്കിള്‍ റിക്ഷ ചവിട്ടുന്ന ആലമിന്റെ ചുമലില്‍. ' ഓഫീസ് കാ കാം ഘര്‍പെ കാം കര്‍ സക്താഹെ, ഹമാരാ കാം കൈസെ ഹൊ സക്താഹെ ഭായി സാബ്,.... ഹമാരാ കാം സഢക് പെ ഹേ....' (ഓഫീസ് ജോലി വീട്ടിലിരുന്ന ചെയ്യാം, ഞങ്ങളുടെ ജോലി റോഡിലാണ്, ഇതെങ്ങനെ വീട്ടിലിരുന്നെ ചെയ്യാനാവും) ജനത കര്‍ഫ്യു ദിനത്തിലും റോഡിലിറങ്ങിയത് മക്കളുടെ പട്ടിണി മാറ്റാനാണ്...... ഞങ്ങള്‍ വീട്ടിലിരുന്നാല്‍ കുടുംബത്തിന് വിശപ്പടക്കാന്‍ ആരു കൊണ്ടു തരുമെന്നാണ് ഇവരുടെ ചോദ്യം. ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന് ഇവര്‍ക്ക് ഒരു വ്യക്തതയുമില്ല.

നിസാമുദ്ദീന്‍ ബസ്തിയില്‍ ചെറുകിട ഭക്ഷണ ശാല നടത്തി ഏഴംഗ കുടുംബത്തെ പോറ്റുന്ന മഹ്മൂദിന് കഴിഞ്ഞ കുറച്ചു ദിവസമായിട്ട് കച്ചവടമില്ല, കര്‍ഫ്യൂ ദിനത്തില്‍ കടയടച്ചു. ഏപ്രില്‍ 14വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിതോടെ സ്ഥിതി വഷളായി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം നേരത്തെ തന്നെ കച്ചവടം കീഴ്മേല്‍ മറിഞ്ഞ ജീവിതങ്ങള്‍ക്ക് മേലാണ് കൊറോണയും ലോക്ഡൗണും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ആളുകള്‍ വീടു വിട്ട് പുറത്തിറങ്ങാതിരിക്കല്‍, ബിസിനസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയവ കാരണം സമ്പദ് വ്യവസ്ഥ മൊത്തത്തില്‍ മന്ദഗതിയിലായതിനാല്‍, ഈ ദൈനംദിന വരുമാനക്കാര്‍ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്.

സാധാരണയായി, ന്യൂഡല്‍ഹിയിലെ ജംഗ്പുരയിലുള്ള ബുദ്ധ വിഹാറിനു മുന്‍പില്‍ ദിവസക്കൂലിക്കാരായ നിരവധി പേരാണ് ദിവസവും പണി ആയുധങ്ങളുമായി ആവശ്യക്കാരെ കാത്തിരിക്കുന്നത്. 11, 12 മണിയോടെ ഇവിടെ ശൂന്യമാവാറാണ് പതിവ്. എന്നാല്‍, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇവിടെ തൊഴിലുടമയെ പ്രതീക്ഷിച്ച് 100 ഓളം പേരാണ് ഉച്ചയ്ക്ക് രണ്ടു മണിക്കും ഇവിടെ കാത്തു കെട്ടി കിടന്നിരുന്നത്.

'ഒരു ജോലി ലഭിക്കാന്‍ കഴിഞ്ഞ നാലു മണിക്കൂറായി ഞാന്‍ ഇവിടെ കാത്തിരിക്കുകയായിരുന്നു, എന്നാല്‍ ഇന്ന് ഞങ്ങളെ ജോലിക്കായി ആരും തിരക്കി വന്നില്ലെന്ന് ദിവസ തൊഴിലാളിയായ സഞ്ജീവ് പറഞ്ഞു.
രാവിലെ മുതല്‍ ഇതു വരെ ഒരു യാത്രക്കാരനെ പോലും തനിക്ക് ലഭിച്ചില്ലെന്നാണ് ഭോഗലില്‍ ഇലക്ട്രിക് റിക്ഷ ഓടിക്കുന്ന ബബ്ലു ഭായി പറഞ്ഞത്. അമ്മയുടെ മരുന്നും വീട്ടിലേക്കുള്ള അവശ്യ വസ്തുക്കളും വാങ്ങുന്നതിനാണ് ഇന്ന് പുറത്തിറങ്ങിയത് - ബബ്ലു ഭായി പറഞ്ഞു.
സര്‍ക്കാര്‍ ഡിസ്പെന്‍സറികളില്‍ പാരാസെറ്റാമോള്‍ മാത്രം
ഡല്‍ഹിയിലെ മിക്ക സര്‍ക്കാര്‍ ഡിസ്പെന്‍സറികളിലും പാരാസെറ്റാമോള്‍ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം സുഹൃത്തിന് നേരിയ പനി അനുഭവപ്പെട്ടതിനാലാണ് നിസാമുദ്ദീന്‍ വെസ്റ്റിലെ സര്‍ക്കാര്‍ ഡിസ്പെന്‍സറിയില്‍ പോയത്. ഒരു കൗണ്ടറില്‍ നിന്ന് ഒരു വെള്ള പേപ്പര്‍ തുണ്ടില്‍ (അതിന്റെ ഒരു പുറം നേരത്തെ എന്തൊ പ്രിന്റ് ചെയ്ത് ഉപേക്ഷിച്ചത്) ഒരു നാലക്ക നമ്പറും തിയ്യതിയും പേരും വയസ്സും എഴുതി തന്നു.അടുത്ത കൗണ്ടറില്‍ നിന്ന് 500 എം.ജിയുടെ മൂന്ന് പാരസെറ്റാമോള്‍ വലിച്ചെറിഞ്ഞ് തന്നു. ഇത് ഞങ്ങളുടെ കൈയ്യിലുണ്ടെന്നും പുതിയ കൊറോണ സാഹചര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുന്‍കരുതലും എടുക്കണമെങ്കിലും സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം കൂടി അറിയാനാണ് ഞങ്ങള്‍ വന്നതെന്ന് പറഞ്ഞപ്പോള്‍,.. 'കോയി ബാത്ത് നഹി, ഗോലീ കാലോ സബ് ഠീക് ഹോ ജായേഗാ'... പ്രശ്നമില്ല, ഗുളിക കുടിക്കൂ, എല്ലാം ശരിയാകും... എന്നായിരുന്നു മരുന്ന് കൗണ്ടറില്‍ നിന്നുള്ള മറുപടി.

ഡല്‍ഹിയിലെ പല മൊഹല്ല ക്ലിനിക്കുകളിലും സര്‍ക്കാര്‍ ഡിസ്പെന്‍സറികളിലും ഇത്തരത്തില്‍ രണ്ട് പേര്‍ മാത്രമാണുള്ളത്. മരുന്ന് കുറിച്ചു കൊടുക്കാന്‍ ഒരു നോട്ട് പാഡ് പോലും ഇവിടങ്ങളില്‍ ഇല്ല... ഇത്തരത്തിലുള്ള മൊഹല്ല ക്ലിനിക്കുകള്‍ പലതും ഈ കൊറോണ കാലത്തു പോലും ഉച്ചയ്ക്ക് രണ്ടു മണിയോടെ അടക്കുകയാണ്. ഡല്‍ഹി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മൊഹല്ല ക്ലിനിക്കുകളില്‍ പലതിലും ഡോക്ടര്‍മാരില്ലെന്നതും തലസ്ഥാന നഗരിയിലെ കൊറോണ കാലം ഭീതി ജനകമാക്കുകയാണ്.
ലോക്ഡൗണായിരിക്കുന്നതിനാല്‍ കൊറോണ വ്യാപനം ഒരു പരിധി വരെ തടയാനാവും എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം, ഡല്‍ഹിയിലെ പല ഗലികളിലും ഇപ്പോഴും ഈ നിയന്ത്രണങ്ങള്‍ ഒന്നും ഏശിയിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ഉത്തര്‍പ്രദേശിലെ നോയ്ഡയുമായി അതിര്‍ത്തി പങ്കിടുന്ന യമുനാ നദീ തീര പ്രദേശമായ കാളിന്ദി കുഞ്ച് ഭാഗത്ത് പോലീസ് ഇടപെട്ട് പല കടകളും അടപ്പിക്കുന്ന കാഴ്ചകള്‍ കാണാനായി.
കേരളത്തില്‍ ബീവറേജുകള്‍ക്ക് മുന്‍പില്‍ കാണുന്ന തരത്തിലുള്ള നീണ്ട നിരകളാണ് ഡല്‍ഹിയിലെ മില്‍ക്ക് ബൂത്തുകള്‍ക്ക് മുന്‍പില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. മണിക്കൂറുകളോളം വരി നിന്ന് അവസാനം പാല്‍ ലഭിക്കാതെ മടങ്ങി പോകുന്ന അവസ്ഥയാണ്. തിങ്കളാഴ്ച പല മില്‍ക്ക് ബൂത്തുകളും ഡ്രൈ ആയിരുന്നു. പാലിനും പച്ചക്കറികള്‍ക്കുമാണ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്.

കൊറോണ വ്യാപനത്തേക്കാള്‍ വരും ദിവസങ്ങളില്‍ കടകള്‍ തുറക്കാതിരുന്നാലുള്ള അവസ്ഥയെ കുറിച്ചോര്‍ത്താണ് തലസ്ഥാന നഗര വാസികള്‍ ഭീതിയിലായിരിക്കുന്നത്. സമ്പൂര്‍ണ ലോകഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഇതുവരെ അനുഭവിക്കാത്ത ഒരു പ്രതിസന്ധി കാലത്തെ എങ്ങനെ അതിജീവിക്കുമെന്നാണ് ഗലികളില്‍ ജീവിതം തള്ളിനീക്കുന്നവര്‍ ആശങ്കയോടെ ചോദിക്കുന്നത്.


Next Story

Related Stories