TopTop
Begin typing your search above and press return to search.

പ്രശാന്ത് ഭൂഷൺ / അഭിമുഖം: മോദിയും കെജ്രിവാളും ഒരേ അച്ചിൽ വാർത്തവർ, ലക്ഷ്യം അധികാരം നിലനിർത്തൽ

പ്രശാന്ത് ഭൂഷൺ / അഭിമുഖം: മോദിയും കെജ്രിവാളും ഒരേ അച്ചിൽ വാർത്തവർ, ലക്ഷ്യം അധികാരം നിലനിർത്തൽ

കോവിഡിന്റെ കാലം കോടതികളെക്കുറിച്ചും സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം വലിയ ചർച്ചയ്ക്ക് കൂടിയാണ് വഴിതെളിയിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും നീതിന്യായ സംവിധാനത്തിന്റെ നടപ്പ് രീതികളെക്കുറിച്ചുമെല്ലാം വലിയ ചർച്ചകൾ ഈ ദിവസങ്ങളിൽ നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ.

?കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം സുപ്രീം കോടതി കൈകാര്യ ചെയ്ത രീതി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കോടതി ഇടപെടാന്‍ വൈകി എന്നാണ് പലരും കരുതുന്നത്. സുപ്രീം കോടതിയുടെ ഈ സമീപനത്തിന് കാരണം എന്താണെന്നാണ് താങ്കള്‍ കരുതുന്നത്.

സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായ ഒന്നും ചെയ്യാന്‍ മിക്ക ജഡ്ജിമാരും ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് പ്രധാന കാരണമായി എനിക്ക് തോന്നുന്നത്. കോവിഡ് പോലുള്ള ഒരു അടിയന്തര സാഹചര്യത്തില്‍ പോലും ഒന്നും ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല എന്നത് സൂചിപ്പിക്കുന്നത് ഇതാണ്.

?കുടിയേറ്റ തൊഴിലാളികളുടെ വിഷയം സുപ്രീം കോടതി പരിഗണിച്ചപ്പോള്‍, ചില ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരുകളായി പ്രവര്‍ത്തിക്കുന്നു എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞത്. തെരഞ്ഞെടുക്കപ്പെടാത്ത ചിലര്‍ തങ്ങളുടെ ഇഷ്ടം കോടതികളിലൂടെ അടിച്ചേല്‍പ്പിക്കാമെന്ന് കരുതുന്നു എന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞത്. ഈ പ്രസ്താവനകളോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു. ഇത് കോടതിയുടെ ജോലിയാണ്. ഭരണഘടനയുടെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെടാത്ത സ്ഥാപനമാണ് കോടതി. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കോടതിയുടെ ജോലി. തുഷാര്‍ മേത്തയും ഹരീഷ് സാല്‍വെയും പൂര്‍ണമായും ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് ചിന്തിക്കുന്നത്. അവര്‍ ചിന്തിക്കുന്നതാണ് അവര്‍ പറയുന്നത്, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് എന്തും ചെയ്യാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. അത് ഭരണഘടനാവിരുദ്ധമാണ്. ? ഇന്ത്യന്‍ കോടതികള്‍ സമീപകാലത്ത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്നുവെന്നാണ് ആരോപണം. ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ താങ്കള്‍ നിര്‍ദ്ദേശിക്കുന്ന തിരുത്തല്‍ നടപടികള്‍ എന്തൊക്കെയാണ് ഏറ്റവും ചുരുങ്ങിയത് രണ്ട് കാര്യങ്ങളെങ്കിലും ചെയ്യേണ്ടതുണ്ട്, ഒന്ന്, ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനും മികച്ച ഒരു സംവിധാനമുണ്ടാവണം. ഒരു മുഴുവന്‍ സമയ, സ്വതന്ത്ര ബോഡി, അതിനെ നമുക്ക് ദേശീയ നിയമന കമ്മീഷന്‍ എന്നോ മറ്റൊ വിളിക്കാം. ആവശ്യമുള്ള ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമുള്ള മികച്ച സംവിധാനം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ജഡ്ജിമാരെ ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്നുമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയുന്നതിനും സംവിധാനമുണ്ടാവണം. രണ്ടാമതായി, ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റിയുടെ അക്കൗണ്ടബിലറ്റിക്കായി ഒരു ബോഡി ആവശ്യമാണ്.

? ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തില്‍ പോലും ഒരു ഭരണകൂടം എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ്. ആനന്ദ് തെല്‍തുംഡെയെ പോലുള്ള ബുദ്ധിജീവികളെ ഈ കാലയളവില്‍ അറസ്റ്റ് ചെയ്തു. സഫൂറ സര്‍ഗറിനെ പോലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്നു, ഇതിനെ താങ്കള്‍ എങ്ങനെ കാണുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ കോടതി വിധികള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. കാരണം, സര്‍ക്കാര്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴാണ് കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാവുന്നത്. തികച്ചും വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് സാമൂഹിക പ്രവര്‍ത്തകരും ചിന്തകരും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കോടതി കൂടുതല്‍ അനുകൂലമായി പ്രവര്‍ത്തിക്കേണ്ടതാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ കോടതിയില്‍ സംഭവിക്കുന്നത് തീര്‍ത്തും നിരാശാജനകമായ കാര്യങ്ങളാണ്.

? സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ താങ്കള്‍ എങ്ങനെ കാണുന്നു? കോവിഡ് 19 കേസുകള്‍ ഡല്‍ഹി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെയും ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും ഒരേ അച്ചില്‍ വാര്‍ത്തതാണ്. അധികാരത്തില്‍ തുടരുന്നതിനുള്ള വഴികളാണ് രണ്ടു പേരും നോക്കുന്നത്. സ്വന്തത്തെ പ്രൊജക്ട് ചെയ്യാനാണ് രണ്ടും പേരും ശ്രമിക്കുന്നത്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയമാണ്. അതിനാല്‍ തന്നെ കോവിഡ് കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഒന്നും തയ്യാറാക്കിയിട്ടില്ല.

? കോവിഡ് 19, ലോക്ക്ഡൗണ്‍ എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

അതെ, നിര്‍ഭാഗ്യവശാല്‍ ഈ സര്‍ക്കാര്‍ വിവിധ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിന് കോവിഡിനെ ഉപയോഗപ്പെടുത്തുന്നത് നിങ്ങള്‍ക്ക് കാണാനാവും. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ മൗലിക അവകാശങ്ങളും സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ ഇല്ലാതാക്കി.

? ഡല്‍ഹി കലാപം അന്വേഷിക്കുന്നതില്‍ ഡല്‍ഹി പോലീസ് പക്ഷപാതപരമായി പെരുമാറുന്നതായി പാട്യാല കോടതി ഈയിടെ നിരീക്ഷിച്ചിരുന്നു, എതിര്‍ വിഭാഗത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ എന്ത് അന്വേഷണമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു. ഡല്‍ഹി പോലീസില്‍ നിന്ന് ന്യായമായ അന്വേഷണം പ്രതീക്ഷിക്കാമോ

ഇല്ല, നിഷ്പക്ഷമായ ഒരു അന്വേഷണം ഡല്‍ഹി പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാനാവില്ല. സിഎഎക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ അവര്‍ ഉപദ്രവിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നത് വളരെ വ്യക്തമാണ്. മാത്രവുമല്ല, ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണമല്ല, അന്വേഷണത്തിന്റെ പേരിലുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. ഇത് ആഭ്യന്തര മന്ത്രിയും ആഭ്യന്തര മന്ത്രാലയവും ഉള്‍പ്പെടുന്ന ഒരു ഗൂഡാലോചനയാണ്. പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടി എടുക്കരുത്, കലാപത്തിന്റെ കാരണക്കാര്‍ക്കെതിരെ നടപടി എടുക്കരുതെന്നും സമരക്കാര്‍ക്ക് എതിരെ മാത്രം നടപടി എടുക്കാനുമാണ് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമത്തില്‍ ഏര്‍പ്പെടുകയും സിസിടിവി ക്യാമറയില്‍ കുടുങ്ങുകയും ചെയ്തവര്‍ക്ക് നേരെ പോലും നടപടിയുണ്ടാവുന്നില്ല, സിഎഎ വിരുദ്ധ സമരക്കാരെ മാത്രമാണ് ഡല്‍ഹി പോലീസ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇതേ പോലീസാണ് ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ അക്രമങ്ങള്‍ നടത്തിയതും ജെഎന്‍യുവില്‍ അക്രമാസക്തരായ ഗുണ്ടകളെ പ്രവേശിക്കാന്‍ അനുവദിച്ചതും. അവര്‍ കുറ്റവാളികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സിസിടിവി ക്യാമറയില്‍ കുടുങ്ങിയവര്‍ക്കെതിരെ പോലും നടപടി എടുത്തിട്ടില്ല. നിരപരാധികളായ, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ഉപദ്രവിക്കാനും ഇരകളാക്കാനും മാത്രമെ അവര്‍ (പോലീസ്) സഹായിക്കുന്നുള്ളൂ.

? സഫൂറ സര്‍ഗറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചു. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ നാളുകള്‍ ഇല്ലാതായെന്ന് കരുതുന്നവർ ഏറെയുണ്ട്. താങ്കൾക്ക് എന്തു തോന്നുന്നു.

ശരിയാണ്, ഇപ്പോള്‍ അവ ഇല്ലാതായതായി തോന്നുന്നു, പക്ഷെ, ഇപ്പോഴും ചില ഹൈക്കോടതികളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നല്ല ജഡ്ജിമാരുണ്ട്. അതിനാല്‍, ജുഡീഷ്യറി നന്നായി തിരിച്ച് വരും, അവ പൂര്‍വ്വസ്ഥിതിയിലാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഉദാഹരണത്തിന്, കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും സുപ്രീം കോടതിയിലെ നിരവധി കേസുകളുടെ കാര്യത്തിലും മോശമായി പെരുമാറിയ ശേഷം ഒടുവില്‍ കോടതി സ്വമേധയാ കേസ് എടുത്ത് നോട്ടീസ് നല്‍കിയില്ലേ. മുന്‍ ജഡ്ജിമാര്‍, അഭിഭാഷകര്‍, ബുദ്ധിജീവികള്‍ എന്നിവരില്‍ നിന്നുള്ള ശരിയായ വിമര്‍ശനങ്ങള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്.

? സിഎഎ വിരുദ്ധ സമരക്കാരായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ മറുവശത്ത് അക്രമികളായ സൂത്രധാരന്‍മാര്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് നീതി നടപ്പിലാക്കപ്പെടുമോ എന്ന സംശയം ഉന്നയിക്കപ്പെടുന്നത്.

നമ്മുടെ പോലീസ് സംവിധാനം ഇപ്പോഴും രാഷ്ട്രീയ, എക്സിക്യൂട്ടീവിന്റെ നൃത്തത്തിനൊത്ത് ഡാന്‍സ് ചെയ്യുകയാണ്. 14 വര്‍ഷം മുന്‍പുള്ള ഒരു സുപ്രീം കോടതി വിധിയുണ്ട്, അത് ഇതു വരെ നടപ്പിലാക്കിയിട്ടില്ല. പ്രതിഷേധിക്കുന്നവരെയും മുസ്ലിംകളെയും ഉപദ്രവിക്കുന്നതിന് പോലീസിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. അക്രമസംഭവഭങ്ങളിലും മറ്റും അദ്യശ്യമായ ഇടപെടലുകള്‍ നടത്തിയ സ്വന്തം ആളുകളെ സ്വതന്ത്രമാക്കുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.


Next Story

Related Stories