TopTop
Begin typing your search above and press return to search.

കേരള പൊലീസ് ആക്ട് ഭേദഗതി ക്രൂരത, എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാൻ ഉപയോഗിക്കും - പ്രശാന്ത് ഭൂഷണ്‍

കേരള പൊലീസ് ആക്ട് ഭേദഗതി ക്രൂരത,  എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാൻ ഉപയോഗിക്കും - പ്രശാന്ത് ഭൂഷണ്‍

സെക്ഷൻ 118 എ ഉൾപ്പെടുത്തിയുള്ള വിവാദ കേരള പൊലീസ് ഭേദഗതിക്കെതിരെ വിമർശനവുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ഇത് സുപ്രീം കോടതി റദ്ദാക്കിയ, ഐടി നിയമത്തിലെ വിവാദ വകുപ്പായിരുന്ന 66എയ്ക്ക് സമാനമാണെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റിൽ പറയുന്നു. ഈ നിയമഭേദഗതി ക്രൂരതയാണെന്നും ഇത് എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യം പ്രശാന്ത് ഭൂഷൺ ഓർമ്മിപ്പിക്കുന്നു.

വിവാദ കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചിട്ടുണ്ട്. രൂക്ഷവിമർശനങ്ങളും പ്രതിഷേധവുമാണ് നിയമ ഭേദഗതിക്കെതിരെ ഉയർന്നിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സോഷ്യൽമീഡിയ ആക്രമണങ്ങളെ തടയാൻ എന്ന പേരിലാണ് നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി എ കെ ബാലനും പൊലീസ് നിയമഭേദഗതിയെ നേരത്തെ ശക്തമായി ന്യായീകരിച്ചിരുന്നു.

വ്യക്തികളെ അപകീർത്തിപ്പെടുന്നതും അധിക്ഷേപിക്കുന്നതുമായ സോഷ്യൽ മീഡിയ പരാമർശങ്ങൾ നടത്തുകയും വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും നിയമഭേദഗതി വ്യവവസ്ഥ ചെയ്യുന്നു. ഏതെങ്കിലും മാധ്യമങ്ങളിലൂടെയോ ആശയവിനിമയ മാര്‍ഗങ്ങളിലൂടെയോ വ്യക്തികളെ അധിക്ഷേപിക്കാനോ ഭീഷണിപ്പെടുത്താനോ അപകീര്‍ത്തിപ്പെടുത്താനോ ഉള്ള തരത്തിലുള്ള ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നാണ് പുതിയ നിയമഭേദഗതി.

ശിവസേനാ നേതാവ് ബാൽ താക്കറെയെ വിമർശിച്ച പോസ്റ്റുകളുടെ പേരിൽ മുംബയ് സ്വദേശികളായ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത നടപടി വിവാദമായിരുന്നു. ബാൽ താക്കറെയുടെ മരണത്തെ തുടർന്ന് മുംബൈയിലുണ്ടായ ബന്ദിനെ വിമർശിച്ച് പോസ്റ്റിട്ട ഷഹീൻ ദാദ, ഈ പോസ്റ്റ് ലൈക്ക് ചെയ്ത രേണു എന്നിവരെയാണ് 2012 നവംബറിൽ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഇതേത്തുടർന്ന് ഐടി ആക്ടിന്റെ 66 എ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ ശ്രേയ സിംഗാൾ നൽകിയ ഹർജിയിലാണ് 66 എ വകുപ്പ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2011ലെ കേരള പൊലീസ് നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഈ നിയമത്തിലെ 118 ഡി വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതാണെന്ന് പറഞ്ഞ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.


Next Story

Related Stories