TopTop
Begin typing your search above and press return to search.

പൗരത്വ നിയമത്തെ എതിര്‍ത്ത പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും ജെഡിയു പുറത്താക്കി

പൗരത്വ നിയമത്തെ എതിര്‍ത്ത പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും ജെഡിയു പുറത്താക്കി

ജനതാദൾ യുനൈറ്റഡ് വൈസ് പ്രസിഡണ്ട് പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും പാർട്ടിയിൽ നിന്നും പുറത്താക്കി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഇരുവരും പാർട്ടി നിലപാടിന് വിരുദ്ധ പക്ഷത്താണ് നിലയുറപ്പിച്ചിരുന്നത്. രണ്ടുപേരും പരസ്യമായി നിതീഷ് കുമാറിനെതിരെ രംഗത്തു വരികയുമുണ്ടായി. കഴിഞ്ഞദിവസം പ്രശാന്ത് കിഷോറും നിതീഷ് കുമാറും തമ്മിൽ പരസ്യമായ വാക്പോര് നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പുറത്താക്കൽ നടപടി വരുന്നത്.

പ്രശാന്ത് കിഷോർ പൗരത്വ നിയമത്തെ തുടക്കം മുതൽ എതിർത്തു വരികയാണ്. എന്നാൽ നിതീഷ് കുമാർ പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തു വന്നത്. പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ല് പാസ്സായത് ജെഡിയുവിന്റെ കൂടി പിന്തുണയോടെയായിരുന്നു. പാർട്ടിയുടേത് ശരിയായ നിലപാടല്ലെന്ന് പ്രശാന്ത് കിഷോർ തുറന്നടുക്കുകയുണ്ടായി. കോൺഗ്രസ്സിന്റെ രാഹുൽ ഗാന്ധി നിർണായക സമയത്ത് വിദേശരാജ്യത്ത് പോയതിനെയും ഇദ്ദേഹം വിമർശിച്ചിരുന്നു. പൗരത്വനിയമത്തിനെതിരായ എല്ലാ വേദികളും ശക്തമാകേണ്ടതുണ്ടെന്നും പെട്ടെന്നുള്ള പൊട്ടിപ്പുറപ്പെടലല്ല, സാവധാനമുള്ള പ്രതിഷേധവളർച്ചയാണ് വേണ്ടതെന്നും അദ്ദേഹം ഒരു ഘട്ടത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. പിന്നീട് പൗരത്വ നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തിയ കോൺഗ്രസ്സിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

നിതീഷ് കുമാർ പൂർണമായും ബിജെപിക്ക് കീഴ്പ്പെടുന്നതിനെ വിമർശിച്ചാണ് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത അനുയായികളിലൊരാളായി അറിയപ്പെടുന്ന പവൻ വർമ രംഗത്തെത്തിയത്. നിതീഷ് തന്നോട് സ്വകാര്യ സംഭാഷണത്തിൽ പൗരത്വ നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും എന്നാൽ പരസ്യമായി അതിനെ അനുകൂലിക്കുകയാണ് ചെയ്യുന്നതെന്നും പവൻ വിമർശിച്ചു. ഇത്തരം വിമർശനങ്ങളുന്നയിക്കുന്നവർക്ക് പാർട്ടിക്കു അംഗത്വം ഉപേക്ഷിക്കാമെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ എല്ലാ അംഗങ്ങള്‍ക്കുമുള്ള അവകാശമാണെന്ന് പവൻ തിരിച്ചടിച്ചു.

അമിത് ഷാ പറഞ്ഞിട്ടാണ് പ്രശാന്ത് കിഷോറിനെ താൻ പാർട്ടിയിലെടുത്തത് എന്നായിരുന്നു കഴിഞ്ഞദിവസം നിതീഷ് കുമാറിന്റെ പ്രസ്താവന. അമിത് ഷാ നിയമിച്ച ഒരാൾ പറയുന്നത് കേൾക്കാതിരിക്കാനുള്ള ധൈര്യമൊന്നും നിതീഷ് കുമാറിനില്ലെന്ന് പ്രശാന്ത് കിഷോർ തിരിച്ചടിച്ചു. താനും നിതീഷിനെപ്പോലുള്ളയാളാണെന്ന് വരുത്തിത്തീർക്കാനുള്ള ദയനീയശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും പ്രശാന്ത് കിഷോർ പറയുകയുണ്ടായി.

പാർട്ടിയോടൊപ്പം നിൽക്കാൻ പറ്റില്ലെങ്കിൽ വിട്ടുപോകാമെന്ന് പറഞ്ഞിട്ടും കേൾക്കാതെ പാർട്ടിക്കെതിരെയും പാർട്ടി തലവനെതിരെയും പ്രസ്താവനകൾ നടത്തിവരികയാണ് കിഷോർ കുമാറെന്ന് ജെഡിയുവിന്റെ പ്രസ്താവന പറയുന്നു. പ്രശാന്ത് കിഷോർ ഇതിലും തരംതാഴാതിരിക്കാൻ അദ്ദേഹത്തെ പാർട്ടി പുറത്താക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

തന്നെ പുറത്താക്കിയതിൽ നിതീഷ് കുമാറിന് നന്ദി പറഞ്ഞ് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്യുകയുമുണ്ടായി. 'ബിഹാറിന്റെ മുഖ്യമന്ത്രിക്കസേര നിലനിർത്താൻ അങ്ങേക്ക് സാധിക്കട്ടെ' എന്നും പ്രശാന്ത് കിഷോർ പറഞ്ഞു.


Next Story

Related Stories