TopTop
Begin typing your search above and press return to search.

കുട്ടികൾക്കും വാക്സിൻ; കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ തയാറെടുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

കുട്ടികൾക്കും വാക്സിൻ; കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ തയാറെടുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെല്ലായിടത്തേക്കും ഓക്സിജന്‍ വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രനയം പുതുക്കണമെന്ന് സുപ്രീംകോടതി. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലേക്കുള്ള ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.

പ്രതിസന്ധി നേരിടാന്‍ വ്യക്തമായ പദ്ധതികള്‍ ഉടന്‍തന്നെ ആവിഷ്‌കരിക്കുകയാണെങ്കില്‍ മൂന്നാം തരംഗത്തെ മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കോവിഡ് മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സ്വാഭാവികമായും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അവരോടൊപ്പം മാതാപിതാക്കളും വരും. അതിനാല്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വാക്‌സിനേഷന്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കോടതി പറഞ്ഞു.

730 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇന്നലെ ഡല്‍ഹിയിലേക്ക് എത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മാനദണ്ഡം പുനപരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഐസിയു കിടക്കകളും ആശുപത്രിയിലെ രോഗികളെയും മാത്രം അടിസ്ഥാനമാക്കിയാണ് കേന്ദ്ര മാനദണ്ഡം. ഡല്‍ഹിയിലെ വീടുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ആംബുലന്‍സുകളിലും ആവശ്യമായ ഓക്‌സിജന്‍ കണക്കുകള്‍ ഈ മാനദണ്ഡത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. കടുത്ത പ്രതിസന്ധി നേരിടുമ്പോൾ എംബിബിഎസ് പൂർത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


Next Story

Related Stories