TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രിയെ ടാഗ് ചെയ്തും വര്‍ഗീയ, നുണ പ്രചരണം; ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരില്‍ കേന്ദ്രമന്ത്രിമാരും; സുദർശൻ ടി.വി ഉടമ സുരേഷ് ചാവ്ഹാങ്കെയെക്കുറിച്ച് ചില കാര്യങ്ങൾ

പ്രധാനമന്ത്രിയെ ടാഗ് ചെയ്തും വര്‍ഗീയ, നുണ പ്രചരണം; ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരില്‍ കേന്ദ്രമന്ത്രിമാരും; സുദർശൻ ടി.വി ഉടമ സുരേഷ് ചാവ്ഹാങ്കെയെക്കുറിച്ച് ചില കാര്യങ്ങൾ

സിവിൽ സർവീസിലേയ്ക്ക് മുസ്ലീങ്ങൾ നുഴഞ്ഞുകയറുന്നു, ഇതിന് പിന്നിൽ വലിയ ഗൂഢാലോചന, ഐഎഎസ്സിലും ഐപിഎസ്സിലും എങ്ങനെ ഇത്രയധികം മുസ്ലീങ്ങൾ വരുന്നു - യു പി എസ് സി ജിഹാദ് എന്ന തലക്കെട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആർഎസ്എസ്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിനേയും ടാഗ് ചെയ്തുകൊണ്ട് സുദർശൻ ടി വി മേധാവി സുരേഷ് ചാവ്ഹാങ്കെ പോസ്റ്റ് ചെയ്ത ചാനൽ പരിപാടിയുടെ പ്രൊമോ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. നിലവിൽ സർവീസിലുള്ളവരും വിരമിച്ചവരുമായ ഐഎഎസ്സുകാരും ഐപിഎസ്സുകാരും മതത്തിന്റെ പേരിലുള്ള ഈ വിദ്വേഷപ്രചാരണത്തേയും സിവിൽ സർവീസിനേയും യുപിഎസ്എസിയേയും അധിക്ഷേപിക്കുന്നതിനുമെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ ഐപിഎസ് അസോസിയേഷനും ഐപിഎസ് ഫൗണ്ടേഷനും ഉൾപ്പടെയുള്ള സംഘടനകളും സിവിൽ സർവീസ് ഉദ്യോഗസ്ഥരും സുരേഷ് ചാവ്ഹാങ്കെയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. മാധ്യമപ്രവർത്തകരും ചലച്ചിത്രപ്രവർത്തകരും ഇയാൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു.

ആൾക്കൂട്ടക്കൊലകളേയും ഗൗരി ലങ്കേഷിനെ പോലുള്ളവരുടെ കൊലപാതകങ്ങളേയും ന്യായീകരിക്കുന്ന സംഘപരിവാർ ട്വിറ്റർ ഹാൻഡിലുകളിൽ പലതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്നവയായിരുന്നു എന്നത് വലിയ വിവാദമായിരുന്നു. സുരേഷ് ചാവ്ഹാങ്കയെ പ്രധാനമന്ത്രി ഫോളോ ചെയ്യുന്നില്ല. എന്നാൽ കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് തുടങ്ങിയവർ സുരേഷ് ചാവ്ഹാങ്കെയെ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ടാഗ് ചെയ്ത ഇത്തരത്തിലൊരു വർഗീയവിദ്വേഷപ്രചാരണം നടത്താൻ സുദർശൻ ടി വി മേധാവിക്ക് ധൈര്യം വരുന്നത് ആർഎസ്എസ്സിന്റേയും സംഘപരിവാറിന്റേയും വ്യക്തമായ പിന്തുണ മൂലമെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ റെസിഡൻഷ്യൽ കോച്ചിംഗ് അക്കാഡമിയിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ യു പി എസ് സി പരീക്ഷയിൽ മുന്നേറി സിവിൽ സർവീസ് കയ്യടക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് ജാമിയ ജിഹാദ് ആണെന്നും സുരേഷ് ചാവ്ഹാങ്കെ തന്റെ പരിപാടിയുടെ പ്രൊമോ വീഡിയോയിൽ ആരോപിച്ചിരുന്നു. ജാമിയ മില്ലിയയിലെ ടീച്ചേഴ്സ് അസോസിയേഷനടക്കം നിരവധി സംഘടനകളും വ്യക്തികളും സുരേഷ് ചാവ്ഹാങ്കെയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. മുസ്ലീങ്ങൾ അടക്കമുള്ള ഇതര സമുദായക്കാർക്കും ഇടതുപക്ഷ പ്രവർത്തകർക്കുമെതിരായ നിരന്തര ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് സുദർശൻ ടി വി, സുരേഷ് ചാവ്ഹാങ്കെയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്നത്.

കുട്ടിക്കാലം മുതലേ താനൊരു ആർഎസ്എസ്സുകാരനാണ് എന്ന് സുരേഷ് ചാവ്ഹാങ്കെ അവകാശപ്പെടുന്നു. മൂന്ന് വയസ്സ് മുതലേ ആർഎസ്എസ് അംഗമാണെന്നാണ് ചാവ്ഹാങ്കെ പറയുന്നത്. ആർഎസ്എസ്സിലും എബിവിപിയിലും വിവിധ സംഘടനാ ചുമതലകൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ ആർഎസ്എസ് പത്രമായ തരുൺ ഭാരതിൽ പ്രവർത്തിച്ചിട്ടുണ്ട്. 2005ലാണ് ആർഎസ്എസ് അനുകൂല ചാനലായ സുദർശൻ ന്യൂസ് ഹിന്ദി ചാനൽ, സുരേഷ് ചാവ്ഹാങ്കെ തുടങ്ങിയത്. സുദർശൻ ടിവിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമെല്ലാം സുരേഷ് ചാവ്ഹാങ്കെ തന്നെ. വർഗീയ വിദ്വേഷപ്രചാരണങ്ങൾ കൊണ്ട് ചാനലും ചാവ്ഹാങ്കെയും കുപ്രസിദ്ധി നേടി. 2017 ഏപ്രിലിൽ സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടിയുടെ പേരിൽ ചാവ്ഹാങ്കെ അറസ്റ്റ് ചെയ്യപ്പെട്ടു. ബിന്ദാസ് ബോൽ പരിപാടിയിലൂടെ ഇരു സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തിയെന്ന കേസിലായിരുന്നു ഇത്. മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നു എന്നാണ് ജാമ്യത്തിലിറങ്ങിയ ശേഷം സുരേഷ് ചാവ്ഹാങ്കെ പ്രതികരിച്ചത്.

വർഗീയത നിറഞ്ഞ വ്യാജവാർത്തകളുടെ പേരിലും മുസ്ലീങ്ങളെ ആക്രമിക്കാനുള്ള ആഹ്വാനങ്ങളുടെ പേരിലും സുദർശൻ ടിവി കുപ്രസിദ്ധി നേടിയിരുന്നു. വന്ദേമാതരം എന്ന് പറയാൻ തയ്യാറാകാത്ത മുസ്ലീങ്ങളെ വിചാരണ ചെയ്യാതെ വധിക്കണമെന്നുള്ള ആഹ്വാനം സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ പ്രൊഫ. ഹിലാൽ അഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജൂണിൽ ഡൽഹി മൈനോറിറ്റീസ് കമ്മീഷൻ ചാനലിന് നോട്ടീസ് നൽകിയത്, മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ, ബംഗ്ളാദേശിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരുടേയും റോഹിംഗ്യകളുടേയും താവളം എന്ന് വിളിച്ചതിനായിരുന്നു. ബിന്ദാസ് ബോൽ എന്ന ഷോയിലെ പരാമർശമാണ് വിവാദമായത്. സുദർശൻ ന്യൂസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 2016 നവംബറിൽ നോയ്ഡ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഈ കേസിൽ കോടതി ചാവ്ഹാങ്കെയെ വെറുതെവിട്ടു. ഇതോടെ ഹിന്ദുക്കൾക്ക് വേണ്ടി നിലകൊണ്ടതിന് സുരേഷിനെ ജിഹാദികൾ ആക്രമിക്കുന്നു എന്ന പ്രചാരണം സംഘപരിവാർ അഴിച്ചുവിട്ടിരുന്നു.

സുദർശൻ ടിവി വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി പല തവണ കണ്ടെത്തിയിട്ടുണ്ട്. 2019ൽ ഒരു പഴയ വീഡിയോ മോർഫ് ചെയ്ത് ആർഎസ്എസ് പ്രവ‍ർത്തകരെ കൊല്ലാൻ ശ്രമിക്കുന്നു എന്ന മുദ്രാവാക്യങ്ങളുയർത്തുന്നതായി വ്യാജ വാർത്ത സൃഷ്ടിച്ചിരുന്നു. ഷാരൂഖ് ഖാൻ പറയാത്ത കാര്യങ്ങൾ അദ്ദേഹം പറഞ്ഞതായി വ്യാജ വാർത്ത നൽകിയത് 2014ലാണ്. ഈ വ‍ർഷത്തെ ഡൽഹി കലാപത്തിനിടെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ സുദർശൻ ടിവി സംപ്രേഷണം ചെയ്തിരുന്നു. മലബാർ ഗോൾഡ് പാകിസ്താൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു എന്ന പേരിൽ വ്യാജവാർത്ത നൽകിയതിന് കോഴിക്കോട് ജില്ലാ കോടതി സുദ‍ർശൻ ടിവിക്ക് 50 ലക്ഷം രൂപ പിഴയിട്ടിരുന്നു. മോർഫ് ചെയ്ത ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഈ വ്യാജവാർത്തയും ഉണ്ടാക്കിയത്. 2020ൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, വർഗീയ വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ സുരേഷ് ചാവ്ഹാങ്കെയ്ക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിഖ്യാത ചിത്രകാരൻ എം എഫ് ഹുസൈനെ രാജ്യം വിടാൻ നി‍ർബന്ധിതനാക്കിയ ഭീഷണികളിൽ ചാവ്ഹാങ്കേയ്ക്ക് പങ്കുണ്ടായിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് സന്ദേശം നൽകാനെന്ന് പറഞ്ഞ് 2018ൽ ഭാരത് ബച്ചാവോ റാലിക്ക് സുരേഷ് ചാവ്ഹാങ്കെ തുടക്കം കുറിച്ചിരുന്നു. ഹൈദരാബാദ് പൊലീസ് ഇത് തടഞ്ഞു. ബിജെപി നേതാവ് ടി രാജ സിംഗ് പൊലീസിന് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ റാലി തുടരാൻ അനുമതി നൽകിയിരുന്നു. എഐഎംഐഎം നേതാവും ഹൈദരാബാദിൽ നിന്നുള്ള ലോക്സഭ എംപിയുമായ അസദുദ്ദീൻ ഒവൈസിയാണ് തങ്ങളുടെ റാലി തടസപ്പെടുത്തിയത് എന്നാണ് സുദർശനും കൂട്ടരും ആരോപിച്ചത്.


Next Story

Related Stories