TopTop
Begin typing your search above and press return to search.

'പ്രതിഷേധത്തെ തടയാന്‍ കഴിയില്ല, നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? ജുമ മസ്ജിദ് പാകിസ്താനിലല്ല' ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിച്ച്‌ കോടതി

പ്രതിഷേധത്തെ തടയാന്‍ കഴിയില്ല, നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? ജുമ മസ്ജിദ് പാകിസ്താനിലല്ല ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിച്ച്‌ കോടതി

പ്രതിഷേധങ്ങള്‍ ഭരണഘടനാ അവകാശങ്ങളാണെന്ന് ഡല്‍ഹി തീസ് ഹസാരി കോടതി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ വേളയിലാണ് സര്‍ക്കാര്‍ അഭിഭാഷകനെ കോടതി ജഡ്ജി ഭരണഘടനാ അവകാശങ്ങളെക്കുറിച്ച്‌ പറഞ്ഞത്. ഡോ. കാമിനി ലാവു വാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ എതിര്‍ത്തു. ആസാദ് ആക്രമണത്തിന് പ്രോല്‍സാഹനം നല്‍കിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഏത് പോസ്റ്റാണ് ഇത്തരത്തില്‍ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതെന്നും അക്കാര്യം പ്രതിഭാഗം അഭിഭാഷകനുമായി പങ്കിടണമെന്നും കോടതി പറഞ്ഞു.

ജുമാ മസ്ജിദിന് മുന്നില്‍ ധര്‍ണയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ആസാദിന്റെ പോസ്റ്റ്. ഇതെങ്ങനെയാണ് ആക്രമത്തിന് പ്രോല്‍സാഹനമാകുകയെന്ന് കോടതി ചോദിച്ചു. 'ധര്‍ണ നടത്തുന്നത് എങ്ങനെയാണ് തെറ്റാകുക. പ്രതിഷേധിക്കുന്നത് എങ്ങനെയാണ് തെറ്റാവുക. ഒരാളുടെ ഭരണഘടനപരമായ അവകാശമാണ് പ്രതിഷേധിക്കുകയെന്നത്' കോടതി പറഞ്ഞു.

സാമുഹ്യമാധ്യമങ്ങളില്‍ ചന്ദ്രശേഖര്‍ ആസാദ് ഇട്ട പോസ്റ്റുകളില്‍ ആക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ഒന്നുമില്ലെന്ന് കോടതി പറഞ്ഞു. ഇതില്‍ എവിടെയാണ് ആക്രമം, ആരാണ് പറഞ്ഞത് പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന്. നിങ്ങള്‍ ഭരണഘടന വായിച്ചിട്ടില്ലേ കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചു.

ജുമാ മസ്ജിദ് പാകിസ്താനിലെന്ന പോലെയാണ് താങ്കള്‍ പെരുമാറുന്നത്. പാകിസ്താനിലാണെങ്കിലും പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താന്‍.' ജഡ്ജി പറഞ്ഞു. ആസാദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഭരണഘടന വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു. പ്രതിഷേധിക്കാന്‍ അനുമതി വാങ്ങണമെന്ന് പ്രോസിക്യൂട്ടറുടെ പ്രസ്താവനയെയും കോടതി വിമര്‍ശിച്ചു.

എന്താണ് അനുമതി. സ്ഥിരാമായി നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന് മുന്നിലും മറ്റും പ്രതിഷേധിച്ച പലരും പിന്നീട് നേതാക്കളും മന്ത്രിമാരുമാകുന്നതും കണ്ടിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. വളര്‍ന്നുവരുന്ന രാഷ്ട്രീയ നേതാവാണ് ചന്ദ്രശേഖര്‍ ആസാദെന്നും അദ്ദേഹത്തിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മത സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം നിയന്ത്രിക്കുന്ന നിയമം ഏതാണെന്നും ജഡ്ജി പ്രോസിക്യുട്ടറോട് ചോദിച്ചു. ചന്ദ്രശേഖര്‍ ആസാദ് ആക്രമം നടത്തിയതന് തെളിവ് എവിടെ എന്ന് ചോദിച്ച കോടതി ചെറിയ കാര്യങ്ങളി്ല്‍ പോലും തെളിവ് ശേഖരിക്കുന്ന ഡല്‍ഹി പോലീസിന് ഇതിന് കഴിയാതെ പോയതെന്തെന്നും ചോദിച്ചു. കേസ് പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റി.

നേരത്തെ ആസാദിന് ചികില്‍സ നല്‍കാത്തതിന് കോടതി തീഹാര്‍ ജയില്‍ അധികൃതരെ വിമര്‍ശിച്ചിരുന്നു.



Next Story

Related Stories